ബെതലിന്റെ സെഞ്ചുറി പാഴായി, ഇംഗ്ലണ്ടിനെ മറികടന്ന് ഇന്ത്യ ടി20 ലോകകപ്പ് ഫൈനലിൽ

MARCH 5, 2026, 1:02 PM

മുംബയ് : വാങ്കഡെ സ്റ്റേഡിയത്തിലെ ബാറ്റിംഗ് പിച്ചിൽ 254 റൺസിന്റെ ലക്ഷ്യം നൽകിയപ്പോൾ ഇരച്ചുകയറി തിരിച്ചടിക്കാൻ നിന്ന ഇംഗ്‌ളണ്ടിനെ ഏഴു റൺസിന് കീഴടക്കി ഇന്ത്യ തുടർച്ചയായ രണ്ടാം ട്വന്റി20 ലോകകപ്പ് ഫൈനലിലേക്ക് ടിക്കറ്റെടുത്തു. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ലോകകപ്പിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും അർദ്ധസെഞ്ച്വറി നേടിയ മലയാളി താരം സഞ്ജു സാംസണിന്റെ മികവിലാണ് 253/7 എന്ന ഈ ലോകകപ്പിലെ തങ്ങളുടെ ഏറ്റവും മികച്ച ടോട്ടൽ ഉയർത്തിയത്.

ഇംഗ്‌ളണ്ടിന്റെ മറുപടി 246/7ൽ വരെയെത്തി. വിൻഡീസിനെതിരെ നിറുത്തിയേടത്തുനിന്ന് തുടങ്ങിയ സഞ്ജു 14-ാം ഓവർ വരെ ക്രീസിൽ നിന്ന് 42 പന്തുകൾ നേരിട്ട് എട്ടു ഫോറുകളുടെയും ഏഴ് സിക്‌സുകളുടേയും അകമ്പടിയോടെ നേടിയത് 89 റൺസാണ്. ഇഷാൻ കിഷൻ (39), ശിവം ദുബെ (43), ഹാർദിക് പാണ്ഡ്യ (27), തിലക് വർമ്മ (21) എന്നിവരും ഇന്ത്യൻ സ്‌കോർ ഉയർത്തുന്നതിൽ പങ്കുവഹിച്ചു.

ചേസിംഗിനിറങ്ങിയ ഇംഗ്‌ളണ്ടിന് 64 റൺസിനിടെ മൂന്ന് മുൻ നിര വിക്കറ്റുകൾ നഷ്ടമായെങ്കിലും നാലാമനായിറങ്ങി അവസാനഓവർവരെ പൊരുതിയ ജേക്കബ് ബെഥേലിന്റെ അത്യുജ്ജ്വല ഇന്നിംഗ്‌സ് അവർക്ക് പ്രതീക്ഷ നൽകി. 18,19 ഓവറുകൾ കൃത്യയോടെ എറിഞ്ഞ ബുറംയും ഹാർദിക്കും കാട്ടിയ നിയന്ത്രണമാണ് കളി ഇന്ത്യയുടെ കയ്യിലേക്ക് എത്തിച്ചത്. ടോം ബാന്റണി(17) നൊപ്പം 31 റൺസ് കൂട്ടിച്ചേർത്ത ബെഥേലിന് നാലാം വിക്കറ്റിൽ വിൽ ജാക്‌സ് (35)നൽകിയ പിന്തുണയാണ് ഇന്ത്യയെ ടെൻഷനടിപ്പിച്ചത്.

vachakam
vachakam
vachakam

39 പന്തുകളിൽ 77 റൺസാണ് ഇവർ കൂട്ടിച്ചേർത്തത്. 14ാം ഓവറിൽ ബൗണ്ടറി ലൈനിന് അരികിൽ അക്ഷർ പട്ടേലിന്റെ സഹായത്തോടെ ദുബെ പൂർത്തിയാക്കിയ ക്യാച്ചിലൂടെ ജാക്‌സിനെ പുറത്താക്കിയെങ്കിലും സാം കറാനെ കൂട്ടുനിറുത്തി ബെഥേൽ കത്തിപ്പടർന്നു. 19ാം ഓവറിൽ കറനും അവസാന ഓവറിന്റെ ആദ്യ പന്തിൽ ബെഥേലും പുറത്തായെങ്കിലും ജയിക്കാൻ ജയിക്കാൻ 30 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ ആർച്ചർ പായിച്ച മൂന്ന് സിക്‌സടക്കം 21 റൺസ് നേടാൻ ഇംഗ്‌ളണ്ടിന് കഴിഞ്ഞു.

