വാഷിംഗ്ടണ്‍: ഉയര്‍ന്ന തീരുവ ചുമത്താനുള്ള തീരുമാനത്തില്‍ നിന്ന് സ്മാര്‍ട്ട് ഫോണുകളെയും കമ്പ്യൂട്ടറുകളെയും ഒഴിവാക്കി ട്രംപ് ഭരണകൂടം. കമ്പ്യൂട്ടറുകള്‍ അടക്കമുള്ളവയുടെ വില കുത്തനെ കൂടുന്നത് യു.എസ് ടെക് കമ്പനികളെ ബാധിക്കുമെന്ന ആശങ്കയാണ് തീരുമാനത്തിന് പിന്നിലെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങളാണ് ടെക് കമ്പനികള്‍ വ്യാപകമായി ഉപയോഗിക്കുന്നത്. സെമി കണ്ടക്ടറുകള്‍, സോണാര്‍ സെല്ലുകള്‍ എന്നിവ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളെയും ഘടകങ്ങളെയും ഉയര്‍ന്ന തീരുവയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്കാണ് ട്രംപ് ഭരണകൂടം ഏറ്റവും ഉയര്‍ന്ന തീരുവ (125%) ചുമത്താന്‍ നിശ്ചയിച്ചിരുന്നത്. ഉയര്‍ന്ന തീരുവയില്‍നിന്ന് ഒഴിവാക്കുന്നവയുടെ പട്ടിക വെള്ളിയാഴ്ച വൈകിയാണ് (പ്രാദേശിക സമയം) യു.എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പട്രോള്‍ പുറത്തിറക്കിയതെന്ന് ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ട്രംപിന്റെ ഉയര്‍ന്ന തീരുവമൂലം സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ആപ്പിളും സാംസങ്ങും അടക്കമുള്ളവ നേരിടുന്ന പ്രതിസന്ധി സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഐഫോണിന്റെ ഏറ്റവും വലിയ വിപണി യു.എസ്സാണ്. ആപ്പിള്‍ നിര്‍മിക്കുന്ന ഐഫോണുകളില്‍ പകുതിയും വിറ്റഴിക്കുന്നത് അവിടെയാണ്. എന്നാല്‍ അമേരിക്കയില്‍ വിറ്റഴിക്കാനുള്ള ഐഫോണുകളില്‍ 80 ശതമാനവും നിര്‍മിക്കപ്പെടുന്നത് ചൈനയിലാണ്. അവശേഷിക്കുന്ന 20 ശതമാനമാകട്ടെ ഇന്ത്യയിലും. ഉയര്‍ന്ന തീരുവ പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ ആപ്പിളും സാംസങ്ങും അടക്കമുള്ളവ സ്മാര്‍ട്ട് ഫോണുകളുടെയും അനുബന്ധ ഘടകങ്ങളുടെയും നിര്‍മാണം ചൈനയില്‍നിന്ന് മാറ്റുന്നതിനുള്ള ആലോചനകള്‍ തുടങ്ങിയിരുന്നു. ചൈനയ്ക്ക് പുറമെ ഇന്ത്യയും വിയറ്റ്നാമുമാണ് ആപ്പിളിന്റെയും സാംസങ്ങിന്റെയും നിര്‍മാണ ഹബ്ബുകള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്