പാകിസ്ഥാൻ ക്രിക്കറ്റിന് വീണ്ടും നാണക്കേടിന്റെ ദിനം. ചരിത്രത്തിലാദ്യമായി പാകിസ്ഥാൻ ബംഗ്ലാദേശിൽ ടെസ്റ്റ് മത്സരം തോറ്റു. ധാക്കയിലെ ഷേർഇബംഗ്ല സ്റ്റേഡിയത്തിൽ ഒന്നാം ടെസ്റ്റിൽ പാകിസ്ഥാനെ 104 റൺസിന് തകർത്താണ് ബംഗ്ലാദേശ് ചരിത്രവിജയം കുറിച്ചത്.
അവസാന ദിനം രണ്ടാം ഇന്നിംഗ്‌സിൽ 268 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ പാകിസ്ഥാൻ 163 റൺസിന് പുറത്തായി. ബംഗ്ലാദേശിൽ പാകിസ്ഥാൻ വഴങ്ങുന്ന ആദ്യ ടെസ്റ്റ് തോൽവിയാണിത്. ജയത്തോടെ രണ്ട് മത്സര പരമ്പരയിൽ ബംഗ്ലാദേശ് 1-0ന് മുന്നിലെത്തി.
2024 വരെ പാകിസ്ഥാനെതിരെ ഒരു ടെസ്റ്റ് ജയം പോലുമില്ലാതിരുന്ന ബംഗ്ലാദേശ് പാകിസ്ഥാനിൽ നടന്ന പരമ്പരയിൽ 2-0ന് ജയിച്ചിരുന്നു. പാകിസ്ഥാനെതിരെ ബംഗ്ലാദേശിന്റെ തുടർച്ചയായ മൂന്നാം ടെസ്റ്റ് ജയമാണിത്.
നേരത്തെ ആദ്യ ഇന്നിംഗ്‌സിൽ ബംഗ്ലാദേശ് 413 റൺസെടുത്തപ്പോൾ പാകിസ്ഥാൻ 386 റൺസെടുത്ത് 27 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയിരുന്നു. ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്‌സിൽ 9 വിക്കറ്റ് നഷ്ടത്തിൽ 240 റൺസെടുത്ത് ഡിക്ലയർ ചെയ്തപ്പോൾ പാകിസ്ഥാൻ രണ്ടാം ഇന്നിംഗ്‌സിൽ 163 റൺസിന് പുറത്തായി.
അവസാന സെഷനിൽ ഏഴ് വിക്കറ്റ് കൈയിലിരിക്കെ 152 റൺസായിരുന്നു പാകിസ്ഥാന് ജയിക്കാൻ വേണ്ടിയിരുന്നത്. ഒരു ഘട്ടത്തിൽ അബ്ദുള്ള ഫസലും (66) മുഹമ്മദ് റിസ്‌വാനും(15) ചേർന്ന് ടീമിനെ സമനിലയിലേക്ക് നയിക്കുമെന്ന് തോന്നിച്ചെങ്കിലും യുവ പേസർ നഹീദ് റാണ റിസ്‌വാനെയും സൗദ് ഷക്കീലിനെയും(15) പുറത്താക്കിയതോടെ പാക് പതനം പൂർത്തിയായി.
26 റൺസെടുത്ത സൽമാൻ ആഗയും 15 റൺസെടുത്ത ഓപ്പണർ അസാൻ അവൈസുമാണ് പാക് നിരയിൽ രണ്ടക്കം കടന്ന മറ്റ് താരങ്ങൾ. ടസ്‌കിൻ അഹമ്മദ് തുടക്കത്തിൽ തന്നെ ഇമാം ഉൾ ഹഖിനെ (2) പുറത്താക്കി ബംഗ്ലാദേശിന് മുൻതൂക്കം നൽകിയിരുന്നു.
മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ അഞ്ചാം ദിനം ബംഗ്ലാദേശിന്റെ സ്‌പോർട്ടിംഗ് ഡിക്ലറേഷനാണ് വിജയത്തിന് അടിത്തറയിട്ടത്. മൂന്നും നാലും ദിവസങ്ങളിൽ മഴ വില്ലനായതോടെ മത്സരം സമനിലയാകുമെന്ന് കരുതിയെങ്കിലും അവസാന ദിനം ക്യാ്ര്രപൻ നജ്മുൽ ഹുസൈൻ ഷാന്റോ (87) അക്രമിച്ചു കളിച്ച് പാകിസ്ഥാൻ ബൗളർമാരെ സമ്മർദ്ദത്തിലാക്കി.
രണ്ടാം ഇന്നിംഗ്‌സിൽ 240/9 എന്ന നിലയിൽ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്ത ബംഗ്ലാദേശ് പാകിസ്ഥാന് 268 റൺസ് വിജയലക്ഷ്യം മുന്നോട്ടുവെക്കുകായായിരുന്നു. ബംഗ്ലാദേശിനുവേണ്ടി നാഹിദ് റാണ 40 റൺസിന് 5 വിക്കറ്റെടുത്തപ്പോൾ ടസ്‌കിൻ അഹമ്മദും തൈജുൾ ഇസ്ലാമും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ചരിത്രവിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ബംഗ്ലാദേശ് 12 പോയിന്റുകൾ സ്വന്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