ഇന്ത്യയ്ക്ക് വേണ്ടി ഹാർദിക് പാണ്ഡ്യ രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ അർഷ്ദീപ്, ബുംറ, അക്ഷർ പട്ടേൽ, എന്നിവർ ഓരോ വിക്കറ്റ് നേടി. പക്ഷേ വരുൺ നാലോവറിൽ വിട്ടുകൊടുത്തത് 64 റൺസാണ്. മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വിട്ടു കൊടുത്തതും വരുണാണ്.

വീണ്ടും സൂപ്പറായി സഞ്ജു

vachakam
vachakam
vachakam

കഴിഞ്ഞകളിയിലെ ഇലവനിൽ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ ഇന്നലെയുമിറങ്ങിയത്. ഓപ്പണിംഗിനായെത്തിയ സഞ്ജു ആർച്ചർ എറിഞ്ഞ ആദ്യ രണ്ടുപന്തുകളിൽ റൺസെടുത്തില്ലെങ്കിലും മൂന്നാം പന്ത് ലോംഗ് ഓൺ ബൗണ്ടറിയിലേക്ക് പായിച്ചു. അടുത്ത പന്തിൽ ഫൈൻ ലെഗ്ഗിന് മുകളിലൂടെ സഞ്ജുവിന്റെ ബാറ്റിൽ നിന്ന് മത്സരത്തിലെ ആദ്യ സിക്‌സ് പിറന്നു. രണ്ടാം ഓവറിലെ ആദ്യ പന്തിലും അഞ്ചാം പന്തിലും ബൗണ്ടറി നേടിയ അഭിഷേക് പക്ഷേ അടുത്തപന്തിൽ അനാവശ്യമായി ഉയർത്തിയടിച്ച് ഫിൽ സാൾട്ടിന് ക്യാച്ച് നൽകി.

അടുത്ത ഓവറിലെ ആദ്യ പന്തിൽ ബൗണ്ടറിയടിച്ച സഞ്ജു രണ്ടാം പന്തിൽ നൽകിയ ക്യാച്ച് ഇംഗ്‌ളണ്ട് ക്യാപ്ടൻ ഹാരി ബ്രൂക്ക് കൈവിട്ടത് ഇന്ത്യയ്ക്ക് ആശ്വാസമായി. ഒന്നുപതറിയെങ്കിലും ഇതേഓവറിൽ ആർച്ചറെ സിക്‌സും ഫോറുമടിച്ച് സഞ്ജു ആത്മവിശ്വാസം വീണ്ടെടുത്തു. ഇഷാനും സഞ്ജുവും കാലുറപ്പിച്ചതോടെ ആദ്യ അഞ്ചോവറിൽ ഇന്ത്യ 55/1 എന്ന നിലയിലെത്തി. ആദ്യ ആറോവർ പവർപ്‌ളേയിൽ 67 റൺസാണ് ഇന്ത്യ നേടിയത്.

ഏഴാം ഓവറിൽ ബൗളിംഗ് ചേഞ്ചായെത്തിയ സ്പിന്നർ ആദി റഷീദിനെ ബൗണ്ടറിയിലേക്ക് പായിച്ചാണ് സഞ്ജു സ്വീകരിച്ചത്. എട്ടാം ഓവറിൽ ലിയാം ഡാസണെ എക്‌സ്ട്രാ കവറിന് മുകളിലൂടെ സിക്‌സിന് പറത്തി സഞ്ജു ലോകകപ്പിലെ തന്റെ തുടർച്ചയായ രണ്ടാം അർദ്ധസെഞ്ച്വറിയിലെത്തി. 26 പന്തുകളാണ് സഞ്ജുവിന് അർദ്ധശതകത്തിലെത്താൻ വേണ്ടിവന്നത്. 19 റൺസാണ് തന്റെ ആദ്യ ഓവറിൽ ഡാസൺ വഴങ്ങിയത്.

