ഇഷാൻകിഷൻ, സൂര്യകുമാറിന്റെയും മികവിൽ ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ

JANUARY 23, 2026, 10:36 PM

റായ്പുർ: വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ കുപ്പായത്തിലേക്ക് തിരിച്ചുവന്ന രണ്ടാം മത്സരത്തിൽതന്നെ കിടിലൻ ഇന്നിംഗ്‌സിലൂടെ അവസരം മുതലാക്കി ഇഷാൻ കിഷനും 23 ഇന്നിംഗ്‌സുകൾക്ക് ശേഷം കണ്ടെത്തിയ അർദ്ധ സെഞ്ച്വറിയുമായി സൂര്യകുമാർ യാദവും മിന്നിത്തിളങ്ങിയപ്പോൾ കിവീസിന് എതിരായ രണ്ടാം ട്വന്റി20യിലും വിജയം ഇന്ത്യയ്ക്ക്.

ഇന്നലെ റായ്പുരിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലാൻഡ് നിശ്ചിത 20 ഓവറിൽ 208/6 എന്ന സ്‌കോർ ഉയർത്തിയപ്പോൾ 28 പന്തുകളും ഏഴുവിക്കറ്റുകളും ബാക്കിനിൽക്കേ ഇന്ത്യ ജയത്തിലെത്തുകയായിരുന്നു. ഓപ്പണർമാരായ സഞ്ജുവും (6) അഭിഷേക് ശർമ്മയും (0) രണ്ടാം ഓവറിന്റെ രണ്ടാം പന്തിനുള്ളിൽ പുറത്തായശേഷം കളത്തിലൊരുമിച്ച ഇഷാൻ കിഷനും (32 പന്തുകളിൽ 76 റൺസ്), ക്യാപ്ടൻ സൂര്യകുമാർ യാദവും(37 പന്തുകളിൽ പുറത്താകാതെ 82 റൺസ് ) നേടിയ അർദ്ധസെഞ്ച്വറികളാണ് ഇന്ത്യയ്ക്ക് തകർപ്പൻ വിജയമൊരുക്കിയത്.

ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 48 പന്തുകളിൽ കൂട്ടിച്ചേർത്തത് 122 റൺസാണ്. തുടക്കത്തിൽ സൂര്യയെ സാക്ഷിനിറുത്തി ഇഷാൻ വെടിക്കെട്ടിന്റെ ആശാനായി മാറുകയായിരുന്നു. 32 പന്തുകളിൽ 11 ഫോറുകളും നാലുസിക്‌സുകളുമാണ് ഇഷാൻ പറത്തിയത്. 10-ാം ഓവറിൽ ടീമിനെ 128 റൺസിലെത്തിച്ചശേഷം ഇഷാൻ മടങ്ങി. പിന്നീട് സൂര്യ കത്തിപ്പടർന്നു. 37 പന്തുകൾ നേരിട്ട ഇന്ത്യൻ ക്യാപ്ടൻ ഒൻപത് ഫോറും നാലുസിക്‌സും പായിച്ചു. 17 പന്തിൽ 35 റൺസുമായി ശിവം ദുബെ ഒപ്പം നിന്നു.

vachakam
vachakam
vachakam

ഇതോടെ അഞ്ചുമത്സരപരമ്പരയിൽ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി. മൂന്നാം മത്സരം ഞായറാഴ്ച ഗോഹട്ടിയിൽ നടക്കും. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കിവീസ് ആറുവിക്കറ്റ് നഷ്ടത്തിലാണ് 208 റൺസിലെത്തിയത്. ക്യാപ്ടൻ മിച്ചൽ സാന്റ്‌നർ (47 നോട്ടൗട്ട്), രചിൻ രവീന്ദ്ര (44), ടിം സീഫർട്ട് (24), ഡെവോൺ കോൺവേ(19) എന്നിവരുടെ പോരാട്ടമാണ് കിവികളെ 200 കടത്തിയത്.
ആദ്യ മത്സരത്തിൽ വിരലിന് പരിക്കേറ്റ അക്ഷർ പട്ടേലിന് പകരം കുൽദീപ് യാദവിനെ കളത്തിലിറക്കിയ ഇന്ത്യ ഇന്നലെ പേസർ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നൽകി ഹർഷിത് റാണയെ കളിപ്പിച്ചു.

