മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താൽക്കാലിക പരിശീലകൻ മൈക്കൽ കാരിക് അടുത്ത സീസണിലും ടീമിനൊപ്പം തുടരണമെന്ന ആഗ്രഹം പരസ്യമാക്കി താരം അമാദ് ഡിയാലോ. ജനുവരിയിൽ റൂബൻ അമോറിം പരിശീലക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് ക്ലബ്ബിന്റെ മുൻ താരം കൂടിയായ കാരിക് ചുമതലയേറ്റത്.
കാരിക്കിന് കീഴിൽ യുണൈറ്റഡിന്റെ പ്രകടനത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. മൂന്ന് മത്സരങ്ങൾ ബാക്കിനിൽക്കെ ടീം ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കുകയും ചെയ്തു. കഴിഞ്ഞ ഞായറാഴ്ച ലിവർപൂളിനെതിരെ നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ, പരിശീലകന് വേണ്ടി മരിക്കാൻ പോലും താരങ്ങൾ തയ്യാറാണെന്ന് മധ്യനിര താരം കോബി മൈനു പ്രതികരിച്ചിരുന്നു.
പരിശീലകനെ തീരുമാനിക്കുന്നത് കളിക്കാരല്ലെങ്കിലും, കാരിക്കിനൊപ്പം പ്രവർത്തിക്കുന്നതിൽ എല്ലാവരും അതീവ സന്തുഷ്ടരാണെന്ന് സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ ഡിയാലോ പറഞ്ഞു. ഓരോ കളിക്കാരനുമായും അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് കാരിക്കെന്നും, ടീമിനുള്ളിൽ ഐക്യം വർദ്ധിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചുവെന്നും താരം കൂട്ടിച്ചേർത്തു.
കളിക്കളത്തിൽ പിഴവുകൾ സംഭവിക്കുന്നത് സ്വാഭാവികമാണെന്നും അത് പരസ്പരം പഴിചാരാതെ ഒരു ടീമായി മുന്നോട്ട് പോകാനാണ് ഇപ്പോൾ യുണൈറ്റഡ് ശ്രമിക്കുന്നതെന്നും ഡിയാലോ വ്യക്തമാക്കി. നിലവിൽ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള യുണൈറ്റഡ് അടുത്ത മത്സരത്തിൽ സണ്ടർലാൻഡിനെ നേരിടും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
