തിരുവനന്തപുരം: കൊല്ലം സായിഹോസ്റ്റലിൽ മരിച്ച തിരുവനന്തപുരം സ്വദേശിനിയായ വൈഷ്ണവിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മാതാപിതാക്കൾ രംഗത്തെത്തി. മകൾ ആത്മഹത്യ ചെയ്യാൻ സാധ്യതയില്ലെന്നും ഹോസ്റ്റലിൽ എന്തോ ഗുരുതരമായ സംഭവം നടന്നിട്ടുണ്ടാകാമെന്നുമാണ് കുടുംബത്തിന്റെ സംശയം.
മരണത്തിന് തൊട്ട് മുൻപത്തെ ദിവസം രാത്രി വരെ മകൾ സന്തോഷത്തോടെ വീട്ടിലേക്ക് വിളിച്ചു സംസാരിച്ചിരുന്നുവെന്ന് വൈഷ്ണവിയുടെ മാതാപിതാക്കൾ പറഞ്ഞു. കബഡി മത്സരത്തിൽ ജയിച്ചതിന്റെ ആവേശത്തിലായിരുന്നു കുട്ടിയെന്നും അന്നേ ദിവസം ഉച്ചയ്ക്ക് വീഡിയോ കോൾ ചെയ്തതായും രാത്രി പത്തരയ്ക്കും വീട്ടുകാരുമായി സംസാരിച്ചു എന്നും അവർ വ്യക്തമാക്കി.
ഹോസ്റ്റൽ അധികൃതർ നിരന്തരം കുറ്റപ്പെടുത്തുകയും വാക്കുകളിലൂടെ മാനസിക സമ്മർദ്ദം ചെലുത്തുകയും ചെയ്തിരുന്നുവെന്ന് വൈഷ്ണവി പലപ്പോഴും പറഞ്ഞിരുന്നുവെന്നും മാതാപിതാക്കൾ ആരോപിച്ചു. എന്ത് ചെയ്താലും കുറ്റം ചുമത്തുമായിരുന്നു എന്നും ഹോസ്റ്റലിൽ നിന്ന് പുറത്താക്കുമോ എന്ന ഭയം കുട്ടിക്കുണ്ടായിരുന്നുവെന്നും കുടുംബം പറയുന്നു.
മരണവിവരം ഹോസ്റ്റൽ അധികൃതർ മറച്ചുവച്ചതായും കുട്ടിക്ക് എന്ത് സംഭവിച്ചെന്ന കാര്യത്തിൽ വ്യക്തമായ വിശദീകരണം നൽകാൻ തയ്യാറായില്ലെന്നും മാതാപിതാക്കൾ ആരോപിച്ചു. സംഭവത്തിന് പിന്നാലെ ഹോസ്റ്റലിന്റെ ഗേറ്റ് അടച്ചിട്ടതായും അന്വേഷണത്തിൽ സഹകരണം ലഭിച്ചില്ലെന്നും കുടുംബം പറയുന്നു.
സംഭവത്തിൽ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് ഏത് അറ്റം വരെയും പോകുമെന്നും വൈഷ്ണവിയുടെ മാതാപിതാക്കൾ അറിയിച്ചു. തിരുവനന്തപുരം ചെമ്പൂർ സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും കബഡി താരവുമാണ് മരിച്ച വൈഷ്ണവി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
