ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ഇന്നലെ നിർണായക പോരാട്ടത്തിൽ ബംഗ്ലാദേശിനെ 41 റൺസിന് കീഴടക്കി നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ ഫൈനലിൽ കടന്നു. ഇന്ത്യ ജയിച്ചതോടെ ശ്രീലങ്ക ടൂർണമെന്റിൽ നിന്ന് പുറത്തായി. ഇന്നത്തെ പാകിസ്ഥാൻ ബംഗ്ലാദേശ് മത്സരത്തിലെ വിജയികളാകും ഫൈനലിൽ ഇന്ത്യയുടെ എതിരാളി.
ദുബായിൽ ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്തു. മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് 19.3 ഓവറിൽ 127 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.
51 പന്തിൽ 3സിക്‌സും 5 ഫോറും ഉൾപ്പെടെ 69 റൺസുമായി സയിഫ് ഹസ്സൻ പൊരുതി നോക്കിയെങ്കിലും ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യത്തിലെത്താൻ അത് മതിയാകുമായിരുന്നില്ല.
ഇന്ത്യൻ ഫീൽഡർമാരുടെ കൈവിട്ട സഹായവും സയിഫിന് കിട്ടി. സയിഫ് നൽകിയ 4 ക്യാച്ചുകളാണ് കൈവിട്ടത്. വിക്കറ്റ് കീപ്പർ സഞ്ജു സാംസണും ഒരുക്യാച്ചവസരം നഷ്ടപ്പെടുത്തി. ഒടുവിൽ 18-ാം ഓവറിൽ ബുംറയുടെ പന്തിൽ അക്ഷർ പിടിച്ചാണ് സയിഫ് പുറത്തായത്. പർവേശ് ഹസൻ ഇമോൺ (21) ആണ് സയിഫിനെ കൂടാതെ രണ്ടക്കം കടന്ന ഒരേയൊരു ബംഗ്ലാദേശ് ബാറ്റർ.
ഇന്ത്യയ്ക്കായി കുൽദീപ് യാദവ് മൂന്നും ബുംറ വരുൺ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. നേരത്തേ മികച്ച തുടക്കം ഇന്ത്യയ്ക്ക് ലഭിച്ചെങ്കിലും പിന്നീട് അത് കൃത്യമായി മുതലാക്കാൻ ഇന്ത്യയ്ക്കായില്ല.
ഓപ്പണർമാരായ അഭിഷേക് ശർമ്മയും (37 പന്തിൽ 75), ശുഭ്മാൻ ഗില്ലും (19 പന്തിൽ 29) തകർപ്പൻ തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. അദ്യ മൂന്നോവറിൽ പതിനേഴ് റൺസേ ഇന്ത്യയ്ക്കുണ്ടായിരുന്നുള്ളൂവെങ്കിലും പിന്നീട് സ്‌കോറിംഗിന് വേഗം കൂടി. പവർപ്ലേ അവസാനിക്കുമ്പോൾ ഇന്ത്യയുടെ അക്കൗണ്ടിൽ 72 റൺസെത്തി.
7ാം ഓവറിലെ രണ്ടാം പന്തിൽ ഗില്ലിനെ പുറത്താക്കി റിഷാദ് ഹൊസൈനാണ് കൂട്ടുകെട്ട് പൊളിച്ചത്. ഓപ്പണിംഗ് വിക്കറ്റിൽ ഇരുവരും 38 പന്തിൽ 77 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. സ്ഥാനക്കയറ്റം കിട്ടി മൂന്നാമനായെത്തിയ ശിവം ദുബെയേയും (2) നിലയുറപ്പിക്കും മുന്നേ റിഷാദ് പുറത്താക്കി. ക്യാപ്ടൻ സൂര്യകുമാർ യാദവിനൊപ്പം (5) അഭിഷേക് ഇന്ത്യയെ നൂറ് കടത്തി. എന്നാൽ ടീം സ്‌കോർ 112ൽ വച്ച് തുടർച്ചയായ രണ്ടാം അർദ്ധ സെഞ്ച്വറി നേടി നന്നായി ബാറ്റ് ചെയ്തുവരികയായിരുന്ന അഭിഷേക് റണ്ണൗട്ടായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.
പിന്നാലെ സൂര്യയെ മുസ്തഫിസുർ പുറത്താക്കി. വമ്പനടിക്കാരൻ തിലക് വർമ്മയെ (5) സയിഫ് ഹസന്റെ കൈയിൽ എത്തിച്ച് തൻസിം മടക്കിയതോടെ 14.3 ഓവറിൽ ഇന്ത്യ 129/5 എന്ന നിലയിലായി. തുടർന്ന് ഹാർദ്ദിക് പാണ്ഡ്യ (29 പന്തിൽ 38), അക്ഷർ പട്ടേലിനെ (10 നോട്ടൗട്ട്) കൂട്ടുപിടിച്ച് നടത്തിയ രക്ഷാ പ്രവർത്തനമാണ് ഇന്ത്യയെ 168ൽ എത്തിച്ചത്.
ഇന്നിംഗ്‌സിലെ അവസാന പന്തിൽ ഹാർദികിനെ സയിഫുദ്ദീൻ തൻസിദ് ഹസന്റെ കൈയിൽ ഒതുക്കി. ബാറ്റിംഗ് ഓർഡറിൽ ഇന്ത്യനടത്തിയ പരീക്ഷണത്തെ തുടർന്ന് സഞ്ജു സാംസണ് ബാറ്റ് ചെയ്യാൻ അവസരം ലഭിക്കാതെ പോയി.
ബംഗ്ലേദശിനായി റിഷാദ് ഹൊസൈൻ 2 വിക്കറ്റ് വീഴ്ത്തി. അഭിഷേക് ശർമ്മയാണ് കളിയിലെ താരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്