പെൻസിൽവേനിയ: അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ പ്രവാസി കൂട്ടായ്മയായ ഫൊക്കാനയുടെ 22-ാമത് അന്താരാഷ്ട്ര കൺവെൻഷന് പെൻസിൽവേനിയ പോക്കനോസ് മൗണ്ടൻസിലെ കാലഹരി റിസോർട്ടിൽ തുടക്കമായി.
മേളപ്രമാണി മട്ടന്നൂർ ശങ്കരൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന ചെണ്ടമേളത്തോടു കൂടിയുള്ള വർണ്ണാഭമായ ഘോഷയാത്രയോടെയാണ് കൺവെൻഷൻ ആരംഭിച്ചത്. പ്രശസ്ത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്തു.
മലയാളികൾക്ക് തങ്ങളെക്കുറിച്ച് തന്നെയുള്ള മടി, അസൂയ, കുറ്റംപറച്ചിൽ തുടങ്ങിയ മുൻധാരണകളെല്ലാം തെറ്റിച്ചവരാണ് അമേരിക്കൻ മലയാളികളെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ഫൊക്കാനയ്ക്ക് ഇനിയും വലിയ ഉയരങ്ങളിൽ എത്താനാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. കേരള ചീഫ് വിപ്പ് അപു ജോൺ ജോസഫ് കൺവെൻഷനിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
നിങ്ങളെ വളർത്തി വലുതാക്കി അമേരിക്കയിലേക്ക് വരാൻ പ്രാപ്തമാക്കിയത് കേരളമാണെന്നും, ആ നാടിന് നിങ്ങളുടെ അറിവും അനുഭവപരിചയവും തിരികെ നൽകണമെന്നും അപു ജോൺ ജോസഫ് അഭ്യർഥിച്ചു. ലോകസമാധാനത്തിനും സാമൂഹിക ഐക്യത്തിനും സാഹോദര്യത്തിനും എന്നും മാതൃകയാണ് കേരളം.
ജാതിമത ഭേദമില്ലാതെ മൂന്നരക്കോടി മനുഷ്യർ ഒന്നിച്ചിരുന്ന് ഓണമുണ്ണുന്ന ആ ദേശത്തിന്റെ മക്കളായതിൽ അഭിമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ കൂടുതൽ മികവുറ്റതാക്കാൻ അമേരിക്കൻ മലയാളികൾ കേരളത്തിൽ നിക്ഷേപങ്ങൾ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഫൊക്കാനയുടെ സാന്നിധ്യവും സഹായവും ലഭ്യമാകുന്ന കാലം വിദൂരമല്ലെന്ന് പ്രസിഡന്റ് സജിമോൻ ആന്റണി പറഞ്ഞു. മൺമറഞ്ഞപോയ ഫൊക്കാനയുടെ മുൻ സാരഥികളായ ഡോ. എം. അനിരുദ്ധൻ, ടി.എസ്. ചാക്കോ, ഫ്രാൻസിസ് തടത്തിൽ എന്നിവർക്ക് ചടങ്ങിൽ ആദരാജ്ഞലി അർപ്പിച്ചു.
ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ സ്വാഗതം ആശംസിച്ചു. ബിഷപ് മാർ ജോയ് ആലപ്പാട്ട് കൺവെൻഷന് ആശംസകളും ആത്മീയ ആശീർവാദവും നൽകി. ഫൊക്കാനയുടെ പുതിയ ഭാരവാഹികളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് നാളെ നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
