ജനുവരിയിലെ കൊടും തണുപ്പിൽ നിന്നും പകൽച്ചൂടിലെക്കെത്തിയ ഡൽഹിയിൽ അതിനേക്കാൾ വലിയ തെരഞ്ഞെടുപ്പു ചൂടിൽ തിളച്ചുമറിയുകയാണിപ്പോഴും. ദേശീയ സഖ്യങ്ങളെല്ലാം അപ്രസക്തമായ കാഴ്ചയാണ് അവിടെ കണ്ടത്. അതുകൊണ്ടുതന്നെ ആം ആദ്മിയും കോൺഗ്രസും ബി.ജെ.പിയും നേർക്കുനേരെയുള്ള തൃകോണ മത്സരമാണ് അരങ്ങേറിയത്.
ഇവിടെ തിരഞ്ഞെടുപ്പിൽ രാവിലെ ഏഴ് മണിമുതൽ പോളിങ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര ദൃശ്യമായിരുന്നു. ആകെ 13,766 പോളിങ് സ്റ്റേഷനുകളാണ്. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർഥികളാണ് മത്സരിച്ചത്. 1.55 കോടി വോട്ടർമാരാണ് ഡൽഹിയിലുള്ളത്. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണുന്നത്.
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഉൾപ്പെടയുള്ള പ്രധാന നേതാക്കൾ ഒക്കെത്തന്നെ ഡൽഹിയിൽ മത്സര രംഗത്തുണ്ടായിരുന്നു. ന്യൂഡൽഹി സീറ്റിൽ നിന്ന് മത്സരിക്കുന്ന അരവിന്ദ് കെജ്രിവാളിന്റെ എതിർ സ്ഥാനാർഥികൾ ബി.ജെ.പിയുടെ പർവേഷ് വർമയും കോൺഗ്രസിന്റെ സന്ദീപ് ദീക്ഷിതുമായിരുന്നു. ഏറ്റവും ശ്രദ്ധേയമായ മത്സരം നടന്ന കൽക്കാജി മണ്ഡലത്തിൽ മുഖ്യമന്ത്രി അതിഷി മർലേനയ്ക്കെതിരെ കോൺഗ്രസ് നേതാവ് അൽക്ക ലാംബയും ബി.ജെ.പിയുടെ രമേഷ് ബിധുരിയുമാണ് മത്സരിച്ചത്.
ആം ആദ്മി പാർട്ടിയുടെ മനീഷ് സിസോദിയ മത്സരിച്ച ജംഗ്പുര സീറ്റിൽ ബി.ജെ.പിയുടെ തർവീന്ദർ സിംഗ് മർവ, കോൺഗ്രസിന്റെ ഫർഹാദ് സൂരി എന്നിവരാണ് പ്രധാന എതിരാളികൾ.
ഇന്ത്യ മഹാരാജ്യത്തിന്റെ ഭരണം പിടിച്ചെടുത്തിട്ടും ഭരണസിരാകേന്ദ്രം പ്രവർത്തിക്കുന്ന ഡൽഹി കൈപ്പിടിയിൽ ഒതുക്കാൻ കഴിയാത്ത നിരാശയിൽ ആണ് ബി.ജെ.പി. അതുകൊണ്ടുതന്നെ ബി.ജെ.പിയെ സംബന്ധിച്ച് ഈ തെരഞ്ഞെടുപ്പ് വളരെയേറെ നിർണായകമാണ്. ഡൽഹിയിൽ മുളച്ച് വളർന്നു പന്തലിച്ച ആം ആദ്മി പാർട്ടിക്കാകട്ടെ ഇതൊരു അഭിമാന പ്രശ്നവും ആണ്. കോൺഗ്രസിനാകട്ടെ വേരുകൾ ക്ഷയിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിൽ നിന്നും കരുത്ത് ആർജിച്ച് പഴയ തട്ടകം വീണ്ടെടുക്കാനുള്ള ഊർജിതമായ ശ്രമത്തിലുമാണ്.
കഴിഞ്ഞ നിയമസഭയിൽ ഒരു സീറ്റ് പോലും കോൺഗ്രസിന് ഉണ്ടായിരുന്നില്ല. ബി.ജെ.പിക്കാവട്ടെ കേവലം 3 സീറ്റിൽ ഒതുങ്ങേണ്ടിയും വന്നു. എന്നാൽ ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏഴു സീറ്റും ബി.ജെ.പിയാണ് ജയിച്ചത്. ആ ആത്മവിശ്വാസമാണ് അവരെ പ്രചാരണത്തിൽ മുൻപന്തിയിൽ എത്താൻ ഇടയാക്കിയത്. ഇന്നേവരെ പാർലമെന്റിലേക്ക് അയക്കുന്ന പാർട്ടിയെ സംസ്ഥാനം ഭരിക്കാൻ അവസരം കൊടുക്കാത്ത ഇടമാണ് ഡൽഹി. 2014ലും 2019ലും മികച്ച വിജയം നേടിയ പാർട്ടി വിജയം സ്വപ്നം കാണുകയും ചെയ്യുന്നു.
