ഇംഗ്ലണ്ട് ലയൺസിനെതിരായ ഒന്നാം അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ ആദ്യ ദിനം സ്റ്റംപെടുക്കുമ്പോൾ ഇന്ത്യ എ അതിശക്തമായ നിലയിൽ. ഇരട്ട സെഞ്ചുറിക്കരികെ മലയാളി താരം കരുൺ നായരും സെഞ്ചുറി നോട്ടമിട്ട് വിക്കറ്റ് കീപ്പർ ധ്രുവ് ജൂരെലും ക്രീസിൽ നിൽക്കേ ഇന്ത്യ എ 90 ഓവറിൽ 409-3 എന്ന സ്‌കോറിലാണ്. കരുൺ 246 പന്തിൽ 186* റൺസും, ധ്രുവ് ജൂരെൽ 104 പന്തിൽ 82* റൺസുമായി നാളെ ബാറ്റിംഗ് പുനരാരംഭിക്കും.
ഇരുവരും നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ പുറത്താവാതെ 177 റൺസ് നേടിക്കഴിഞ്ഞു. നേരത്തെ 119 പന്തിൽ 92 റൺസെടുത്ത സർഫറാസ് ഖാന്റെ പ്രകടനവും ഇന്ത്യ എയ്ക്ക് കരുത്തായി.
സെന്റ് ലോറൻസ് ഗ്രൗണ്ടിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ എയ്ക്ക് തുടക്കത്തിലെ വിക്കറ്റുകൾ നഷ്ടമായിരുന്നു.
ആറാം ഓവറിൽ ക്യാപ്ടനും ഓപ്പണറുമായ അഭിമന്യു ഈശ്വരൻ പുറത്തായി. 17 പന്തുകളിൽ 8 റൺസ് നേടിയ അഭിമന്യുവിനെ ജോഷ് ഹൾ എൽബിയിൽ മടക്കുകയായിരുന്നു. സഹ ഓപ്പണർ യശസ്വി ജയ്‌സ്വാളിനും അധിക നേരം ക്രീസിൽ നിൽക്കാനായില്ല. 55 പന്തിൽ 24 റൺസെടുത്ത ജയ്‌സ്വാളിനെ എഡ്ഡീ ജാക്ക് 17-ാം ഓവറിൽ പറഞ്ഞയച്ചു. എന്നാൽ ഇതിന് ശേഷം മൂന്നാം വിക്കറ്റിൽ 181 റൺസ് കൂട്ടുകെട്ട് സ്ഥാപിച്ച് കരുൺ നായരും സർഫറാസ് ഖാനും ഇന്ത്യ എയെ കരകയറ്റി.
സെഞ്ചുറിക്കരികെ സർഫറാസിന്റെ വിക്കറ്റ് നഷ്ടമായത് ഇന്ത്യൻ ആരാധകരെ നിരാശപ്പെടുത്തി. 119 പന്തിൽ ഏകദിന ശൈലിയിൽ 92 റൺസെടുത്ത സർഫറാസിന്റെ വിക്കറ്റും ജോഷ് ഹള്ളിനായിരുന്നു. ഇതിന് ശേഷം ക്രീസിലൊന്നിച്ച കരുൺ നായർ ധ്രുവ് ജൂരെൽ സഖ്യം 177 റൺസ് കൂട്ടുകെട്ടുമായി കുതിക്കുകയാണ്. രണ്ടാംദിനം ആദ്യ സെഷനിൽ കരുണിന്റെ ഡബിൾ സെഞ്ചുറിയും ജൂരെലിന്റെ ശതകവും ഇന്ത്യൻ ആരാധകർ പ്രതീക്ഷിക്കുന്നു.
മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ലയൺസ് ആദ്യം ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. അഭിമന്യു ഈശ്വരൻ നയിക്കുന്ന ഇന്ത്യ എ ടീമിൽ അഞ്ച് സ്‌പെഷ്യലിസ്റ്റ് ബാറ്റർമാരാണുള്ളത്. ഹർഷ് ദുബെയാണ് ടീമിലെ ഏക സ്പിന്നർ. മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസർമാർ ടീമിലുണ്ട്. ധ്രുവ് ജൂരെലാണ് ടീമിലെ വിക്കറ്റ് കീപ്പർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്