ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ അർധസെഞ്ചുറി റെക്കോഡിന് ഒപ്പമെത്തി വെസ്റ്റിൻഡീസ് യുവതാരം മാത്യു ഫോർഡ്. വെള്ളിയാഴ്ച അയർലൻഡിന് എതിരെ നടന്ന മത്സരത്തിലായിരുന്നു ഫോർഡിന്റെ ബാറ്റിങ് വെടിക്കെട്ട്. വെറും 16 പന്തുകളിൽ അർധസെഞ്ചുറിയിൽ എത്തിയാണ് വേഗതയേറിയ ഏകദിന ഫിഫ്റ്റി നേടിയ താരങ്ങളിൽ എബി ഡിവില്ലിയേഴ്‌സിനൊപ്പം ഫോർഡ് എത്തിയത്.
2015ൽ വെസ്റ്റിൻഡീസിന് എതിരെ നടന്ന ഏകദിന മത്സരത്തിലായിരുന്നു 16 പന്തിൽ അർധ സെഞ്ചുറിയിലെത്തി ദക്ഷിണാഫ്രിക്കൻ താരമായ ഡിവില്ലിയേഴ്‌സ് ചരിത്രമെഴുതിയത്. അയർലൻഡിന് എതിരായ രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസിന് വേണ്ടി എട്ടാം നമ്പറിലാണ് മാത്യു ഫോർഡ് ക്രീസിൽ എത്തിയത്. നേരിട്ട രണ്ടാം പന്തിൽ സിക്‌സർ നേടി തുടങ്ങിയ താരം ജോഷ് ലിറ്റിലിനെയാണ് കൂടുതൽ അക്രമിച്ചത്.
മുൻ ഗുജറാത്ത് ടൈറ്റൻസ് പേസർക്കെതിരെ നാല് സിക്‌സറുകളാണ് ഫോർഡ് പറത്തിയത്. തുടർച്ചയായി ബൗണ്ടറികൾ നേടിയ താരം പതിനാറാമത്തെ പന്തിലാണ് അർധസെഞ്ചുറിയിൽ എത്തിയത്. ഇതോടെ ഏകദിനത്തിലെ വേഗതയേറിയ ഫിഫ്റ്റിക്കും താരം അവകാശിയായി. തന്റെ പത്താമത്തെ മാത്രം ഏകദിന മത്സരത്തിലാണ് മാത്യു ഫോർഡ് റെക്കോഡ് സ്വന്തമാക്കിയത് എന്നതാണ് ശ്രദ്ധേയം. അതേ സമയം മിന്നും ഫോമിലായിരുന്ന കളിയിൽ 19 പന്തിൽ 58 റൺസ് നേടിയാണ് അദ്ദേഹം പുറത്തായത്.
രണ്ട് ഫോറുകളും എട്ട് സിക്‌സറുകളുമാണ് അദ്ദേഹം നേടിയത്. താരം നേടിയ 56 റൺസും ബൗണ്ടറികളിൽ നിന്നായിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം. അതേ സമയം മഴ വില്ലനായതിനെ തുടർന്ന് അയർലൻഡിന് ബാറ്റിങ്ങിന് ഇറങ്ങാനായില്ല. തുടർന്ന് മത്സരം ഉപേക്ഷിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്