മുംബൈ: ഇന്ത്യയുടെ 37ാമത് ടെസ്റ്റ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലിനെ ബിസിസിഐ നിയമിച്ചു. മുംബൈയില്‍ നടന്ന സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്. ജൂണ്‍ 20 ന് ഹെഡിംഗ്ലിയില്‍ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ 5 ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയ്ക്കുള്ള 18 അംഗ ടീമിനെ ഗില്‍ നയിക്കും.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ആയി ഋഷഭ് പന്തിനെ തിരഞ്ഞെടുത്തു. സായ് സുദര്‍ശന്‍, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമില്‍ ആദ്യമായി ഇടം നേടി. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളിയായ കരുണ്‍ നായര്‍ ടെസ്റ്റ് ടീമില്‍ ഇടം പിടിച്ചു. 2027 ലാണ് കരണ്‍ നായര്‍ അവസാനമായി ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് കളിച്ചത്.
ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കാരണം മുഹമ്മദ് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ ടീമില്‍ ഇടം നേടി. ഇന്ത്യ എ ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന് ഒരു അവസരം കൂടി നല്‍കി.
ഓസ്‌ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ രണ്ട് മത്സരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ച ജസ്പ്രീത് ബുമ്ര ടെസ്റ്റ് ടീം ക്യാപ്റ്റനായേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ പരിക്കുകളും മറ്റും ബുമ്രക്ക് തിരിച്ചടിയായി.
'ഒന്നോ രണ്ടോ പരമ്പരകള്‍ക്ക് ക്യാപ്റ്റനെ തിരഞ്ഞെടുക്കരുത്. നമ്മള്‍ ദീര്‍ഘകാലമായി ചിന്തിക്കണം. കഴിഞ്ഞ ഒരു വര്‍ഷമായി, കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെ കളിച്ചപ്പോഴും ശുഭ്മാനെ ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഡ്രസ്സിംഗ് റൂമില്‍ അദ്ദേഹം വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്,' ശനിയാഴ്ച ടീം പ്രഖ്യാപിച്ച ശേഷം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ പറഞ്ഞു.
25 കാരനായ ഗില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളിലൊരാളാണ്. ഇന്ത്യക്കായി 32 ടെസ്റ്റ് മല്‍സരങ്ങള്‍ കളിച്ച ഗില്‍ 1893 റണ്‍സ് നേടിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്