ഐ.പി.എല്ലിൽ ഓറഞ്ച് ക്യാപ്പിന് പുതിയ അവകാശി. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ 26 പന്തിൽ 78 റൺസടിച്ച രാജസ്ഥാൻ റോയൽസിന്റെ 15കാരൻ വൈഭവ് സൂര്യവംശിയാണ് നാലു മത്സരങ്ങളിൽ 200 റൺസുമായി ഐപിഎല്ലിലെ റൺവേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ മുന്നിലെത്തിയത്. സഹതാരം യശസ്വി ജയ്‌സ്വാളിനെ(183) രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് വൈഭവിന്റെ തേരോട്ടം.
നാലു മത്സരങ്ങളിൽ നിന്നായി 18 വീതം ഫോറും സിക്‌സും പറത്തിയ വൈഭവ് 50 റൺസ് ശരാശരിയും 266.67 എന്ന മാരകപ്രഹരശേഷിയും നിലനിർത്തുന്നു. ആർ.സി.ബിക്കെതിരെ 15 പന്തിൽ അർധസെഞ്ചുറി തികച്ച വൈഭവ് സീസണിലെ രണ്ടാം അർധസെഞ്ചുറിയാണ് നേടിയത്. നേരത്തെ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെയും വൈഭവ് 15 പന്തിൽ അർധസെഞ്ചുറി കുറിച്ചിരുന്നു. 43 പന്തിൽ 81 റൺസുമായി പുറത്താകാതെ നിന്ന് ആർ.സി.ബിക്കെതിരെ രാജസ്ഥാനെ വിജയവര കടത്തിയ ധ്രുവ് ജുറെലാണ് 176 റൺസുമായി റൺവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തുള്ളത്.
ഇതോടെ ഐപിഎൽ റൺവേട്ടയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളും രാജസ്ഥാൻ റോയൽസ് താരങ്ങൾ സ്വന്തമാക്കി. ഡൽഹി ക്യാപിറ്റൽസ് താരം സമീർ റിസ്‌വി(160), കൊൽക്കത്തയുടെ അംഗ്രിഷ് രഘുവംശി(155) എന്നിവരാണ് റൺവേട്ടക്കാരിലെ ആദ്യ അഞ്ചിലുള്ളത്. ഹെന്റിച്ച് ക്ലാസൻ(145), രജത് പാട്ടീദാർ(142), വിരാട് കോലി(129), ദേവ്ദത്ത് പടിക്കൽ(129), അജിങ്ക്യാ രഹാനെ(124) എന്നിവരാണ് ആദ്യ പത്തിലുള്ള താരങ്ങൾ.
ആർ.സി.ബിക്കെതിരെ രണ്ട് വിക്കറ്റ് വീഴ്ത്തി രാജസ്ഥാന്റെ രവി ബിഷ്‌ണോയ് ആണ് വിക്കറ്റ് വേട്ടക്കാരനുള്ള പർപ്പിൾ ക്യാപ് സ്വന്തമാക്കിയത്. നാലു മത്സരങ്ങളിൽ 9 വിക്കറ്റുമായാണ് ബിഷ്‌ണോയ് ഒന്നാം സ്ഥാനത്തെത്തിയത്. ഗുജറാത്തിന്റെ പ്രസിദ്ധ് കൃഷ്ണ(6), റാഷിദ് ഖാൻ(5), ഡൽഹിയുടെ ലുങ്കി എംഗിഡി(5), രാജസ്ഥാന്റെ ജോഫ്ര ആർച്ചർ(5) എന്നിവരാണ് വിക്കറ്റ് വേട്ടക്കാരിൽ ആദ്യ അഞ്ചിലുള്ളത്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
