പാകിസ്ഥാനെതിരെ ഇന്ത്യയുടെ എട്ടാം ലോകകപ്പ് ജയമാണിത്. ലോകകപ്പിൽ എതിരാളികൾക്കെതിരെ ഏറ്റവും കൂടുതൽ ജയം നേടിയതിന്റെ റെക്കോർഡും ഇന്ത്യ സ്വന്തമാക്കി. ടി20 ലോകകപ്പിൽ പാകിസ്ഥാനെ 61 റൺസിന് തകർത്ത് സൂപ്പർ 8ലെത്തിയ ഇന്ത്യ കുറിച്ചത് പുതിയ റെക്കോർഡ്.
ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യ നേടുന്ന എട്ടാം ജയമാണിത്. ടി20 ലോകകപ്പ് ചരിത്രത്തിൽ എതിരാളികൾക്കെതിരെ ഒരു ടീം ഏറ്റവും കൂടുതൽ തവണ ജയിക്കുന്ന റെക്കോർഡാണ് ഇന്ത്യ സ്വന്തമാക്കിയത്. ബംഗ്ലാദേശിനെതിരെ ആറ് തവണ ജയിച്ച ഓസ്‌ട്രേലിയയാണ് ഇന്ത്യക്ക് പിന്നിൽ രണ്ടാം സ്ഥാനത്ത്.
ഏകദിന ലോകകപ്പിൽ ഇതുവരെ ഇന്ത്യയെ തോൽപിക്കാനായിട്ടില്ലാത്ത പാകിസ്ഥാൻ ടി20 ലോകകപ്പിൽ ഒരേയൊരു തവണയാണ് ജയിച്ചത്. 2021ലെ ടി20 ലോകകപ്പിലായിരുന്നു ഇന്ത്യക്കെതിരെ പാകിസ്ഥാന്റെ ഏകജയം.
ഇന്ത്യക്കെതിരെ 61 റൺസിന്റെ തോൽവി വഴങ്ങിയ പാകിസ്ഥാൻ റൺസുകളുടെ അടിസ്ഥാനത്തിൽ ലോകകപ്പിലെ തങ്ങളുടെ ഏറ്റവും വലിയ രണ്ടാമത്തെ തോൽവിയാണ് വഴങ്ങിയത്. 2014ൽ വെസ്റ്റ് ഇൻഡീസിനെതിരെ 84 റൺസിന് തോറ്റതായിരുന്നു പാകിസ്ഥാന്റെ ഏറ്റവും കനത്ത പരാജയം.
ഇന്ത്യക്കെതിരെ 114ന് ഓൾ ഔട്ടായ പാകിസ്ഥാൻ ലോകകപ്പിലെ തങ്ങളുടെ ഏറ്റവും ചെറിയ മൂന്നാമത്തെ ടീം ടോട്ടലാണ് ഇന്ന് കുറിച്ചത്. വെസ്റ്റ് ഇൻഡീസിനെതിരെ 2014ൽ 82 റൺസിന് പുറത്തായതും ഇന്ത്യക്കെതിരെ കഴിഞ്ഞ ലോകകപ്പിൽ 113 റൺസിന് പുറത്തായതുമാണ് ഇതിന് മുമ്പത്തെ പാകിസ്ഥാന്റെ ഏറ്റവും ചെറിയ ടീം ടോട്ടൽ.
മത്സരത്തിൽ ഇന്ത്യക്കായി പന്തെറിഞ്ഞ തിലക് വർമ ആദ്യ പന്തിൽ തന്നെ ഷദാബ് ഖാന്റെ വിക്കറ്റെടുത്ത് ലോകകപ്പിൽ എറിഞ്ഞ ആദ്യ പന്തിൽ വിക്കറ്റെടുക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ ബൗളറായി. 2022ലെ ലോകകപ്പിൽ ലോകകപ്പിലെ ആദ്യ പന്തിൽ ബാബർ അസമിന്റെ വിക്കറ്റെടുത്ത അർഷ്ദീപ് സിംഗാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ താരം.
അവസാന മത്സരത്തിൽ നമീബിയയെ തോൽപിച്ചാൽ പാകിസ്ഥാന് ഇനിയും സൂപ്പർ 8ലെത്താൻ കഴിയുമെങ്കിലും ഇന്ത്യക്കെതിരെ 61 റൺസിന്റെ തോൽവി വഴങ്ങിയതോടെ പാകിസ്ഥാൻ നെറ്റ് റൺറേറ്റിൽ അമേരിക്കക്കും പിന്നിൽ പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തായി. അമേരിക്ക നാലു മത്സരങ്ങളും കളിച്ചു കഴിഞ്ഞതിനാൽ അവസാന മത്സരത്തിൽ നമീബിയയെ തോൽപിക്കുകയോ മഴ മൂലം മത്സരം മുടങ്ങുകയോ ചെയ്താലും പാകിസ്ഥാന് സൂപ്പർ 8ലെത്താം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
