റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പ് പാകിസ്ഥാൻ എ ടീമിന്. ബംഗ്ലാദേശ് എയെ സൂപ്പർ ഓവറിൽ മറികടന്നാണ് പാകിസ്ഥാൻ കിരീടം നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാൻ നിശ്ചിത ഓവറിൽ 125ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ റിപ്പോൺ മണ്ഡൽ, രണ്ട് പേരെ പുറത്താക്കിയ റാകിബുൾ ഹസൻ എന്നിവരാണ് പാകിസ്ഥാനെ തകർത്തത്. മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ ഇത്രയും തന്നെ റൺസെടുക്കാനാണ് സാധിച്ചത്. പാകിസ്ഥാന് വേണ്ടി സുഫിയാൻ മുഖീം മൂന്ന് വിക്കറ്റ് വീഴ്ത്തി. തുടർന്ന് സൂപ്പർ ഓവറിൽ ബംഗ്ലാദേശ് ആറ് റൺസ് നേടി. നാലാം പന്തിൽ പാകിസ്ഥാൻ ലക്ഷ്യം മറികടന്നു. മൂന്നാം തവണയാണ് പാകിസ്ഥാൻ കിരീടം നേടുന്നത്.
പാകിസ്ഥാനെതിരെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് ഒരു ഘട്ടത്തിൽ തോൽവി ഉറപ്പിച്ചിരുന്നു. 18 ഓവർ പൂർത്തിയാവുമ്പോൾ ഒമ്പതിന് 99 എന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. പിന്നീട് അവസാന 12 പന്തുകളിൽ വേണ്ടിയിരുന്നത് 27 റൺസ്. എന്നാൽ 19-ാം ഓവറിൽ പാക് താരം ഷാഹിദ് അസീസിനെതിരെ 20 റൺസാണ് മണ്ഡൽ - അബ്ദുൾ ഗഫാർ സഖ്യം നേടിയത്. ആ ഓവറിൽ മൂന്ന് സിക്‌സുകളും ഉണ്ടായിരുന്നു. പിന്നീട് അവസാന ആറ് പന്തുകളിൽ വേണ്ടത് ഏഴ് റൺസ്. ആദ്യ മൂന്ന് പന്തിൽ തന്നെ നാല് റൺസ്. അവസാന മൂന്ന് പന്തിൽ ജയിക്കാൻ വേണ്ടത് മൂന്ന് റൺസ് മാത്രം. നാലാം പന്തിൽ റൺസ് നേടാൻ മണ്ഡലിന് സാധിച്ചില്ല. അഞ്ചാം പന്തിൽ ഒരു റൺ. അവസാന പന്തിൽ ജയിക്കാൻ രണ്ട് റൺസ്. എന്നാൽ അഹമ്മദ് ഡാനിയലിന്റെ പന്തിൽ ഒരു റൺസെടുക്കാൻ മാത്രമാണ് സാധിച്ചത്. ഇതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീളുകയായിരുന്നു.
സൂപ്പർ ഓവറിൽ ആദ്യ മൂന്ന് പന്തിനിടെ തന്നെ രണ്ട് ബംഗ്ലാദേശ് താരങ്ങളും പുറത്തായി. എക്‌സ്ട്രായായി ലഭിച്ച അഞ്ച് റൺസാണ് ബംഗ്ലാദേശിന്റെ സ്‌കോർ ഏഴാക്കി ഉയർത്തിയത്. മറുപടി ബാറ്റിംഗിൽ പാകിസ്ഥാന് അനായാസ ജയം. നേരത്തെ മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശിന് വേണ്ടി ഹബീബുർ റഹ്മാൻ (26), റാക്കിബുൾ ഹസൻ (24), എസ്.എം. മെഹറൂബ് (19), ഗഫാർ (16), മണ്ഡൽ (11) എന്നിവർ മാത്രമാണ് രണ്ടക്കം കണ്ടത്. പാകിസ്ഥാന് വേണ്ടി സുഫിയാനെ കൂടാതെ അറാഫത്ത്, അഹമ്മദ് ഡാനിയേൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, പാകിസ്ഥാന് വേണ്ടി സാദ് മസൂദ് (38), അറാഫത്ത് മിൻഹാസ് (25), മാസ് സദാഖത് (23) എന്നിവർ മാത്രമാണ് തിളങ്ങിയത്. മറ്റാർക്കും രണ്ടക്കം കാണാൻ പോലും സാധിച്ചിരുന്നില്ല. അഹമ്മദ് ഡാനിയേലാണ് മത്സരത്തിലെ താരം. പരമ്പരയിലെ താരമായി മാസ് സദാഖത് തെരഞ്ഞെടുക്കപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
