1. ലീഡ്‌സിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇംഗ്‌ളണ്ടിന് അഞ്ചുവിക്കറ്റ് ജയം. രണ്ടാം ഇന്നിംഗ്‌സിൽ 371 റൺസ് വിജയലക്ഷ്യം ബെൻ ഡക്കറ്റ് (149), ജോ റൂട്ട് (53), സാക്ക് ക്രാവ്‌ലി (65), ബെൻ സ്റ്റോക്‌സ് (33), ജാമീ സ്മിത്ത് (44) എന്നിവരുടെ പോരാട്ടത്തിലൂടെ ഇംഗ്ലണ്ട് മറികടന്നു.
2. ബർമിംഗ്ഹാമിൽ നടന്ന രണ്ടാം ടെസ്റ്റിൽ ബുംറ ഇല്ലാതിറങ്ങിയ ഇന്ത്യ 336 റൺസിന് ജയിച്ച് തിരിച്ചടിച്ചു. ആദ്യ ഇന്നിംഗ്‌സിൽ 587 റൺസടിച്ച ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് 427/6ന് ഡിക്‌ളയർ ചെയ്തു. ഇംഗ്ലണ്ടിനെ ആദ്യ ഇന്നിംഗ്‌സിൽ 407നും രണ്ടാം ഇന്നിംഗ്‌സിൽ 271 റൺസിനും ആൾഔട്ടാക്കി.
3. ലോഡ്‌സിലെ മൂന്നാം ടെസ്റ്റിൽ വിജയത്തിന് അടുത്തുനിന്ന് ഇന്ത്യ 22 റൺസിന്റെ തോൽവി ഏറ്റുവാങ്ങി. രണ്ടാം ഇന്നിംഗ്‌സിൽ 193 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ജഡേജ(61) പൊരുതിനിൽക്കവേ 11-ാമനായ സിറാജിന്റെ വിക്കറ്റ് നഷ്ടമായത് തിരിച്ചടിയായി. സിറാജിന്റെ ബാറ്റിൽതട്ടിയ ബഷീറിന്റെ പന്ത് ഉരുണ്ട് സ്റ്റംപിൽതട്ടി ബെയിൽസ് തെറുപ്പിക്കുകയായിരുന്നു.
4. മാഞ്ചസ്റ്ററിൽ നടന്ന നാലാം ടെസ്റ്റിൽ സമനില. ആദ്യ ഇന്നിംഗ്‌സിൽ 358 റൺസ് എടുത്ത ഇന്ത്യയ്ക്ക് എതിരെ ഇംഗ്ലണ്ട് നേടിയത് 669 റൺസ്. രണ്ടാം ഇന്നിംഗ്‌സിൽ ജഡേജയും സുന്ദറും സെഞ്ച്വറി നേടി 425/4ലെത്തിയിട്ടേ ഇന്ത്യ സമനില സമ്മതിച്ചുള്ളൂ.
5. ഓവലിൽ ഇന്ത്യയുടെ വിസ്മയവിജയം. ലോഡ്‌സിൽ നൽകാൻ കഴിയാതിരുന്ന വിജയം ഓവലിൽ നേടിക്കൊടുത്ത് സിറാജ് സൂപ്പർ ഹീറോയായി. ഇടയ്ക്ക് മങ്ങിയ യശസ്വി സെഞ്ച്വറിയോടെ ഫോമിൽ മടങ്ങിയെത്തി. രണ്ടാംവരവിൽ കരുൺനായരുടെ ആദ്യ അർദ്ധസെഞ്ച്വറി.
പരമ്പരയിലെ പടക്കുതിരകൾ
ഇന്ത്യയെ പരമ്പര സമനിലയിലാക്കാൻ സഹായിച്ചത് യുവതാരങ്ങളുടേയും കെ.എൽ രാഹുലും രവീന്ദ്ര ജഡേജയുമടക്കമുള്ള സീനിയർ താരങ്ങളുടേയും മികച്ച പ്രകടനമാണ്.
ശുഭ്മാൻ ഗിൽ
അഞ്ചു മത്സരങ്ങളിൽ നിന്ന് നാലു സെഞ്ച്വറികളടക്കം 754 റൺസ് നേടിയ ശുഭ്മാൻ ഗില്ലാണ് പരമ്പരയിലെ ഇന്ത്യയുടെ ടോപ്‌സ്‌കോറർ. ഇന്ത്യൻ ക്യാപ്ടനായി അഞ്ചുമത്സര പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം. ക്യാപ്ടൻസി ഇല്ലാതെ 1971ൽ 774 റൺസ് നേടിയ ഗാവസ്‌കർ മാത്രമാണ് ഗില്ലിന് മുന്നിൽ.
കെ.എൽ രാഹുൽ
രണ്ട് വീതം സെഞ്ച്വറികളും അർദ്ധസെഞ്ച്വറികളുമായി കെ.എൽ രാഹുൽ പരമ്പരയിലാകെ നേടിയത് 532 റൺസ്.
രവീന്ദ്ര ജഡേജ
ഒരു സെഞ്ച്വറിയും അഞ്ച് അർദ്ധസെഞ്ച്വറികളുമടക്കം ജഡേജ നേടിയത് 516 റൺസ്. രണ്ടാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും എല്ലാ ഇന്നിംഗ്‌സിലും അർദ്ധസെഞ്ച്വറി. നാലാം ടെസ്റ്റിൽ സെഞ്ച്വറി. അവസാന ടെസ്റ്റിൽ അർദ്ധസെഞ്ച്വറി. ഏഴ് വിക്കറ്റുകളും നേടി.
