നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ നടന്ന മത്സരത്തിൽ ജോഷ്വ അചെംപോങ്, പെഡ്രോ നെറ്റോ, റീസ് ജെയിംസ് എന്നിവരുടെ ഗോളുകളുടെ മികവിൽ ചെൽസിക്ക് 3 -0ന്റെ തകർപ്പൻ ജയം. ആദ്യ പകുതി ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടി. നോട്ടിങ്ഹാം ഫോറസ്റ്റ് ആദ്യം മികച്ച കളിയാണ് പുറത്തെടുത്തത്. ആതിഥേയർക്കായി മോർഗൻ ഗിബ്‌സ്‌വൈറ്റ്, എലിയറ്റ് ആൻഡേഴ്‌സൺ എന്നിവർ ലക്ഷ്യത്തോട് അടുത്തെത്തിയപ്പോൾ ചെൽസിക്ക് താളം കണ്ടെത്താൻ കഴിഞ്ഞില്ല. പെഡ്രോ നെറ്റോയുടെ ത്രൂ ബോളിൽ നിന്ന് ലഭിച്ച മികച്ച അവസരം സാന്റോസിന് മുതലാക്കാനായില്ല, ഷോട്ട് ലക്ഷ്യം തെറ്റി പുറത്തേക്ക് പോയി.
പ്രതിരോധം മികച്ച രീതിയിൽ പ്രവർത്തിച്ചതോടെ ടീമുകൾക്ക് ആദ്യപകുതിയിൽ ഗോളുകളൊന്നും നേടാനായില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോൾ പിറന്നു. 49 -ാം മിനിറ്റിൽ പെഡ്രോ നെറ്റോ നൽകിയ കൃത്യമായ ക്രോസിൽ നിന്ന് തലകൊണ്ട് വലയിലെത്തിച്ച് അചെംപോങ് ചെൽസിക്ക് ലീഡ് നൽകി. മൂന്ന് മിനിറ്റിനുള്ളിൽ തന്നെ നെറ്റോ ചെൽസിയുടെ ലീഡ് ഇരട്ടിയാക്കി. 52 -ാം മിനിറ്റിൽ പെഡ്രോ നെറ്റോ എടുത്ത ഫ്രീ കിക്ക് ഫോറസ്റ്റ് ഗോൾകീപ്പർ മാറ്റ്‌സ് സെൽസിന് തട്ടിയകറ്റാൻ മാത്രമേ കഴിഞ്ഞുള്ളൂ, പന്ത് വലയിലേക്ക് കയറി. പെട്ടെന്നുള്ള ഈ രണ്ട് ഗോളുകൾ ഹോം ഗ്രൗണ്ടിലെ കാണികളെ ഞെട്ടിച്ചു.
84 -ാം മിനിറ്റിൽ കോർണർ കിക്ക് കൃത്യമായി കൈകാര്യം ചെയ്യുന്നതിൽ സെൽസ് പരാജയപ്പെട്ടപ്പോൾ, റീസ് ജെയിംസ് ക്ലോസ് റേഞ്ചിൽ നിന്ന് വോളിയിലൂടെ പന്ത് വലയിലെത്തിച്ച് സ്‌കോർ 3 -0 ആക്കി. പിന്നീട് റഫായൽ ഗുസ്റ്റോയ്ക്ക് റഫ് ടാക്കിളിന് രണ്ടാം മഞ്ഞക്കാർഡ് ലഭിച്ചതിനെ തുടർന്ന് ബ്ലൂസ് പത്ത് പേരായി ചുരുങ്ങിയെങ്കിലും, അപ്പോഴേക്കും മത്സരം ചെൽസിയുടെ കൈയ്യിലായിരുന്നു.
ഈ വിജയത്തോടെ ചെൽസി പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്