ചെന്നൈ: വിരമിക്കല്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സൂപ്പര്‍ താരം എംഎസ് ധോണി. ഉടനെ താന്‍ വിരമിക്കുന്നില്ലെന്നും 44 വയസ്സുള്ളപ്പോഴും കളിക്കാന്‍ കഴിയുമോ എന്ന് കാണാന്‍ തന്റെ ശരീരത്തിന് 8 മാസം കൂടി നല്‍കുമെന്നും ധോണി പറഞ്ഞു. രാജ് ഷമാനിയുമായുള്ള പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു 43 കാരനായ താരം.
'ഇല്ല, ഇപ്പോഴല്ല. ഞാന്‍ ഇപ്പോഴും ഐപിഎല്‍ കളിക്കുന്നുണ്ട്. ഞാന്‍ കാര്യങ്ങള്‍ വളരെ ലളിതമായി ചെയ്തിട്ടുണ്ട്, ഞാന്‍ ഓരോ വര്‍ഷവും ഓരോന്നായാണ് എടുക്കുന്നത്. ഇപ്പോള്‍ എനിക്ക് 43 വയസ്സ് ആണ്. ഐപിഎല്‍ 2025 അവസാനിക്കുമ്പോഴേക്കും എനിക്ക് 44 വയസ്സ് ആകും, അതിനാല്‍ അതിനുശേഷം ഞാന്‍ കളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ എനിക്ക് 10 മാസമുണ്ട്. പക്ഷേ തീരുമാനിക്കുന്നത് ഞാനല്ല, എന്റെ ശരീരമാണ് തീരുമാനിക്കുന്നത്. അതിനാല്‍ അപ്പോള്‍ നമുക്ക് കാണാം,' എംഎസ് ധോണി പോഡ്കാസ്റ്റില്‍ പറഞ്ഞു.
ഏപ്രില്‍ 5 ശനിയാഴ്ച ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ധോണിയുടെ മാതാപിതാക്കള്‍ ആദ്യമായി അദ്ദേഹത്തിന്റെ ഐപിഎല്‍ മല്‍സരം കാണാനെത്തിയപ്പോള്‍ ധോണി തന്റെ ലീഗ് കരിയര്‍ അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതിന് പിന്നാലെ ധോണിയുടെ ഭാര്യ സാക്ഷിയും മകള്‍ സിവയും തമ്മില്‍ സംസാരിക്കുന്ന ഒരു വീഡിയോയും ഈ അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നു. വീഡിയോയില്‍ സാക്ഷി മകള്‍ സിവയോട് 'അവസാന മത്സരം' എന്ന് പറഞ്ഞിരുന്നു.
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ചെന്നൈ മത്സരത്തിന് ശേഷം, സിഎസ്‌കെ ഹെഡ് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗിനോട് മാധ്യമങ്ങള്‍ ഇതേ ചോദ്യം ചോദിച്ചിരുന്നു. വിരമിക്കലിനെക്കുറിച്ച് ധോണിയുമായി താന്‍ ഇപ്പോള്‍ സംസാരിക്കാറില്ലെന്ന് ഫ്‌ളെമിംഗ് പറഞ്ഞു.
'എനിക്കറിയില്ല. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ എനിക്ക് ഇപ്പോഴും സന്തോഷമുണ്ട്. അദ്ദേഹം ഇപ്പോഴും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ഇപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ ഭാവി പദ്ധതിയെക്കുറിച്ച് ചോദിക്കാറില്ല,' മത്സരത്തിന് ശേഷം ഫ്‌ളെമിംഗ് പറഞ്ഞു.
2025 ലെ ഐപിഎല്ലിന് മുന്നോടിയായി, സാഹചര്യങ്ങള്‍ അനുവദിക്കുന്നിടത്തോളം കാലം ക്രിക്കറ്റ് ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ധോണി ഒരു പരിപാടിയില്‍ പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്