ലക്‌നൗ : സൺറൈസേഴ്‌സ് ഹൈദരാബാദിന് എതിരായ ഐ.പി.എൽ മത്സരത്തിൽ 42 റൺസിന്റെ തോൽവി വഴങ്ങി ആർ.സി.ബി. ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് 231/6 എന്ന സകോറിലെത്തിയപ്പോൾ ആർ.സി.ബിയുടെ മറുപടി 19.5 ഓവറിൽ 189 റൺസിലൊതുങ്ങി.പുറത്താകാതെ 94 റൺസടിച്ച ഇഷാൻ കിഷന്റെ മികവിലാണ് ഹൈദരാബാദ് മികച്ച സകോറിലെത്തിയത്.
48 പന്തുകളിൽ ഏഴുഫോറും അഞ്ച് സിക്‌സുകളുമടക്കം ഇഷാൻ കിഷൻ 94 റൺസ് നേടിയത്. നേരത്തേ പളേ ഓഫിലെത്തിയതിനാൽ ഈ തോൽവി ആർ.സി.ബി ബാധിക്കില്ല. പുറത്തായിക്കഴിഞ്ഞതിനാൽ ഹൈദരാബാദിനും ഗുണമില്ല.
പരിക്കിന്റെ പിടിയിലുള്ള രജത് പാട്ടീദാറിന് പകരം ഇന്നലെ ആർ.സി.ബിയെ നയിക്കാനെത്തിയ ജിതേഷ് ശർമ്മ ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കോവിഡ് മാറി തിരിച്ചെത്തിയ ട്രാവിസ് ഹെഡും (17) അഭിഷേക് ശർമ്മയും (34) ചേർന്നാണ് ഹൈദരാബാദിനായി ഓപ്പണിംഗിന് ഇറങ്ങിയത്. നാലാം ഓവറിൽ അഭിഷേകിനെ സാൾട്ടിന്റെ കയ്യിലെത്തിച്ച് ലുൻഗി എൻഗിഡി ഹൈദരാബാദിന് ആദ്യ പ്രഹരമേൽപ്പിച്ചു.
തുടർന്ന് ക്രീസിലെത്തിയ ഇഷാൻ കിഷൻ ഒരറ്റത്ത് ഉറച്ചുനിന്നെങ്കിലും മറുവശത്ത് കൃത്യമായ ഇടവേളയിൽ വിക്കറ്റുകൾ വീഴ്ത്താൻ ആർ.സി.ബി ബൗളർമാർക്ക് കഴിഞ്ഞു. അഞ്ചാം ഓവറിൽ ട്രാവിസ് ഹെഡിനെ ഷെപ്പേഡിന്റെ കയ്യിലെത്തിച്ച് ഭുവനേശ്വർ കുമാർ തന്റെ മുൻ ടീമിന് അടുത്ത ആഘാതം നൽകി. തുടർന്ന് ഹെന്റിച്ച് ക്‌ളാസനും(24) ഇഷാനും ചേർന്ന് ഹൈദരാബാദിനെ 100 കടത്തി.
8.5-ാം ടീം സകോർ 102ൽ നിൽക്കവേ സുയാഷ് ശർമ്മ ക്‌ളാസനെ മടക്കിഅയച്ചു. ഷെപ്പേഡിനായിരുന്നു ഈ ക്യാച്ചും. തുടർന്നിറങ്ങിയ അനികേത് വർമ്മ 26 റൺസെടുത്ത് ടീം സകോർ 145ലെത്തിയപ്പോൾ പുറത്തായി. ക്രുനാൽ പാണ്ഡ്യയ്ക്കായിരുന്നു വിക്കറ്റ്.തുടർന്ന് 188ലെത്തിയപ്പോഴേക്കും നിതീഷ് കുമാർ റെഡ്ഡി(4), അഭിനവ് മനോഹർ (12)എന്നിവർ കൂടി പുറത്തായി.
തുടർന്ന് നായകൻ പാറ്റ് കമ്മിൻസിനെക്കൂട്ടി (13) ഇഷാൻ 231ലെത്തിച്ചു.
മറുപടിക്കിറങ്ങിയ ആർ.സി.ബിക്ക് വേണ്ടി ഓപ്പണർമാരായ ഫിൽ സാൾട്ടും (62) വിരാടും (43) തകർത്തടിച്ചു. എന്നാൽ ഏഴാം ഓവറിൽ വിരാടും 11-ാം ഓവറിൽ മായാങ്ക് അഗർവാളും 12ാം ഓവറിൽ സാൾട്ടും പുറത്തായതോടെ ആർ.സി.ബിയുടെ അടിത്തറയിളകി.
60 റൺസിനിടെ അവശേഷിച്ച ഏഴുവിക്കറ്റുകളും നിലംപൊത്തി. ഹൈദരാബാദിന് വേണ്ടി ക്യാപ്ടൻ കമ്മിൻസ് മൂന്ന് വിക്കറ്റുകളും ഇഷാൻ മലിംഗ രണ്ട് വിക്കറ്റുകളും വീഴ്ത്തി.
ഇന്നത്തെ മത്സരം : ഡൽഹി Vs പഞ്ചാബ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്