സാം കറനെതിരെ കടുത്ത അതൃപ്തി പരസ്യമാക്കി കുമാർ സംഗകാര

MAY 30, 2026, 5:25 AM

ഐ.പി.എല്ലിൽ രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനോട് തോറ്റ് രാജസ്ഥാൻ റോയൽസ് പുറത്തായതിന് പിന്നാലെ, ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറന്റെ അപ്രതീക്ഷിത പിന്മാറ്റവുമായി ബന്ധപ്പെട്ട് കടുത്ത അതൃപ്തി പരസ്യമാക്കി രാജസ്ഥാൻ റോയൽസ് മുഖ്യ പരിശീലകൻ കുമാർ സംഗക്കാര. ഗുരുതര പരിക്കാണെന്നും സീസൺ മുഴുവൻ നഷ്ടമാകുമെന്നും പറഞ്ഞ് ഐ.പി.എല്ലിൽ നിന്ന് പിന്മാറിയ സാം കറൻ, ഇപ്പോൾ ഇംഗ്ലണ്ടിൽ ആഭ്യന്തര ടി20 ടൂർണമെന്റായ വൈറ്റാലിറ്റി ബ്ലാസ്റ്റിൽ സറേ ടീമിനായി കളിക്കുന്നതാണ് സംഗക്കാരയെ ചൊടിപ്പിച്ചത്.

രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനോട് പരാജയപ്പെട്ടതിന് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് ലങ്കൻ മുൻ നായകൻ സാം കറന്റെ നിലപാടിനെതിരെ തുറന്നടിച്ചത്. രാജസ്ഥാൻ ക്യാപ്ടനായിരുന്ന സഞ്ജു സാംസണെ ചെന്നൈ സൂപ്പർ കിംഗ്‌സിന് ട്രേഡിലൂടെ വിട്ടുനൽകിയപ്പോൾ പകരം രവീന്ദ്ര ജഡേജക്കൊപ്പം രാജസ്ഥാൻ ടീമിലെത്തിച്ച താരമാണ് സാം കറൻ. 2.40 കോടി രൂപയ്ക്കാണ് സാം കറനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്.

എന്നാൽ സീസൺ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പരിക്കിനെത്തുടർന്ന് തനിക്ക് ഈ സീസൺ പൂർണ്ണമായും നഷ്ടമാകുമെന്ന് കറൻ ഫ്രാഞ്ചൈസിയെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. തുടർന്ന് ശ്രീലങ്കൻ ഓൾ റൗണ്ടർ ദാസുൻ ഷനകയെ രാജസ്ഥാൻ ടീമിലെത്തിച്ചു. സാം കറന് ഈ സീസൺ മുഴുവൻ നഷ്ടമാകുന്ന തരത്തിലുള്ള കടുത്ത പരിക്കാണെന്നാണ് ഞങ്ങളോട് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ഇംഗ്ലണ്ടിൽ സറേയ്ക്കായി അവൻ മത്സരങ്ങൾ കളിക്കുന്നത് ഞാൻ കണ്ടു (മിഡിൽസെക്‌സിനെതിരെ സാം കറൻ മാച്ച് വിന്നിങ് പ്രകടനം നടത്തിയിരുന്നു). ഇത് ശരിക്കും നിരാശാജനകമാണ്. കാരണം അവൻ ഈ സീസണിൽ ഞങ്ങളോടൊപ്പം ഉണ്ടാകണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നുവെന്ന് സംഗക്കാര വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

vachakam
vachakam
vachakam

കാര്യങ്ങൾ മുൻകൂട്ടി അറിഞ്ഞപ്പോൾ തന്നെ ഞങ്ങൾ ദാസുൻ ഷനകയെ പകരക്കാരനായി എത്തിച്ചു. പരിമിതമായ സാഹചര്യങ്ങളിലും ടീമിലെ എല്ലാവരും പുറത്തെടുത്ത പ്രകടനത്തിൽ തനിക്ക് വലിയ അഭിമാനമുണ്ടെന്നും സംഗക്കാര കൂട്ടിച്ചേർത്തു. ഇംഗ്ലണ്ടിന്റെ ടി20 ലോകകപ്പ് ക്യാമ്പെയ്‌നിടെയാണ് 27 കാരനായ സാം കറന് പരിക്ക് പറ്റുന്നത്. അന്ന് ഐ.പി.എല്ലിൽ നിന്ന് പിന്മാറിയ ശേഷം ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ കറൻ പറഞ്ഞത് ഞാൻ കുറച്ചുകാലമായി ഈ പരിക്കുമായി പോരാടുകയാണ്. സ്‌കാനിങ് റിപ്പോർട്ടുകളിൽ ഗുരുതരമായ പ്രശ്‌നം കണ്ടെത്തിയതിനാലാണ് കഠിനമെങ്കിലും ഇങ്ങനെയൊരു തീരുമാനമെടുത്തത്. ഐ.പി.എൽ നഷ്ടപ്പെടുന്നത് വലിയ നിരാശയാണെന്നായിരുന്നു.

എന്നാൽ ഐ.പി.എൽ സീസൺ അവസാനിക്കുന്നതിന് മുൻപ് തന്നെ സാം കറൻ ഇംഗ്ലണ്ടിൽ ക്യാപ്ടനായി തിരിച്ചെത്തുകയും തകർപ്പൻ ഫോമിൽ കളിക്കാൻ തുടങ്ങുകയും ചെയ്തതാണ് ഇപ്പോൾ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. വിദേശ താരങ്ങൾ ഐ.പി.എൽ കരാറുകളെ നിസ്സാരമായി കാണുന്നതിനെതിരെ ബി.സി.സി.ഐ എടുക്കുന്ന കർശന നിലപാടുകളെ സംഗക്കാര പൂർണ്ണമായി പിന്തുണച്ചു. ബി.സി.സി.ഐക്ക് നിലവിൽ ഇതിനെതിരെ കർശനമായ നയങ്ങളുണ്ട്, അത് അങ്ങനെ തന്നെ തുടരുകയും വേണം. പരിക്കുകൾ കളിയുടെ ഭാഗമാണ്, അത് ഞങ്ങൾക്ക് മനസിലാകും. എന്നാൽ കരാറുകളിലെ വ്യവസ്ഥകൾ കൃത്യമായും സത്യസന്ധമായും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഈ കർശന നിയമങ്ങൾ അത്യാവശ്യമാണ്. ഇത് എല്ലാ ഐ.പി.എൽ ടീമുകൾക്കും ഗുണം ചെയ്യുമെന്നും സംഗക്കാര പറഞ്ഞു.

അവസരങ്ങൾ ലഭിക്കാതിരുന്നിട്ടും ടീമിനൊപ്പം ഉറച്ചുനിന്ന ആഡം മിൽനെ, ഷിംറോൺ ഹെറ്റ്‌മെയർ, ലുവാൻഡ്രെ പ്രിട്ടോറിയസ്, ക്വേന മഫാക്ക തുടങ്ങിയ വിദേശ താരങ്ങളുടെ പ്രതിബദ്ധതയെ സംഗക്കാര പ്രത്യേകം എടുത്ത് പറയുകയും ചെയ്തു. അവരെല്ലാവരും ടീമിനായി വെള്ളം ചുമക്കാനും നെറ്റ്‌സിൽ സഹായിക്കാനും മടി കാണിച്ചില്ലെന്നും കോച്ച് ഓർമ്മിപ്പിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam