ടി-20 ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാമനായി അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍. ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ എം ഐ കേപ്‌ടൗണിനായി കളിക്കുന്ന റാഷിദ് പാള്‍ റോയല്‍സ് താരം ദുനിത് വെല്ലാലെഗയെ പുറത്താക്കിയാണ് ടി20 ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാമനായത്.
631 വിക്കറ്റ് വീഴ്ത്തിയ വെസ്റ്റ് ഇന്‍ഡീസ് താരം ഡ്വയിന്‍ ബ്രാവോയെ പിന്നിലാക്കിയ റാഷിദ് 26-ാം വയസിലാണ് 632 വിക്കറ്റുമായി ഒന്നാം സ്ഥാനത്തെത്തിയത്.461 മത്സരങ്ങളില്‍ നിന്നാണ് റാഷിദ് 632 വിക്കറ്റ് വീഴ്ത്തിയത്. ബ്രാവോയെക്കാള്‍ 89 മത്സരങ്ങള്‍ കുറച്ചു കളിച്ചാണ് റാഷിദ് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. 2015 ഒക്ടോബറില്‍ പനിതാറാം വയസിലാണ് റാഷിദ് ടി20 ക്രിക്കറ്റില്‍ അരങ്ങേറിയത്.
റാഷിദ് നേടിയ 632 വിക്കറ്റുകളില്‍ 161 വിക്കറ്റുകള്‍ രാജ്യത്തിനായി നേടിയതാണ്. രാജ്യാന്തര ടി20 ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയില്‍ ടിം സൗത്തിക്ക് പിന്നില്‍ രണ്ടാമതാണ് നിലവില്‍ റാഷിദ് ഖാന്‍. 164 വിക്കറ്റുകളാണ് അടുത്തിടെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സൗത്തിയുടെ പേരിലുള്ളത്.
രാജ്യാന്തര ടി20 ക്രിക്കറ്റില്‍ അതിവേഗം 100 വിക്കറ്റ് തികച്ച താരവുമാണ് റാഷിദ്. 2021ല്‍ 53 മത്സരങ്ങളില്‍ നിന്നാണ് റാഷിദ് 100 വിക്കറ്റ് നേട്ടത്തിലെത്തിയത്. 6.49 ഇക്കോണമിയിലാണ് റാഷിദിന്‍റെ വിക്കറ്റ് വേട്ടയെന്നതും ശ്രദ്ധേയമാണ്. ടി20 ക്രിക്കറ്റില്‍ കുറഞ്ഞത് 250 വിക്കറ്റുകളെങ്കിലും വീഴ്ത്തിയ ബൗളര്‍മാരില്‍ സുനില്‍ നരെയ്ന്(6.12) മാത്രമാണ് ഇതിനെക്കാള്‍ മികച്ച ഇക്കോണമിയുള്ളത്.
17 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് റാഷിദിന്‍റെ കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം. 2017 മുതല്‍ 2024 വരെയുള്ള വര്‍ഷങ്ങളില്‍ എല്ലാവര്‍ഷവും കുറഞ്ഞത് 65 വിക്കറ്റുകളെങ്കിലും റാഷിദ് വീഴ്ത്തിയിട്ടുണ്ട്. 2020ല്‍ 60 മത്സരങ്ങളില്‍ 96 വിക്കറ്റ് വീഴ്ത്തിയതാണ് ഏറ്റവും മികച്ച പ്രകടനം. ടി20 ക്രിക്കറ്റില്‍ മറ്റൊരി ബൗളര്‍ക്കും രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ 60 വിക്കറ്റുകള്‍ക്ക് മുകളില്‍ സ്വന്തമാക്കാനായിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്