റിഷഭ് പന്ത്
നാലുകളികൾ മാത്രം കളിക്കാനായ റിഷഭ് പന്ത് രണ്ട് സെഞ്ച്വറികളും മൂന്ന് അർദ്ധസെഞ്ച്വറികളുമടക്കം നേടിയത് 479 റൺസ്. ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സുകളിലും സെഞ്ച്വറി. മാഞ്ചസ്റ്റർ ടെസ്റ്റിൽ പരിക്കേറ്റിട്ടും ബാറ്റിംഗിനിറങ്ങി.
യശസ്വി ജയ്‌സ്വാൾ
രണ്ടുവീതം സെഞ്ച്വറികളും അർദ്ധസെഞ്ച്വറികളുമടക്കം 411 റൺസ്. ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിലും അവസാന ടെസ്റ്റിന്റെ അവസാന ഇന്നിംഗ്‌സിലും സെഞ്ച്വറി.
വാഷിംഗ്ടൺ സുന്ദർ
നാലുകളികളിൽ നിന്ന് ഓരോ സെഞ്ച്വറിയും അർദ്ധസെഞ്ച്വറിയുമടക്കം 284 റൺസും ഏഴുവിക്കറ്റുകളും.
കരുൺനായർ
നാലുമത്സരങ്ങളിൽ നിന്ന് ഒരു അർദ്ധസെഞ്ച്വറിയടക്കം 205 റൺസ്.
മുഹമ്മദ് സിറാജ്
അഞ്ചുകളിയും കളിച്ച് 185.3 ഓവർ എറിഞ്ഞ് 23 വിക്കറ്റുകൾ നേടിയ സിറാജാണ് പരമ്പരയിലെ ഇന്ത്യയുടെ ടോപ് വിക്കറ്റ് ടേക്കർ. രണ്ട് തവണ അഞ്ചുവിക്കറ്റ് നേട്ടം.
ജസ്പ്രീത് ബുംറ
മൂന്ന് മത്സരങ്ങൾ മാത്രം കളിച്ച ബുംറ 14 വിക്കറ്റുകൾ വീഴ്ത്തി. രണ്ട് തവണ അഞ്ചുവിക്കറ്റ് നേട്ടം.
പ്രസിദ്ധ് കൃഷ്ണ
മൂന്ന് മത്സരങ്ങളിൽ അവസരം ലഭിച്ച പ്രസിദ്ധ് 14 വിക്കറ്റുകൾ നേടി. രണ്ട് തവണ നാലുവിക്കറ്റ് വീതം.
ആകാശ്ദീപ്
മൂന്ന് മത്സരങ്ങളിൽ അവസരം ലഭിച്ച ആകാശ്ദീപ് സിംഗിന് 13 വിക്കറ്റുകൾ നേടാനായി. ഒരു തവണ അഞ്ചുവിക്കറ്റ് നേട്ടം.
5 ടെസ്റ്റുകളും അഞ്ച് ദിവസം കൊണ്ടാണ് അവസാനിച്ചത്. സമീപകാലത്ത് ഒരു പരമ്പരയിലെ എല്ലാ മത്സരങ്ങളും അഞ്ച് ദിവസമെടുക്കുന്നത് അപൂർവമാണ്.
6 റൺസ് ജയം ഇന്ത്യയുടെ റൺസ് മാർജിനിലെ ഇംഗ്ലണ്ടിനെതിരായ ഏറ്റവും നേരിയ ടെസ്റ്റ് വിജയം.
12 സെഞ്ച്വറികളാണ് ഇന്ത്യൻ താരങ്ങൾ ഈ പരമ്പരയിലാകെ നേടിയത്.
രാവിലെ എഴുന്നേറ്റപ്പോൾ എനിക്ക് തോന്നിയത് ടീമിനെ വിജയത്തിലെത്തിക്കാൻ കഴിയുമെന്നാണ്. ഗൂഗിളിൽ നിന്ന് 'ബിലീവ് ' എന്നൊരു പോസ്റ്റർ ഡൗൺലോഡ് ചെയ്തു. മത്സരത്തിനിടെ ജഡേജ എന്റെ അച്ഛനെക്കുറിച്ചും എന്നെ കളിക്കാരനാക്കാനുള്ള അദ്ദേഹത്തിന്റെ ത്യാഗങ്ങളെക്കുറിച്ചും ഓർക്കാൻ പറഞ്ഞു. അതോടെയാണ് ആത്മവിശ്വാസം വന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയിലുള്ള ആരാധന കൊണ്ടാണ് അദ്ദേഹത്തിന്റെ വിജയാഘോഷം അനുകരിച്ചത് എന്ന് ഓവലിലെ വിജയ ശില്പി മുഹമ്മദ് സിറാജ് പറഞ്ഞു.
ഏതൊരു ക്യാപ്ടന്റേയും സ്വപ്‌നമാണ് സിറാജിനെപ്പോലൊരു ബൗളറെ കിട്ടുക എന്നത്. പരമ്പര 2-2ന് സമനിലയിലാക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. ഇംഗ്ലണ്ടിൽ നിന്ന് പഠിച്ച പാഠങ്ങൾ ഭാവിയിൽ ഗുണം ചെയ്യുമെന്ന് ഇന്ത്യൻ ക്യാപ്ടൻ ശുഭ്മാൻ ഗിൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്