ഐ.സി.സി ടി20 ലോകകപ്പ് ഫൈനലിൽ കടന്ന് ന്യൂസിലാണ്ട്. ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകപക്ഷീയമായ വിജയം നേടിയാണ് ന്യൂസിലാണ്ട് ഫൈനലിലേക്ക് സ്ഥാനം ഉറപ്പിച്ചത്ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 169/8 എന്ന സ്‌കോർ നേടിയപ്പോൾ 12.5 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലാണ്ടിന്റെ വിജയം.
ഫിൻ അല്ലൻ 33 പന്തിൽ നിന്ന് 100 റൺസുമായി പുറത്താകാതെ നിന്നാണ് ന്യൂസിലാണ്ടിന്റെ മിന്നും വിജയം സാധ്യമാക്കിയത്. ഫിൻ അല്ലനും ടിം സീഫെർട്ടും ഒപ്പത്തിനൊപ്പം ബാറ്റ് വീശിയപ്പോൾ പവർപ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ 84 റൺസാണ് നേടിയത്. സീഫെർട്ട് 28 പന്തിൽ നിന്ന് തന്റെ ഫിഫ്റ്റി നേടിയപ്പോൾ 19 പന്തിൽ നിന്നാണ് ഫിൻ അല്ലൻ നേടിയത്.
55 പന്തിൽ നിന്ന് 117 റൺസാണ് ന്യൂസിലാണ്ടിന്റെ ഓപ്പണിംഗ് വിക്കറ്റ് നേടിയത്. 33 പന്തിൽ 58 റൺസ് നേടിയ ടിം സീഫെർടിനെയാണ് ന്യൂസിലാണ്ടിന് ആദ്യം നഷ്ടപ്പെട്ടത്. സീഫെർട് പുറത്തായ ശേഷം രച്ചിൻ രവീന്ദ്രയുമായി ചേർന്ന് 22 പന്തിൽ നിന്ന് 56 റൺസാണ് ഫിൻ അല്ലൻ നേടിയത്. കൂട്ടുകെട്ടിൽ 42 റൺസ് 11 പന്തിൽ നിന്ന് നേടി അല്ലൻ ഉഗ്രരൂപം കാഴ്ചവെച്ചു.
33 പന്തിൽ നിന്ന് തന്റെ ശതകം പൂർത്തിയാക്കിയ ഫിൻ അല്ലൻ പത്ത് ഫോറും 8 സിക്‌സുമാണ് നേടിയത്. 169 റൺസ് നേടി ദക്ഷിണാഫ്രിക്ക. ഇന്ന് ഒരു ഘട്ടത്തിൽ 77/5 എന്ന നിലയിൽ നിന്ന് 169 റൺസിലേക്ക് ദക്ഷിണാഫ്രിക്കയെ എത്തിച്ചത് മാർക്കോ ജാൻസനും ട്രിസ്റ്റൻ സ്റ്റബ്‌സും ചേർന്നാണ്. 47 പന്തിൽ നിന്ന് 73 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. ജാൻസൻ 30 പന്തിൽ പുറത്താകാതെ 55 റൺസ് നേടി.
ഒരേ ഓവറിൽ ക്വിന്റൺ ഡി കോക്കിനെയും റയാൻ റിക്കൽട്ടണിനെയും പുറത്താക്കി കോൾ മക്കോംഗി ദക്ഷിണാഫ്രിക്കയ്ക്ക് ഇരട്ട പ്രഹരം ഏല്പിച്ചപ്പോൾ സ്‌കോർ ബോർഡിൽ 12 റൺസ് മാത്രമാണ് പിറന്നത്. പവർപ്ലേ അവസാനിക്കുമ്പോൾ 48 റൺസാണ് ദക്ഷിണാഫ്രിക്ക നേടിയത്.പവർപ്ലേ അവസാനിച്ച് അധികം വൈകാതെ എയ്ഡൻ മാർക്രത്തെ പുറത്താക്കി രച്ചിൻ രവീന്ദ്ര മൂന്നാം വിക്കറ്റിലെ 43 റൺസ് കൂട്ടുകെട്ട് അവസാനിപ്പിച്ചു.
ഡേവിഡ് മില്ലറെ പത്താം ഓവറിൽ പുറത്താക്കി രച്ചിൻ രവീന്ദ്ര വീണ്ടും ന്യൂസിലാണ്ടിന് ബ്രേക്ക്ത്രൂ നൽകി. പത്തോവർ പിന്നിടുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 77 റൺസാണ് ദക്ഷിണാഫ്രിക്ക നേടിയത്. 27 പന്തിൽ 34 റൺസ് നേടിയ ഡെവാൾഡഡ് ബ്രെവിസിനെ ജെയിംസ് നീഷം പുറത്താക്കിയപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് 5-ാം വിക്കറ്റ് നഷ്ടമായി.
മാർക്കോ ജാൻസൻ ക്രീസിലെത്തിയ ശേഷമാണ് ദക്ഷിണാഫ്രിക്കയുടെ സ്‌കോറിംഗ് വേഗത്തിലാകുന്നത് കണ്ടത്. ട്രിസ്റ്റൻ സ്റ്റബ്‌സ് കരുതലോടെ ബാറ്റ് വീശിയപ്പോൾ പ്രധാന സ്‌കോറിംഗ് ദൗത്യം ഏറ്റെടുത്തത് ജാൻസൻ ആയിരുന്നു. ആറാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 47പന്തിൽ നിന്ന് 73 റൺസാണ് നേടിയത്.
സ്റ്റബ്‌സ് 29 റൺസ് നേടി പുറത്തായ ശേഷം രണ്ട് വിക്കറ്റ് കൂടി ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമാക്കി. കോൾ മക്കോംഗി, രച്ചിൻ രവീന്ദ്ര, മാറ്റ് ഹെന്റി എന്നിവർ ന്യൂസിലാണ്ടിന് വേണ്ടി രണ്ട് വീതം വിക്കറ്റ് നേടി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