vachakam
vachakam
vachakam

ഒൻപതാം ഓവറിൽ ഇന്ത്യ 100 കടന്നു. സാം കറൻ എറിഞ്ഞ ഈ ഓവറിൽ രണ്ട് സിക്‌സും ഒരു ഫോറുമടക്കം 20 റൺസാണ് ഇന്ത്യ നേടിയത്.10ാം ഓവറിൽ ടീം സ്‌കോർ 117ൽ നിൽക്കവേയാണ് ആദിൽ റഷീദിനെ ഉയർത്തിയടിച്ച് ഇഷാൻ മടങ്ങിയത്.18 പന്തുകൾ നേരിട്ട ഇഷാൻ നാലുഫോറും രണ്ട് സിക്‌സുകളുമടക്കമാണ് 39 റൺസടിച്ചത്.

ഇഷാന് പകരം ശിവം ദുബെയാണ് സൂര്യ നിയോഗിച്ചത്. ആദ്യ പത്തോവറിൽ 119/2 എന്ന നിലയിലായിരുന്നു ഇന്ത്യ. 13ാം ഓവറിൽ ആർച്ചറെ സഞ്ജു രണ്ട് സിക്‌സ് പറത്തിയതോടെ ഇന്ത്യ 150 കടന്നു. പക്ഷേ അടുത്ത ഓവറിൽ സ്‌കോർ ഉയർത്താനുള്ള ശ്രമത്തിനിടെ സഞ്ജു പുറത്തായി. വിൽ ജാക്‌സിനെ ഉയർത്തിയടിച്ച സഞ്ജുവിനെ ഫിൽ സാൾട്ടാണ് പിടികൂടിയത്. ഇതോടെ ഇന്ത്യ 160/3 എന്ന നിലയിലായി. പകരമിറങ്ങിയ സൂര്യയ്ക്ക് (11) തിളങ്ങനായില്ലെങ്കിലും നാലാമനായി 16ാം ഓവറിൽ മടങ്ങുമ്പോൾ ടീം 190ലെത്തിയിരുന്നു.

25 പന്തുകളിൽ ഒരു ഫോറിന്റേയും നാലുസിക്‌സുകളുടെയും അകമ്പടിയോടെ 43 റൺസടിച്ച ശിവം ദുബെ ഹാർദിക്കുമായുള്ള ധാരണപ്പിശകിലാണ് റൺഔട്ടായത്. ടീം സ്‌കോർ 236ലെത്തിയപ്പോൾ തിലക് ബൗൾഡായി. അവസാന ഓവറിലെ അഞ്ചാം പന്തിൽ ഹാർദിക് റൺഔട്ടായി.

മറുപടിക്കിറങ്ങിയ ഇംഗ്‌ളണ്ടിന് രണ്ടാം ഓവറിന്റെ ആദ്യ പന്തിൽ ഫിൽ സാൾട്ടിനെ (5) അക്ഷർ പട്ടേലിന്റെ കയ്യിലെത്തിച്ച് ഹാർദിക് പാണ്ഡ്യയാണ് ഇംഗ്‌ളണ്ടുകാർക്ക് ആദ്യ പ്രഹരം നൽകിയത്. തുടർന്ന് അഞ്ചാം ഓവറിന്റെ ആദ്യ പന്തിൽ നായകൻ ഹാരി ബ്രൂക്കിനെ (7) ബുംറ അക്ഷർ പട്ടേലിന്റെ കയ്യിലെത്തിച്ചു. പവർപ്‌ളേ അവസാനിക്കുന്നതിന് മുമ്പ് ജോസ് ബട്ട്‌ലറെയും കൂടാരം കയറ്റാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു.

17 പന്തുകളിൽ 25 റൺസ് നേടിയ ബട്ട്‌ലറെ വരുൺ ചക്രവർത്തി ബൗൾഡാക്കുകയായിരുന്നു. തുടർന്ന് ജേക്കബ് ബഥേലും ടോം ബാന്റണും (17) ചേർന്ന് തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും എട്ടാം ഓവറിൽ പട്ടേൽ ബാന്റണെ ബൗൾഡാക്കി സഖ്യം പൊളിച്ചു.തുടർന്ന് വിൽ ജാക്‌സിനെക്കൂട്ടി ബഥേൽ കത്തിക്കയറി. 48 പന്തുകളിൽ എട്ടുഫോറുകളും ഏഴ് സിക്‌സുകളുമാണ് ബെഥേൽ പായിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam