മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക പദവിയിലെ സ്ഥിരം നിയമനം മൈക്കൽ കാരിക്ക് ഉറപ്പിച്ചു. യുണൈറ്റഡിന്റെ സ്ഥിരം പരിശീലകനായി കരാറിലെത്തിയിരിക്കുന്നത് 2028 വരെയാണ്. പ്രീമിയർ ലീഗ് ചരിത്രത്തിൽ യുണൈറ്റഡ് അതിന്റെ ഏറ്റവും താഴെ തട്ടിൽ വരെ എത്തിയ അവസരത്തിൽ നിന്ന് കൈപിടിച്ചുയർത്തി സീസൺ അവസാനിക്കുമ്പോൾ മൂന്നാം സ്ഥാനത്തെത്തിച്ച മികവ് ഈ പുതിയ കരാറിന് പ്രേരണയായി. അഞ്ച് മാസം മുമ്പ് ഇടക്കാല പരിശീലകനായാണ് കാരിക്ക് തന്റെ മുൻ ക്ലബ്ബ് യുണൈറ്റഡിൽ നിയോഗിക്കപ്പെട്ടത്.
റൂബൻ അമോറിമിന് കീഴിൽ കഴിഞ്ഞ ഡിസംബറിൽ യുണൈറ്റഡ് പ്രീമിയർ ലീഗ് പട്ടികയിൽ 14-ാം സ്ഥാനത്തേക്ക് വരെ താഴ്ന്നിരുന്നു. അവിടെ നിന്നാണ് കാരിക്കിന് കീഴിൽ പൊരുതിക്കയറിയെത്തിയത്. ഇംഗ്ലീഷുകാരനായ കാരിക്ക് 2018 വരെ യുണൈറ്റഡിന്റെ താരമായിരുന്നു. പിന്നീട് കോച്ചിങ് കരിയറിലേക്ക് മാറി. ഒലെ ഗുണാർ സുൾജേർ യുണൈറ്റഡ് പരിശീലകനായിരിക്കെ സഹ പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്.
ആ സമയത്ത് 2021ൽ മൂന്ന് മത്സരങ്ങളിൽ ടീമിനെ നിയന്ത്രിക്കാൻ അവസരവും ലഭിച്ചിരുന്നു. അതിന്റെ അനുഭവ സമ്പത്തിന്റെ അടിസ്ഥാനത്തിലാണ് യുണൈറ്റഡ് മാനേജ്‌മെന്റ് റൂബൻ അമോറിമിനെ പുറത്താക്കിയപ്പോൾ സീസൺ എങ്ങനെയെങ്കിലും തള്ളി നീക്കണം എന്ന തീരുമാനത്തോടെ കാരിക്കിന് അവസരം നൽകിയത്. കഴിഞ്ഞ ജനുവരി മുതൽ പ്രീമിയർ ലീഗിൽ യുണൈറ്റഡ് നടത്തിയ മുന്നേറ്റം അത്ഭുതാവഹമായിരുന്നു.
20 വർഷം മുമ്പാണ് ഞാൻ യുണൈറ്റഡിന്റെ ഭാഗമാകുന്നത്. എനിക്കറിയാം ഈ ക്ലബ്ബിന്റെ മാസ്മരികത. ഈ ഉത്തരവാദിത്തം ശിരസ്സിലേറ്റുന്നതിന് അഭിമാനം കൂടിയുണ്ട്. കഴിഞ്ഞ അഞ്ച് മാസംകൊണ്ട് താരങ്ങൾ തെളിയിച്ചുകഴിഞ്ഞു തിരിച്ചുവരവിനും ഒത്തിണക്കത്തിനും അർപ്പണബോധത്തിനുമുള്ള ശേഷി വേണ്ടുവോളം ഉണ്ടെന്ന്. മുന്നോട്ടുള്ള പ്രയാണം യുണൈറ്റഡ് താരങ്ങളും പ്രവർത്തകരും മാത്രമല്ല ടീം ആരാധകരും അർഹിക്കുന്നുണ്ട്. ക്ലബ്ബുമായുള്ള പുതിയ കരാർ ഒപ്പിട്ടുകൊണ്ട് കാരിക്ക് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
