അടുത്തവർഷം നടക്കുന്ന ടി20 ലോകകപ്പിന് മുമ്പ് ഐ.സി.സി ടൂർണമെന്റുകളുടെ സംപ്രേഷണ കരാറിൽ നിന്ന് പിൻമാറാനൊരുങ്ങി ജിയോ സ്റ്റാർ. 2027വരെ ഐ.സി.സി ടൂർണമെന്റുകളുടെ സംപ്രേഷണ അവകാശം ബാക്കിയിരിക്കെയാണ് ജിയോ സ്റ്റാർ കരാറിൽ നിന്ന് പിൻമാറാൻ താൽപര്യം അറിയിച്ചതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ജിയോ സ്റ്റാർ പിൻമാറാൻ താൽപര്യം അറിയിച്ചതോടെ 2026-2029 വർഷത്തേക്ക് പുതിയ സംപ്രേഷണ കരാർ നൽകാൻ ഐ.സി.സി നടപടികൾ തുടങ്ങിയെങ്കിലും ഉയർന്ന തുക കാരണം സോണി, ആമസോൺ, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയ പ്രമുഖർ ആരും രംഗത്തുവന്നിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
2.4 ബില്യൺ ഡോളറാണ് 2026-2029 വർഷത്തെ സംപ്രേഷണ കരാറിനായി ഐ.സി.സി ആവശ്യപ്പെടുന്നത്. 2024-27 വർഷത്തെ സംപ്രേഷണ കരാറിനായി ജിയോ സ്റ്റാർ 3 ബില്യൺ ഡോളറായിരുന്നു മുടക്കിയിരുന്നത്. ടി20 ലോകകപ്പിന് മുമ്പ് പുതിയ സംപ്രേഷണ കരാർ ഒപ്പിടാനായില്ലെങ്കിൽ ജിയോ സ്റ്റാർ തന്നെ 2027വരെ തുടരേണ്ടിവരും. 2024-25 വർഷത്തെ സംപ്രേഷണ കരാറിൽ ജിയോ സ്റ്റാറിന്റെ പ്രതീക്ഷിക നഷ്ടം 25,760 കോടി രൂപയാണെന്നും തൊട്ടു മുൻവർഷത്തെ അപേക്ഷിച്ച് (12,319 കോടി) ഇരട്ടിയാണിതെന്നും റിപ്പോർട്ടിൽ പറയുന്നു.
സംപ്രേഷണ കരാർ വിൽക്കുന്നതിലൂടെ ഐ.സി.സിക്ക് വൻ വരുമാനമുണ്ടാകുന്നുണ്ടെങ്കിലും തങ്ങൾക്ക് അതിനനുസരിച്ചുള്ള വരുമാന വർധനവുണ്ടാകുന്നില്ലെന്നാണ് ജിയോ സ്റ്റാറിന്റെ നിലപാട്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള വയാകോമുമായുള്ള ലയനത്തിന് മുമ്പ് 2024 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 12,548 കോടി രൂപയായിരുന്നു സ്റ്റാർ ഇന്ത്യയുടെ നഷ്ടം. ഇതിൽ 12,319 കോടി രൂപയും ഐ.സി.സി സംപ്രേഷണ കരാറിൽ നിന്നുള്ളതാണ്.
അതേസമയം ഇക്കാലയളവിൽ ഐ.സി.സി 474 മില്യൺ ഡോളറിന്റെ ലാഭം നേടുകയും ചെയ്തു.
ജിയോ സ്റ്റാറിന്റെ പ്രധാന സ്‌പോൺസർമാരിൽ പ്രമുഖർ ഡ്രീം ഇലവനെയും മൈ ഇലവൻ സർക്കിളിനെയും പോലുള്ള ഗെയിമിംഗ് ആപ്പുകളായിരുന്നു. എന്നാൽ പണംവെച്ച് കളിക്കുന്ന ഗെയിമിംഗ് ആപ്പുകൾക്ക് കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയതോടെ ഇവരെല്ലാം പിൻമാറിയത് ജിയോ സ്റ്റാറിന് കനത്ത തിരിച്ചടിയായി. ഇതുവഴി 7000 കോടി രൂപയുടെ വരുമാന നഷ്ടമാണ് ജിയോ സ്റ്റാറിനുണ്ടായത്.
കടുത്ത മത്സരം മൂലം വരുമാന നഷ്ടം കണക്കിലെടുത്ത് ഇന്ത്യഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ സംപ്രേഷണ കരാർ സ്വന്തമാക്കിയ സോണി സ്‌പോർട്‌സ് ഡിജിറ്റൽ സംപ്രേഷണ അവകാശം ജിയോ സ്റ്റാറിന് മറിച്ചുവിറ്റിരുന്നു. നെറ്റ്ഫ്‌ളിക്‌സ് സ്‌പോർട്‌സ് സംപ്രേഷണത്തിൽ പ്രാരംഭ ദിശയിലാണ്. ഡബ്ല്യു.ഡബ്ല്യു.ഇയുമായി മാത്രമാണ് നിലവിൽ നെറ്റ്ഫ്‌ളിക്‌സിന് സ്‌പോർട്‌സ് സംപ്രേഷണ കരാറുള്ളത്. ആമസോൺ പ്രൈമിനാകട്ടെ ന്യൂസിലൻഡ് ക്രിക്കറ്റുമായി മാത്രമാണ് നിലവിൽ സംപ്രേഷണ കരാറുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
