ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ എഫ്‌സിക്കു 2025-26 സീസണിൽ തുടർച്ചയായ രണ്ടാം തോൽവി. സീസണിലെ ആദ്യ അഞ്ച് മത്സരങ്ങളിൽ ജയിച്ച് പെർഫെക്ട് സ്റ്റാർട്ട് കുറിച്ചശേഷമാണ് ലിവർപൂളിന്റെ തുടർ തോൽവി.
എവേ പോരാട്ടത്തിൽ ചെൽസിയോടാണ് ലിവർപൂൾ പരാജയം സമ്മതിച്ചത്. സ്റ്റോപ്പേജ് ടൈമിൽ ബ്രസീലിയൻ കൗമാരതാരം എസ്റ്റേവോ നേടിയ ഗോളിൽ 2-1നാണ് ചെൽസിയുടെ ജയം.
2025 ഫിഫ ക്ലബ് ലോകകപ്പ് ചാമ്പ്യന്മാരായ ചെൽസിക്കുവേണ്ടി മോയിസെസ് കൈസെഡോ 14-ാം മിനിറ്റിൽ ലീഡ് നേടി. എന്നാൽ, 63-ാം മിനിറ്റിൽ കോഡി ഗാക്‌പോയിലൂടെ ലിവർപൂൾ സമനിലയിൽ എത്തി.
90+5ാം മിനിറ്റിൽ മക് കുർക്കെല്ലയുടെ അസിസ്റ്റിൽ ക്ലോസ് റേഞ്ചിൽനിന്ന് 18കാരൻ എസ്റ്റേവോയുടെ ഷോട്ട് ലിവർപൂൾ വലയിൽ. പ്രീമിയർ ലീഗിൽ എസ്റ്റേവോയുടെ കന്നി ഗോളാണ്.
ലിവർപൂളിന് എതിരേ ചെൽസി അവസാനം കളിച്ച അഞ്ച് ഹോം മത്സരങ്ങളിലും തോൽവി വഴങ്ങിയിട്ടില്ലെന്നതും ശ്രദ്ധേയം; രണ്ട് ജയവും മൂന്നു സമനിലയും. തോൽവിയോടെ ലീഗ് ടേബിളിന്റെ ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരം ലിവർപൂളിനു നഷ്ടമായി.
ഏഴു മത്സരങ്ങൾ പൂർത്തിയാക്കി 16 പോയിന്റുമായി ആഴ്‌സണൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. 15 പോയിന്റുമായി ലിവർപൂൾ രണ്ടാമതുണ്ട്. ടോട്ടൻഹാം ഹോട്ട്‌സ്പുറാണ് (14) മൂന്നാം സ്ഥാനത്ത്.
മൂന്നാം തോൽവി
2025-26 സീസണിൽ ലിവർപൂളിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണ്. ക്രിസ്റ്റൽ പാലസിനോട് എവേ പോരാട്ടത്തിൽ 2-1നു പരാജയപ്പെട്ടതോടെയാണ് ചെമ്പടയുടെ തുടർ തോൽവിക്കു തുടക്കമായത്.
യുവേഫ ചാമ്പ്യൻസ് ലീഗിൽ തുർക്കി ക്ലബ്ബായ ഗലറ്റ്‌സറെയ്‌ക്കെതിരേയും (1-0) ലിവർപൂൾ തോൽവി വഴങ്ങി. ഇതിനു പിന്നാലെയാണ് ചെൽസിക്ക് എതിരായ തോൽവി. ലിവർപൂളിന്റെ മൂന്നു തുടർത്തോൽവിയും എവേ പോരാട്ടത്തിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്