2015ലും 2020ലും ആം ആദ്മി പാർട്ടി എഴുപതിൽ 60ലേറെ സീറ്റുകളുമായാണ് നിയമസഭ പിടിച്ചടക്കിയത്. എന്നാൽ ഇക്കുറി ആം ആദ്മി സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം വോട്ടാക്കാനാണ് ബി.ജെ.പിയും കോൺഗ്രസും കിണഞ്ഞു ശ്രമിച്ചത്.കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ആം ആദ്മി പാർട്ടിക്ക് ഏറെ അനുകൂല ഘടകങ്ങൾ ഇപ്പോഴും ഉണ്ട്. ലോക്സഭയിലെ വോട്ട് വിഹിതം മുന്നിലുള്ളതിനാൽ ബി.ജെ.പിയുടെ തിരിച്ചുവരവും പ്രതീക്ഷിക്കാവുന്നതാണ്. 1993നു ശേഷം ബി.ജെ.പി ഡൽഹി ഭരിച്ചിട്ടിട്ടില്ല. 1998 മുതൽ 2008 വരെ തുടർച്ചയായി ജയിച്ച കോൺഗ്രസ് കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിലും സംപൂജ്യർ ആയിരുന്നു. അക്കാരണത്താൽ തന്നെ അവർ ഈ തെരഞ്ഞെടുപ്പ് കോൺഗ്രസിനെ സംബന്ധിച്ച് നിലനിൽപ്പിനുള്ള പോരാട്ടമാണ്.
ഇന്ത്യ സഖ്യത്തെ കുറിച്ചുള്ള വിശ്വാസം നഷ്ടപ്പെടുന്ന തരത്തിലുള്ള ദുർവ്യാഖ്യാനങ്ങൾ പലതും ഉണ്ടായേക്കാം. ഇതറിഞ്ഞിട്ടും ഡൽഹിയിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം ഏറെ ചിന്തിച്ചതിനുശേഷം എടുത്തതാണ് എന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കൾ തന്നെ പറയുന്നത്. എല്ലാ അർത്ഥത്തിലും കോൺഗ്രസിനെ തളർത്തി വളർന്ന പാർട്ടിയാണ് കെജ്രിവാളിന്റെ ആം ആദ്മി. അങ്ങനെയുള്ള ഒരു പാർട്ടിയുടെ മുന്നിൽ സഖ്യ മര്യാദ നോക്കി നിന്നാൽ രാജ്യതലസ്ഥാനത്ത് കോൺഗ്രസിന് വിലാസം പോലും ഇല്ലാതാകും എന്ന് കോൺഗ്രസിന്റെ ഡൽഹി ഘടകം തീർത്തും പറഞ്ഞു.
ഒടുവിൽ ഹൈക്കമാന്റിന് ആ തീരുമാനത്തിൽ തന്നെ എത്തേണ്ടി വന്നു. എന്നാൽ കെജ്രിവാളിനുള്ള മറുപടി ഡൽഹിഘടകത്തെ കൊണ്ട് പറയിപ്പിക്കുന്നതിന് പകരം രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഏറ്റെടുത്തത് ശരിയായില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. അത് ഇന്ത്യ സഖ്യത്തിന്റെ കെട്ടുറപ്പിനെ തന്നെ ബാധിച്ചേക്കും. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടങ്ങളിൽ ഒന്നും തന്നെ ആം ആദ്മി പാർട്ടിയോ അതിന്റെ നേതാക്കളെയോ വിഷമിപ്പിക്കാതെ പ്രചാരണം നടത്തിയിരുന്ന പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി അവസാനഘട്ടം എത്തിപ്പോൾ കെജ്രിവാളിനെ മോദിയോട് ഉപമിച്ചതാണ് കടുത്ത വിമർശനത്തിന് ഇടയായി.
