ഫിഫ ലോകകപ്പ് ആവേശം നിറഞ്ഞുനിൽക്കുന്നതിനിടെ ഫുട്‌ബോൾ ലോകത്തെ ഞെട്ടിച്ച് വീണ്ടും മരണവാർത്ത. ഡച്ച് റഫറി റോബ് ഡീപെരിങ്ക് (38) അന്തരിച്ചു. 2026 ലോകകപ്പിനുള്ള വിഎആർ റഫറിമാരുടെ പാനലിൽ ആദ്യം ഉൾപ്പെട്ടിരുന്നെങ്കിലും പിന്നീട് വിവാദങ്ങളെ തുടർന്ന് അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു.
ടൂർണമെന്റ് അവസാനിക്കാൻ ഒരാഴ്ച മാത്രം ബാക്കിയിരിക്കെയാണ് മരണവാർത്ത പുറത്തുവന്നത്. ഡീപെരിങ്കിന്റെ മരണകാരണം ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരായ ലൈംഗികാതിക്രമ ആരോപണത്തെ തുടർന്നാണ് ലോകകപ്പ് ആരംഭിക്കുന്നതിന് ഒരു മാസം മുൻപ് ഡീപെരിങ്കിനെ ഫിഫ റഫറി പാനലിൽ നിന്ന് മാറ്റിയത്.
ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് മതിയായ തെളിവുകൾ ലഭിക്കാത്തതിനാൽ കേസ് അവസാനിപ്പിച്ചു. എന്നിരുന്നാലും ലോകകപ്പ് റഫറി സംഘത്തിലേക്ക് അദ്ദേഹത്തെ തിരിച്ചെടുത്തിരുന്നില്ല.
2017 മുതൽ നെതർലൻഡ്‌സിലെ എറെഡിവിസി ലീഗിൽ റഫറിയായും 2024 യൂറോ കപ്പിൽ വിഎആർ റഫറിയായും സേവനം അനുഷ്ഠിച്ചിരുന്ന ഡീപെരിങ്ക് രാജ്യത്തെ പ്രമുഖ റഫറിമാരിൽ ഒരാളായി വിലയിരുത്തപ്പെട്ടിരുന്നു.
ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ ഡച്ച് മാധ്യമമായ ദ് ടെലിഗ്രാഫിനോട് പ്രതികരിച്ച ഡീപെരിങ്ക്, തനിക്കെതിരായ ആരോപണങ്ങൾ തെറ്റാണെന്നും അന്വേഷണത്തോട് പൂർണമായി സഹകരിച്ചെന്നും ഫിഫ, യുവേഫ, കെഎൻവിബി എന്നിവർക്കെല്ലാം വിശദമായ വിശദീകരണം നൽകിയിട്ടുണ്ടെന്നും പറഞ്ഞിരുന്നു.
ലോകകപ്പ് റഫറി പാനലിൽ നിന്ന് ഒഴിവാക്കപ്പെട്ടത് അദ്ദേഹത്തെ ഏറെ നിരാശനാക്കിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഡച്ച് ഫുടബോൾ അസോസിയേഷൻ (കെഎൻവിബി) അനുശോചന സന്ദേശത്തിൽ, 'റോബിന്റെ വിയോഗം ഞങ്ങളെ ആഴത്തിൽ ദുഃഖിപ്പിച്ചു.
മികച്ച റഫറിയെ മാത്രമല്ല, ആത്മാർഥതയും സമർപ്പണബോധവുമുള്ള സഹപ്രവർത്തകനെയാണ് നഷ്ടമായത്' എന്ന് അറിയിച്ചു. ഫിഫയും അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഡച്ച് ഫുടബോൾ സമൂഹത്തിനും സംഘടനയുടെ അനുശോചനം അറിയിച്ചതായി ഫിഫ പ്രസ്താവനയിൽ പറഞ്ഞു.
അടുത്തിടെ ദക്ഷിണാഫ്രിക്കൻ ലോകകപ്പ് താരം ജയ്ഡൻ ആഡംസ് (25) അന്തരിച്ചതിന് പിന്നാലെയാണ് ഫുടബോൾ ലോകത്തെ വീണ്ടും ദുഃഖത്തിലാഴ്ത്തി ഡീപെരിങ്കിന്റെ മരണവാർത്ത പുറത്തുവന്നത്. ഇരുവരുടെയും മരണകാരണങ്ങൾ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
