ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റ നിരക്ക് കൂടുതൽ കരുത്ത് പകരാൻ സൂപ്പർ താരത്തെ ടീമിലേക്കെത്തിച്ചിരിക്കുകയാണ്. അർജന്റൈൻ വിങ്ങർ ഫ്രാൻസിസ്‌കോ ഫ്യൂലാസിയൻ അബാലോയെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി ടീമിലേക്കെത്തിച്ചിരിക്കുന്നത്. 'ഫ്രാഞ്ചു' എന്നറിയപ്പെടുന്ന ഇരുപത്തിയേഴുകാരൻ വിവിധ യൂറോപ്യൻ ലീഗുകളിൽ കളിച്ച മികച്ച പരിചയസമ്പത്തുമായാണ് ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നത്.
സ്‌പെയിനിലെ കരുത്തരായ റയൽ മാഡ്രിഡിന്റെ യൂത്ത് സിസ്റ്റത്തിലൂടെയാണ് ഫ്രാഞ്ചു വളർന്നുവന്നത്. റയൽ മാഡ്രിഡ് കാസ്റ്റിയക്ക് വേണ്ടി കളിച്ച അദ്ദേഹം സ്പാനിഷ് സെഗുണ്ട ഡിവിഷൻ ബിയിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. തുടർന്ന് റായോ വല്ലക്കാനോ, എഫ്.സി ഫുവൻലാബ്രഡ, എസ്.ഡി ഐബർ, എഫ്.സി കാർട്ടജീന എന്നീ ക്ലബ്ബുകൾക്കായി സ്പാനിഷ് ലീഗിലെ വിവിധ ഡിവിഷനുകളിൽ അദ്ദേഹം പന്തുതട്ടി. സൈപ്രസിലെ കാർമിയോട്ടിസ്സ എഫ്‌സിയിലായിരുന്നു താരം അവസാനമായി കളിച്ചത്.
പ്രധാനമായും വിങ്ങർ സ്ഥാനത്ത് കളിക്കുന്ന ഫ്രാഞ്ചുവിന് രണ്ട് വിങ്ങുകളിലും ഒരുപോലെ തിളങ്ങാൻ കെൽപ്പുണ്ട്. പന്തിനുമേലുള്ള മികച്ച നിയന്ത്രണവും വേഗത്തിലുള്ള മുന്നേറ്റങ്ങളും ടീമിന്റെ ആക്രമണനിരയ്ക്ക് കൂടുതൽ കരുത്ത് പകരും. ഇതിനോടകം കേരള ബ്ലാസ്റ്റേഴ്‌സ് ഇതിനോടകം ടീമിൽ നിർണ്ണായക പൊളിച്ചെഴുത്ത് ആരംഭിച്ചിട്ടുണ്ട്. പുതിയ കോച്ചായ ആഷ്‌ലി വെസ്റ്റ് വുഡ് ടീമിൽ ചില പ്രധാന മാറ്റങ്ങളാണ് വരുത്തിയത്. മാർലോൺ റോസിനെ ബ്ലാസ്റ്റേഴ്‌സ് ടീമിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്.
ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം കരുത്തരായ ബംഗളൂരു എഫ്‌സിക്കെതിരേയാണ്. നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ബ്ലാസ്റ്റേഴ്‌സിന്റെ ഇനിയുള്ള എല്ലാ മത്സരങ്ങളും ബഹിഷ്‌കരിക്കാൻ തീരുമാനിച്ച് കഴിഞ്ഞു. കഴിഞ്ഞ മത്സരത്തിലൊന്നും ആരാധകർ കളി കാണാൻ എത്തിയിരുന്നില്ല. ബ്ലാസ്റ്റേഴ്‌സ് ഇനി വിജയം നേടി ആരാധകരുടെ വിശ്വാസം അർപ്പിച്ചാൽ മാത്രമെ മഞ്ഞപ്പട കളി കാണാൻ എത്തുകയുള്ളൂ.
ആഷ്‌ലിയുടെ മുന്നിലെ ആദ്യ വെല്ലുവിളി തന്നെ ഇതാണ്. ജയിച്ച് കരുത്തുകാട്ടാൻ ആഷ്‌ലിക്ക് സാധിക്കേണ്ടതായുണ്ട്. ബ്ലാസ്റ്റേഴ്‌സിനെ വിജയ വഴിയിലേക്ക് എത്തിക്കാൻ ആഷ്‌ലിക്ക് അൽപ്പം കൂടി സമയം വേണ്ടിവന്നേക്കും. എന്തായാലും ഇപ്പോൾ അദ്ദേഹം ടീമിൽ വരുത്തുന്ന മാറ്റങ്ങളെല്ലാം ആരാധകർക്ക് പ്രതീക്ഷ നൽകുന്നതാണ്. ടീമിനെ വിജയത്തിലേക്കെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സിന് സാധിക്കുമോയെന്നത് കണ്ടറിയാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
