ഇന്ത്യയിൽ നടക്കാനിരിക്കുന്ന 2026ലെ ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് പിന്മാറിയ സാഹചര്യത്തിൽ, ബംഗ്ലാദേശിന് പിന്തുണയുമായി പാകിസ്ഥാനും ലോകകപ്പ് ബഹിഷ്‌കരിക്കണമെന്ന് മുൻ പാക് നായകൻ റാഷിദ് ലത്തീഫ്.
ഐ.സി.സിയുടെ നിലവിലെ പ്രവർത്തനരീതിയെ ചോദ്യം ചെയ്യാനുള്ള വലിയ അവസരമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 'ഇന്ത്യപാകിസ്ഥാൻ മത്സരം നടന്നില്ലെങ്കിൽ ലോകകപ്പിന്റെ 50 ശതമാനം മൂല്യവും നഷ്ടപ്പെടും. ലോകകപ്പ് തന്നെ സ്തംഭിപ്പിക്കാൻ പാകിസ്ഥാന് സാധിക്കും' എന്ന് ലത്തീഫ് പറഞ്ഞു. നിലവിലെ ക്രിക്കറ്റ് ക്രമത്തെ വെല്ലുവിളിക്കാൻ ഇതിലും നല്ലൊരു അവസരം പാകിസ്ഥാന് ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗ്ലാദേശിന്റെ സുരക്ഷാ ആശങ്കകൾ ന്യായമാണെന്ന് അദ്ദേഹം പറഞ്ഞു. 'ഐ.സി.സി എങ്ങനെയാണ് ഇന്ത്യയിൽ ഒരു അപകടവുമില്ലെന്ന് ഉറപ്പുനൽകുന്നത്? ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളിൽ പോലും അത്തരമൊരു ഉറപ്പ് നൽകാൻ ആർക്കും സാധിക്കില്ല' എന്ന് അദ്ദേഹം ഐ.സി.സിയെ വിമർശിച്ചു. ലോകകപ്പ് ബഹിഷ്‌കരിച്ചാൽ പാകിസ്ഥാനെതിരെ ഭാവിയിൽ ഐ.സി.സി നടപടികൾ എടുത്തേക്കാം. എന്നാൽ വെറും വാക്കുകൾ കൊണ്ട് കാര്യമില്ലെന്നും ആരെയാണ് പിന്തുണയ്ക്കുന്നത് എന്ന് കാണിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. ബി.സി.സി.ഐയുടെയും ഐ.സി.സിയുടെയും തീരുമാനങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. അമിത് ഷാ മുതൽ ജയ് ഷാ വരെ ഇതിൽ പങ്കാളികളാണെന്നും അദ്ദേഹം ആരോപിച്ചു.
ഐ.സി.സി നൽകിയ 24 മണിക്കൂർ സമയപരിധിക്കുള്ളിൽ മറുപടി നൽകാത്തതിനെത്തുടർന്ന് ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് നീക്കം ചെയ്തു. പകരം സ്‌കോട്ട്‌ലൻഡിനെ ഉൾപ്പെടുത്താൻ ഐ.സി.സി തീരുമാനിച്ചിട്ടുണ്ട്. ബംഗ്ലാദേശിന്റെ ആവശ്യങ്ങളെ ഐ.സി.സി യോഗത്തിൽ പിന്തുണച്ച ഏക രാജ്യം പാകിസ്ഥാനാണ്. എന്നാൽ ലോകകപ്പ് ബഹിഷ്‌കരിക്കുന്ന കാര്യത്തിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇതുവരെ ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ല.
പാകിസ്ഥാന്റെ മത്സരങ്ങളെല്ലാം ഇന്ത്യയ്ക്ക് പുറത്ത് ശ്രീലങ്കയിലാണ് ക്രമീകരിച്ചിരിക്കുന്നത്. എന്നാലും ബംഗ്ലാദേശിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് പിന്മാറണമെന്ന സമ്മർദ്ദം പാകിസ്ഥാനിൽ ശക്തമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
