ലണ്ടൻ: സ്വന്തം തട്ടകമായ എത്തിഹാദ് സ്‌റ്റേഡിയത്തിൽ ഇംഗ്‌ളീഷ് പ്രിമിയർ ലീഗ് ഫുട്‌ബോളിൽ ഇന്നലെ നടന്ന മത്സരത്തിൽ പോയിന്റ് പട്ടികയിൽ മുന്നിലുള്ള ആഴ്‌സനലിനെ 2-1ന് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി കിരീടപ്പോരാട്ടം വാശിയേറിയതാക്കി. ഈ ജയത്തോടെ ആഴ്‌സനലിന് 33 മത്സരങ്ങളിൽ 70 പോയിന്റും സിറ്റിക്ക് 32 മത്സരങ്ങളിൽ 67 പോയിന്റുമായി. ആഴ്‌സനലാണ് ഒന്നാമതെങ്കിലും ഇനിയുള്ള മത്സരഫലങ്ങൾ നിർണായകമാകും.
റയാൻ ചെർക്കി(16), എർലിങ് ഹാളണ്ട്(65) എന്നിവരാണ് സിറ്റിയുടെ ഗോൾ സ്‌കോറർമാർ. കായ് ഹാവെർട്‌സ്(18) ആർസനലിനായി വലകുലുക്കി. പ്രീമിയർ ലീഗിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെ ടീമുകളുടെ പോരാട്ടമെന്ന നിലയിൽ കളിക്ക് മുൻപേ ആർസനൽ-മാഞ്ചസ്റ്റർ സിറ്റി പോരാട്ടം ശ്രദ്ധനേടിയിരുന്നു. കിരീടസാധ്യത നിലനിർത്താൻ ജയം അനിവാര്യമായ സിറ്റി തുടക്കം മുതൽ ആക്രമിച്ചാണ് കളിച്ചത്.
16-ാം മിനിറ്റിൽ റയാൻ ചെർക്കിയുടെ മികച്ചൊരു നീക്കത്തിൽ ലീഡെടുത്തു. ആർസനൽ പ്രതിരോധ താരങ്ങളെ കൃത്യമായി മറികടന്ന് ബോക്‌സിലേക്ക് മുന്നേറിയ ഫ്രഞ്ച് താരം കീപ്പറുടെ പഴുതിലൂടെ വലയിലേക്ക് പ്ലേസ് ചെയ്യുകയായിരുന്നു. എന്നാൽ രണ്ട് മിനിറ്റിനുള്ളിൽ ഗണ്ണേഴ്‌സിന്റെ മറുപടിയെത്തി. ഗോൾകീപ്പർ ഡോണറൂമയുടെ പിഴവിൽ നിന്നാണ് ഗോൾ മടക്കിയത്. പന്തിൽ ആധിപത്യം പുലർത്തിയത് സിറ്റിയാരുന്നെങ്കിലും കൗണ്ടർ അറ്റാക്കിലൂടെ പലപ്പോഴും ആർസനൽ എതിർ ബോക്‌സിൽ ഭീഷണി വിതച്ചു.
രണ്ടാം പകുതിയിൽ വിജയഗോളിനായി ഇരുടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. ഒടുവിൽ ബെൽജിയം വിംഗർ ഡോകുവിന്റെ മികച്ചൊരു നീക്കത്തിനൊടുവിൽ സിറ്റി രണ്ടാം ഗോൾ കണ്ടെത്തി. ബോക്‌സിൽ ആർസനൽ ഡിഫൻസിന്റെ പിഴവിൽ ലഭിച്ച പന്ത് കൃത്യമായി ഫിനിഷ് ചെയ്ത് ഹാളണ്ട് മുൻ ചാമ്പ്യൻമാർക്കായി ഗോൾ നേടി. അവസാന മിനിറ്റുകളിൽ ഗണ്ണേഴ്‌സ് ഗോൾ മടക്കാനായി പരമാവധി ശ്രമം നടത്തിയെങ്കിലും ഭാഗ്യം തുണച്ചില്ല
കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ചെൽസിയെ തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. ചെൽസിയുടെ തട്ടകമായ സ്റ്റാംഫോഡ് ബ്രിജിൽ നടന്ന മത്സരത്തിന്റെ 43-ാം മിനിട്ടിൽ മാത്യൂസ് കുഞ്ഞയാണ് മാഞ്ചസ്റ്ററിന്റെ ഗോളടിച്ചത്. 33 മത്സരങ്ങളിൽ നിന്ന് 58 പോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. 48 പോയിന്റുള്ള ചെൽസി ആറാം സ്ഥാനത്താണ്.
മറ്റൊരു മത്സരത്തിൽ 2-2ന് ബ്രൈറ്റൺ ആൻഡ് ഹോവിനോട് സമനിലയിൽ പിരിഞ്ഞ ടോട്ടൻഹാം 31 പോയിന്റുമായി 18-ാം സ്ഥാനത്താണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
