ഇന്ത്യയും ഇംഗ്‌ളണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരവും അഞ്ചാം ദിവസത്തിലേക്ക് നീങ്ങുന്നു. ഓവലിൽ അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിൽ 374 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്‌ളണ്ട് നാലാംദിവസം വെളിച്ചക്കുറവ്മൂലം കളി നേരത്തേ അവസാനിപ്പിച്ചപ്പോൾ 339/6 എന്ന നിലയിലാണ്.
സെഞ്ച്വറി നേടി പുറത്തായ ഹാരി ബ്രൂക്കും (111) ജോ റൂട്ടും (105 ) ചേർന്നാണ് ഇംഗ്‌ളണ്ടിനായി പൊരുതിയത്. ഇനി 35 റൺസ് കൂടിയാണ് ഇംഗ്‌ളണ്ടിന് വേണ്ടത്. പരിക്കേറ്റ് ആദ്യ ഇന്നിംഗ്‌സിൽ ബാറ്റിംഗിന് ഇറങ്ങാതിരുന്ന ക്രിസ് വോക്‌സ് രണ്ടാം ഇന്നിംഗ്‌സിലും ഇറങ്ങിയില്ലെങ്കിൽ മൂന്ന് വിക്കറ്റുകൾ കൂടി വീഴ്ത്തിയാൽ ഇന്ത്യയ്ക്ക് ജയിക്കാം. വോക്‌സ് ഇറങ്ങിയാൽ നാലുവിക്കറ്റ് വീഴ്ത്തണം.
50/1 എന്ന നിലയിൽ ഇന്നലെ ബാറ്റിംഗ് പുനരാരംഭിക്കാനെത്തമ്പോൾ ഇംഗ്‌ളണ്ടിന് ജയിക്കാൻ വേണ്ടിയിരുന്നത് 324 റൺസായിരുന്നു. തലേന്ന് 34 റൺസുമായി നിന്ന ബെൻ ഡക്കറ്റും പുതിയ ബാറ്റർ ഒല്ലീ പോപ്പുമാണ് രാവിലെ ക്രീസിലേക്കെത്തിയത്. ഡക്കറ്റ് അർദ്ധസെഞ്ച്വറി തികച്ചതിന് പിന്നാലെ പ്രസിദ്ധ് കൃഷ്ണ കെ.എൽ രാഹുലിന്റെ കയ്യിലെത്തിച്ചു. ഇതോടെയാണ് റൂട്ട് ക്രീസിലേക്ക് എത്തിയത്. നായകൻ ഒല്ലീ പോപ്പും റൂട്ടും ചേർന്ന് 100 കടത്തി.
106ലെത്തിയപ്പോൾ പോപ്പിനെ സിറാജ് എൽ.ബിയിൽ കുരുക്കി തിരിച്ചയച്ചു. പകരമെത്തിയ ഹാരി ബ്രൂക്കിന് പ്രസിദ്ധിന്റെ ബൗളിംഗിൽ കിട്ടിയ ലൈഫ് മത്സരത്തിലെ വഴിത്തിരിവായി. 164/3 എന്ന സ്‌കോറിനാണ് ഇംഗ്‌ളണ്ട് ലഞ്ചിന് പിരിഞ്ഞത്. ലഞ്ചിന് ശേഷം റൂട്ടും ബ്രൂക്കും ചേർന്ന് തകർത്തടിച്ചതോടെ ഇന്ത്യൻ പ്രതീക്ഷകൾ പൊലിയാൻ തുടങ്ങി. ഇന്ത്യൻ ബൗളർമാർക്ക്‌മേൽ ആധിപത്യം സ്ഥാപിച്ച റൂട്ടും ബ്രൂക്കും കളി നിയന്ത്രണത്തിലാക്കി. ചായസമയത്തിന് മുമ്പ് ബ്രൂക്ക് സെഞ്ച്വറിയിലെത്തി.
ഇംഗ്‌ളണ്ട് 301ലെത്തിയപ്പോഴാണ് ഇന്ത്യയ്ക്ക് കൂട്ടുകെട്ട് പൊളിക്കാനായത്. 111 റൺസിൽ വച്ച് ബ്രൂക്കിനെ ആകാശ്ദീപിന്റെ പന്തിൽ സിറാജ് തന്നെ പിടികൂടി. 317/4ലെത്തിയപ്പോൾ ചായയ്ക്ക് പിരിഞ്ഞു. ചായയ്ക്ക് ശേഷം അൽപ്പനേരം മഴ വൈകിപ്പിച്ചെങ്കിലും കളി തുടർന്നു. റൂട്ട് സെഞ്ച്വറി തികച്ചു. 332ലെത്തിയപ്പോൾ ജേക്കബ് ബഥേലും(5) പുറത്തായി. 337ൽ വച്ച് റൂട്ട് പുറത്തായത്. പരമ്പരയിലെ മൂന്നാം സെഞ്ച്വറി നേടിയ റൂട്ടിനെ പ്രസിദ്ധ്കൃഷ്ണ കീപ്പർ ധ്രുവ് ജറേലിന്റെ കയ്യിലെത്തിക്കുകയായിരുന്നു. രണ്ട് റൺസ് കൂടിനേടിയപ്പോൾ കളി വെളിച്ചക്കുറവ് മൂലം നിറുത്തി. ജാമീ സ്മിത്തും(2*) ജാമീ ഓവർടണുമാണ് (0*) ക്രീസിൽ.
ക്യാച്ചെടുത്ത് ബൗണ്ടറികടന്നു, ഹൃദയം തകർത്ത് സിറാജിന്റെ അബദ്ധം
ഇന്നലെ രാവിലത്തെ സെഷനിൽതന്നെ രണ്ട് ഇംഗ്‌ളണ്ട് വിക്കറ്റുകൾ വീഴ്ത്തി മേൽക്കൈ നേടിയ ഇന്ത്യയ്ക്ക് കനത്ത ആഘാതമായത് ഹാരി ബ്രൂക്ക് നൽകിയ ക്യാച്ച് പിടിച്ചശേഷം മുഹമ്മദ് സിറാജ് ബൗണ്ടറി ലൈൻ കടന്നതാണ്. ബ്രൂക്ക് 19 റൺസിൽ നിൽക്കമ്പോഴായിരുന്നു ഇത്. പ്രസിദ്ധ് കൃഷ്ണയെ ഫൈൻ ലെഗ്ഗിലേക്ക് ഉയർത്തിയടിച്ച ബ്രൂക്കിനെ സിറാജ് ബൗണ്ടറി ലൈനിനരികിൽ വച്ച് ക്യാച്ചെടുത്തതാണ്.
എന്നാൽ അറിയാതെ ബൗണ്ടറി ലൈനിന് അപ്പുറത്തേക്ക് പോയി. ഇതോടെ വിക്കറ്റ് ആഘോഷിക്കാൻ ഒരുങ്ങിയ പ്രസിദ്ധ് ഉൾപ്പടെയുള്ള ഇന്ത്യൻ ടീമും ആരാധകരും സ്തബ്ധരായി. പിന്നീട് ബ്രൂക്ക് കത്തിക്കയറിയതോടെ ഇന്ത്യ ബാക്ഫുട്ടിലായി. ഒടുവിൽ ബ്രൂക്കിന്റെ ക്യാച്ച് സിറാജ് തന്നെയെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്