ആം ആദ്മി പാർട്ടി സാമൂഹിക മാധ്യമങ്ങളിൽ രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്തി പ്രചാരണം കൊഴിപ്പിച്ചപ്പോഴാണ് രാഹുൽ ഗാന്ധി കെജ്രിവാളിനെ വിമർശിച്ചു തുടങ്ങിയത് എന്നാണ് കോൺഗ്രസിന്റെ ന്യായവാദം. കോൺഗ്രസ് വോട്ട് പിടിക്കുന്നത് ഭീഷണി ആകുമെന്ന തിരിച്ചറിവിൽ നിന്നാണ് കെജ്രിവാൾ ബി.ജെ.പിയെ തോൽപ്പിക്കാൻ ആം ആദ്മിക്ക് വോട്ട് ചെയ്യണമെന്നും കോൺഗ്രസിന് അതിനുള്ള ശക്തി ഇല്ലെന്നും അതുകൊണ്ടുതന്നെ നിങ്ങളുടെ വോട്ട് പാഴാക്കരുത് എന്നും പരസ്യമായി പ്രസംഗിച്ചു തുടങ്ങി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കിട്ടിയിരുന്ന ന്യൂനപക്ഷ വോട്ടുകൾ കോൺഗ്രസ് തിരിച്ചുപിടിക്കുമോ എന്ന് ആം ആദ്മിക്ക് ഏറെ ആശങ്കയുണ്ട്. മഹാരാഷ്ട്രയിലും ഹരിയാനയിലും പരീക്ഷിച്ചു വിജയിച്ച തിരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് സംഘപരിവാർ ഡൽഹിയിലും പയറ്റുന്നതുതന്നെ..! ബി.ജെ.പിക്ക് പുറമേ താഴെത്തട്ടിൽ ആർ.എസ്.എസും പ്രചാരണത്തിൽ സജീവമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും കേന്ദ്രമന്ത്രി അമിത് ഷായുടെയും നേതൃത്വത്തിലായിരുന്നു ബി.ജെ.പിയുടെ രാഷ്ട്രീയ യോഗങ്ങൾ അത്രയും നടന്നത്.
ആം ആദ്മി സർക്കാർ നടത്തിയത് അത്രയും അഴിമതി ആണെന്നും അതെല്ലാം ഉയർത്തി കാണിക്കുകയും ചെയ്തുകൊണ്ടുള്ള പ്രചാരണം ആണ് ആദ്യം ബി.ജെ.പി നടത്തിയത്. പിന്നീട് അവരും സൗജന്യ വാഗ്ദാനങ്ങളുടെ പെരുമഴ തീർക്കാനാണ് ശ്രമിച്ചതത്രയും.ഇതുമാത്രമല്ല കേന്ദ്ര ബജറ്റിനെയും ശമ്പള കമ്മീഷൻ പ്രഖ്യാപനത്തെയും ബി.ജെ.പി വോട്ടിനുവേണ്ടി ഉപയോഗപ്പെടുത്തി. ബജറ്റിൽ ഡൽഹിയെ സംബന്ധിച്ച പ്രഖ്യാപനങ്ങൾ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിരുന്നുവെങ്കിലും 12 ലക്ഷം വരെ വരുമാനമുള്ളവർക്ക് ആദായനികുതി ഒഴിവാക്കി.
ബജറ്റ് തീരുമാനങ്ങൾ മദ്യവർഗ വോട്ടർമാരെ സ്വാധീനിക്കുകതന്നെ ചെയ്യുമെന്നാണ് ബി.ജെ.പിയുടെ വിശ്വാസം. ഡൽഹിക്കുള്ള നരേന്ദ്രമോദി സർക്കാരിന്റെ സമ്മാനം എന്ന് പത്ര പരസ്യവും ബജറ്റിന് പിറ്റേന്ന് മുതൽ ബി.ജെ.പി കൊടുത്തു തുടങ്ങി. ഡൽഹിയിൽ സർക്കാർ ഉദ്യോഗസ്ഥർ ഒട്ടേറെ ഉള്ളതിനാൽ ഡൽഹിയിൽ ശമ്പള കമ്മീഷൻ പ്രഖ്യാപനവും ഗുണം ചെയ്യും എന്നാണ് ബി.ജെ.പി കരുതുന്നത്. ഇത് തികച്ചും തിരഞ്ഞെടുപ്പ് മാതൃക പെരുമാറ്റ ചട്ടലംഘനം ആണെന്ന ശക്തമായ വിമർശനവും ഉയർന്നിട്ടുണ്ട്.
എന്നാൽ ഡൽഹിയെ സംബന്ധിച്ച് ഏറ്റവും നീറുന്ന പ്രശ്നം വായു മലിനീകരണം തന്നെയാണ്. ആ വിഷയം ഒരു ചർച്ചപോലും ഒരു പാർട്ടിയും നടത്തിയതുമില്ല എന്നതാണ് അതിശയം!
എമ എൽസ എൽവിൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്