തിരുവനന്തപുരം: ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ ദുലീപ് ട്രോഫിയിൽ സൗത്ത് സോൺ ടീമിനെ മലയാളിതാരം മുഹമ്മദ് അസ്ഹറുദ്ദീൻ നയിക്കും. ദുലീപ് ട്രോഫി ക്യാപ്ടനാകുന്ന ആദ്യ മലയാളിയാണ് കാസർകോട് സ്വദേശിയായ അസ്ഹറുദ്ദീൻ. ക്യാപ്ടനായി പ്രഖ്യാപിച്ചിരുന്ന തിലക് വർമ്മ ഏഷ്യാകപ്പിനായി പോയതിനാലാണ് വൈസ് ക്യാപ്ടനായിരുന്ന അസ്ഹറിനെ നായകനാക്കിയത്.
ഇന്നലെ കൊച്ചി ബ്‌ളൂടൈഗേഴ്‌സിന് എതിരായ മത്സരത്തിന് ടീം ഹോട്ടലിൽ നിന്ന് ഇറങ്ങാൻ ഒരുങ്ങുമ്പോഴാണ് മുഹമ്മദ് അസ്ഹറുദ്ദീനെ തേടി ആ വാർത്തയെത്തുന്നത്. ദുലീപ് ട്രോഫിക്കുള്ള സൗത്ത്‌സോൺ ടീമിന്റെ നായകനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ആദ്യമായി ദക്ഷിണ മേഖലയുടെ നായകനാകുന്ന മലയാളിയെന്ന പെരുമയും തനിക്കാണെന്നറിഞ്ഞപ്പോൾ വലിയ സന്തോഷമാണ് തോന്നിയതെന്ന് അസ്ഹർ പറഞ്ഞു.
കേരളത്തിൽ നിന്ന് അസ്ഹറിനെക്കൂടാതെ സൽമാൻ നിസാർ, ബേസിൽ എൻ.പി, എം.ഡി നിധീഷ് എന്നിവരും ടീമിലുണ്ട്. ഏദൻ ആപ്പിൾ ടോം റിസർവ് താരമാണ്. രഞ്ജി ട്രോഫിയിൽ ചരിത്രം കുറിച്ച് കേരളം ആദ്യമായി ഫൈനലിൽ കടന്ന് കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ച വച്ചവരാണ് ഇവരെല്ലാം. അസറുദ്ദീൻ കഴിഞ്ഞ സീസണിൽ ഒരു സെഞ്ച്വറിയടക്കം 635 റൺസ് നേടിയിരുന്നു.
ദുലീപ് ട്രോഫിയിൽ നേരിട്ട് സെമിയിലെത്തിയ സൗത്ത്‌സോൺ ടീമിന്റെ ആദ്യമത്സരം സെപ്തംബർ നാലുമുതൽ ബംഗ്‌ളുരുവിൽ നോർത്ത് സോണിനെതിരെയാണ്.
ചങ്കുറപ്പോടെ സെലക്ടർമാർ
ദേശീയ ടീമിൽ കളിച്ചിട്ടുള്ള സീനിയർ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തണമെന്ന ബി.സി.സി.ഐ നിർദ്ദേശം അവഗണിക്കാൻ സെലക്ടർമാർ കാട്ടിയ ധൈര്യമാണ് ഒരു റിസർവ് ഉൾപ്പടെ അഞ്ച് മലയാളി താരങ്ങൾക്ക് ദുലീപ് ട്രോഫി സൗത്ത് സോൺ ടീമിൽ കളിക്കാൻ അവസരമൊരുക്കിയത്. പോണ്ടിച്ചേരിക്കാരനായ തലൈവൻ സർഗുണം തലവനായ സൗത്ത് സോൺ സെലക്ഷൻ കമ്മിറ്റിയിൽ കേരള ടീം ചീഫ് സെലക്ടറും മുൻ കേരള താരവുമായ പ്രശാന്ത് പത്മനാഭനും അംഗമായിരുന്നു.
സെൻട്രൽ കോൺട്രാക്ടുള്ള കളിക്കാരെ ദുലീപ്‌ട്രോഫിയിലേക്ക് പരിഗണിക്കണമെന്നായിരുന്നു ബി.സി.സി.ഐ ഓപ്പറേഷൻസ് ജനറൽ മാനേജരും മുൻ ഇന്ത്യൻ താരവുമായ അബി കുരുവിള എല്ലാ സോണൽ സെലക്ഷൻ കമ്മറ്റികൾക്കും നൽകിയ നിർദ്ദേശം. ഇതനുസരിച്ചാണ് ഇന്ത്യൻ ക്യാപ്ടൻ ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, യശസ്വി ജയ്‌സ്വാൾ, അർഷ്ദീപ് സിംഗ്, ഹർഷിത് റാണ, മുകേഷ് കുമാർ, കുൽദീപ് യാദവ് തുടങ്ങിയവർ വിവിധ സോണൽ ടീമുകളിൽ എത്തിയത്. കെ.എൽ രാഹുൽ, മുഹമ്മദ് സിറാജ്, വാഷിംഗ്ടൺ സുന്ദർ തുടങ്ങിയ താരങ്ങൾ ഈ മാനദണ്ഡം അനുസരിച്ച് സൗത്ത് സോൺ ടീമിലെത്തേണ്ടതായിരുന്നു.
എന്നാൽ സോണൽ സെലക്ഷനിൽ ബി.സി.സി.ഐ തീരുമാനം അടിച്ചേൽപ്പിക്കുന്നതിനെ സൗത്ത് സോൺ സെലക്ഷൻ കമ്മറ്റി ഒന്നാകെ എതിർത്തു. സീനിയർ താരങ്ങൾക്ക് ഇന്ത്യ എ ടീമിൽ അവസരമുണ്ടെന്നും അവരെ പരിഗണിച്ചാൽ ഇത്തവണ രഞ്ജി ട്രോഫി റണ്ണേഴ്‌സ് അപ്പായ കേരളടീമിൽ നിന്നുള്ളവർക്ക് പോലും സൗത്ത് സോൺ കളിക്കാൻ അവസരം ലഭിക്കില്ലെന്ന് സെലക്ഷൻ കമ്മറ്റിയിൽ വാദമുയർന്നു. ഇതോടെയാണ് ബി.സി.സി.ഐ കോൺട്രാക്ട് ഉള്ളവരിൽ തിലക് വർമയെ മാത്രം ഉൾപ്പെടുത്തി ടീം പ്രഖ്യാപിച്ചത്.
കേരളത്തിൽ നിന്ന് റിസർവ് ഉൾപ്പടെ അഞ്ചുപേരും ഹൈദരാബാദിൽ നിന്ന് മൂന്നുപേരും തമിഴ്‌നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്ന് രണ്ടുപേർ വീതവും പോണ്ടിച്ചേരി,ഗോവ എന്നിവിടങ്ങളിൽ നിന്ന് ഒരോരുത്തരുമാണ് 15 അംഗടീമിൽ എത്തിയത്. ഇതിൽ തിലക് വർമ്മ ഏഷ്യാകപ്പിനായി മാറിയതോടെയാണ് വൈസ് ക്യാപ്ടനായി തിരഞ്ഞെടുക്കപ്പെട്ട അസ്ഹറുദ്ദീന് ക്യാപ്ടനാകാൻ കഴിഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്