കിവീസ് നിരയിൽ മൂന്ന് മാറ്റങ്ങളുണ്ടായിരുന്നു. ടിം റോബിൻസണിന് പകരം ടിം സീഫർട്ടും ക്രിസ്റ്റ്യൻ ക്‌ളാർക്കിന് പകരം സാക്ക് ഫ്‌ളോക്‌സും കൈൽ ജാമീസണിന് പകരം മാറ്റ് ഹെന്റിയും കളത്തിലെത്തി.

ടോസ് നേടിയ ഇന്ത്യൻ നായകൻ സൂര്യകുമാർ രണ്ടാം ഇന്നിംഗ്‌സ് സമയത്തെ മഞ്ഞ് കണക്കുകൂട്ടിയാണ് കിവീസിനെ ആദ്യം ബാറ്റിംഗിനിറക്കിയത്. ഡെവോൺ കോൺവേയ്‌യും (19), ടിം സീഫർട്ടും (24) ചേർന്ന് മികച്ച തുടക്കമാണ് കിവീസിന് നൽകിയത്. 3.2 ഓവറിൽ 43 റൺസ് കൂട്ടിച്ചേർത്ത സഖ്യത്തെ ഹർഷിത് റാണയാണ് പൊളിച്ചത്. കോൺവേയ്യെ ഹാർദിക്കിന്റെ കയ്യിലെത്തിക്കുകയായിരുന്നു ഹർഷിത്.

vachakam
vachakam
vachakam

അടുത്ത ഓവറിൽ വരുൺ ചക്രവർത്തി സീഫർട്ടിനെ ഇഷാന്റെ കയ്യിലെത്തിച്ചതോടെ സന്ദർശകർ 43/2 എന്ന നിലയിലായി. തുടർന്ന് ഗ്‌ളെൻ ഫിലിപ്പ്‌സും (19) ഡാരിൽ മിച്ചലും ചേർന്ന് സ്‌കോർ ഉയർത്തി. ഒൻപതാം ഓവറിൽ ടീം സ്‌കോർ 98ലെത്തിയപ്പോൾ ഫിലിപ്പ്‌സിനെ കുൽദീപ് കൂടാരം കയറ്റി. തുടർന്ന് ഡാരിൽ മിച്ചൽ(18), രചിൻ രവീന്ദ്ര, ചാപ്പ്മാൻ(10)എന്നിവർകൂടി മടങ്ങിയെങ്കിലും അവസാന ഓവറുകളിൽ സാക്ക് ഫ്‌ളോക്‌സിനെ(15*)കൂട്ടുനിറുത്തി സാന്റ്‌നർ കത്തിക്കയറി.

മറുപടിക്കിറങ്ങിയ ഇന്ത്യയുടെ മലയാളി ഓപ്പണർ സഞ്ജു സാംസൺ തുടർച്ചയായ രണ്ടാം മത്സരത്തിലും ഒറ്റയക്കത്തിന് പുറത്തായി. അഞ്ചുപന്തിൽ ഒരു സിക്‌സടക്കം ആറുറൺസാണ് സഞ്ജു നേടിയത്. ഹെന്റിയുടെ പന്തിൽ രവീന്ദ്രയ്ക്കായിരുന്നു ക്യാച്ച്. കഴിഞ്ഞ കളിയിൽ 10 റൺസെടുത്തിരുന്നു. ഇത് സ്വന്തം മണ്ണിൽ ഇന്ത്യയുടെ നൂറാമത്തെ അന്താരാഷ്ട്ര ട്വന്റി20 മത്സരമായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam