അർജന്റീനയ്‌ക്കെതിരായ സെമിഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ട് തോറ്റു പുറത്തായതിന് പിന്നാലെ പരിശീലകൻ തോമസ് ടൂഷേലിന്റെ തന്ത്രങ്ങളെ പരിഹസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്.
രണ്ടാം പകുതിയിൽ സൂപ്പർ സ്‌ട്രൈക്കർ ഹാരി കെയ്‌നെ പ്രതിരോധ കോട്ട കാക്കാൻ നിയോഗിച്ച ടൂഷേലിന്റെ വിവാദ തീരുമാനത്തെയാണ് ട്രംപ് പരസ്യമായി ട്രോളിയത്. ഫിഫയുടെ ഔദ്യോഗിക സ്വീകരണ ചടങ്ങിൽ സംസാരിക്കവെയായിരുന്നു ട്രംപിന്റെ ഈ അപ്രതീക്ഷിത വിമർശനം.
മത്സരത്തിന്റെ 55ാം മിനിറ്റിൽ ആന്റണി ഗോർഡനിലൂടെ ഇംഗ്ലണ്ടാണ് ആദ്യം ലീഡ് നേടിയത്. എന്നാൽ ലീഡ് നിലനിർത്താൻ അമിത പ്രതിരോധത്തിലേക്ക് വലിഞ്ഞ ടൂഷേൽ, അഞ്ച് ഡിഫൻഡർമാരെ അണിനിരത്തുക എന്ന തന്ത്രം പയറ്റി.
ഇതോടെ മുൻനിരയിൽ ഗോൾ അടിച്ചു കൂട്ടേണ്ട ഹാരി കെയ്ൻ ഒരു ഡിഫൻഡറെപ്പോലെ സ്വന്തം ബോക്‌സിലേക്ക് ഇറങ്ങിക്കളിക്കേണ്ടി വന്നു. ടൂഷേലിന്റെ ഈ പ്രതിരോധ തന്ത്രം പാളിയതോടെ ലയണൽ മെസിയുടെ തകർപ്പൻ ഫോമിന്റെ കരുത്തിൽ അർജന്റീന 2-1 ന് ജയം പിടിച്ചെടുത്ത് ഫൈനലിലേക്ക് മുന്നേറി.
ഏകദേശം 18 മാസങ്ങൾക്ക് മുമ്പ് തനിക്കൊപ്പം ഗോൾഫ് കളിച്ച ഹാരി കെയ്‌നെപ്പോലൊരു ലോകോത്തര സ്‌ട്രൈക്കറെ ഡിഫൻഡറാക്കിയത് വിചിത്രമായ നടപടിയാണെന്ന് ട്രംപ് പറഞ്ഞു. ഇംഗ്ലണ്ടിന് മികച്ചൊരു കളിക്കാരനുണ്ട്, ഞാൻ അദ്ദേഹത്തോടൊപ്പം ഗോൾഫ് കളിച്ചിട്ടുമുണ്ട് നമ്മുടെ ഹാരി കെയ്ൻ.
അദ്ദേഹം അസാമാന്യ കളിക്കാരനാണ്. എന്നാൽ അദ്ദേഹത്തെ ഒരു ഡിഫൻസീവ് കളിക്കാരനാക്കി മാറ്റിയതിലൂടെ അവർക്ക് വലിയൊരു തെറ്റ് പറ്റിയെന്നാണ് ഞാൻ കരുതുന്നത്ട്രംപ് പറഞ്ഞു.
എനിക്ക് ഫുട്‌ബോളിനെക്കുറിച്ച് വലിയ അറിവൊന്നുമില്ല. അവർ മത്സരത്തിൽ ലീഡ് നേടി, തൊട്ടുപിന്നാലെ തങ്ങളുടെ ഏറ്റവും മികച്ച അറ്റാക്കിംഗ് കളിക്കാരനെ പിടിച്ച് പ്രതിരോധത്തിലാക്കി.
നമ്മൾ എപ്പോഴും കുറച്ചെങ്കിലും അറ്റാക്കിംഗ് ആകണമല്ലോ? എന്തായാലും കോച്ചിംഗിനെക്കുറിച്ച് എനിക്ക് വലിയ ധാരണയൊന്നുമില്ല. എങ്കിലും അത് തികച്ചും അസാധാരണമായ ഒരു തീരുമാനമായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
