കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിലെ പുതിയ ചാമ്പ്യൻ ആരെന്ന് ഇന്ന് രാത്രിയറിയാം. കൊൽക്കത്തയിലെ സാൾട്ട് ലേക്കിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ ആതിഥേയരായ മോഹൻ ബഗാൻ സൂപ്പർ ജയ്‌ന ബംഗളൂരു എഫ്.സിയും തമ്മിൽ ഏറ്റുമുട്ടും. രാത്രി 7.30നാണ് ഫൈനലിന്റെ കിക്കോഫ്. ലീഗ് ഘട്ടത്തിൽ 56 പോയിന്റ് നേടി ഐ.എസ്.എൽ ഷീൽഡ് നേടിയ ബഗാൻ സെമിയിൽ ജംഷഡ്പൂരിനെ ഇരുപാദങ്ങളിലുമായി 3-2ന് കീഴടക്കിയാണ് ഫൈനലിലെത്തിയത്. രണ്ടാം പാദസെമിയുടെ ഇഞ്ചുറി ടൈമിൽ ലാലെംഗ്മാവിയ റാൾട്ടെയാണ് ബഗാനെ ഫൈനലിൽ എത്തിച്ച ഗോൾ നേടിയത്. ബഗാന്റെ തുടർച്ചയായ മൂന്നാം ഐ.എസ്.എൽ ഫൈനലാണിത്. 2022-23 സീസണിൽ ബംഗളൂരുവിനെ ഫൈനലിൽ കീഴടക്കിയാണ് ബഗാൻ ചാമ്പ്യൻമാരായത്. അന്ന് എ.ടി.കെ മോഹൻ ബഗാൻ എന്നായിരുന്നു ടീമിന്റെ പേര്.
കഴിഞ്ഞ സീസണിലും ബഗാൻ ഫൈനലിൽ കളിച്ചെങ്കിലും മുംബയ് സിറ്റി എഫ്.സിയോട് തോറ്റിരുന്നു.
ബംഗളൂരു സെമിയിൽ ഗോവയെ ഇരുപാദങ്ങളിലുമായി ഇതേ സ്‌കോറിന് വീഴ്ത്തിയാണ് കലാശപ്പോരിന് ടിക്കറ്റെടുത്തത്. പോയിന്റ് ടേബിളിലെ മൂന്നാം സ്ഥാനക്കാരായ ബംഗളൂരു പ്ലേ ഓഫ് കളിച്ചാണ് സെമിയിൽ എത്തിയത്. പ്ലേഓഫിൽ നിലവിലെ ചാമ്പ്യൻമാരായ മുംബയ്‌യെയാണ് ബംഗളൂരു മറികടന്നത്.
ഐ.എസ്. എൽ കിരീടം നേടിയ ടീമുകൾ
2014 അത്‌ലറ്റിക്കോ ഡി കൊൽക്കത്ത, 2015 ചെന്നൈയിൻ എഫ്.സി, 2016 അത്‌ലറ്റിക്കോ ഡി കൊൽക്കത്ത, 2017-18 ചെന്നൈയിൻ എഫ്.സി, 2018-19 ബംഗ്‌ളൂരു എഫ്.സി, 2019-20 എ.ടി.കെ കൊൽക്കത്ത, 2020-21 മുംബയ് സിറ്റി എഫ്.സി, 2021-22 ഹൈദരാബാദ് എഫ്.സി, 2022-23 എ.ടി.കെ മോഹൻ ബഗാൻ, 2023-24 മുംബയ് സിറ്റി എഫ്.സി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്