അറബ് കപ്പ് 'ഖത്തർ 2025' ഗ്രൂപ്പ് സിയിലെ തീപാറും പോരാട്ടത്തിൽ ഈജിപ്തിനെ (1 -1) സമനിലയിൽ തളച്ച് യു.എ.ഇ നാഷണൽ ഫുട്‌ബോൾ ടീം.
ശനിയാഴ്ച നടന്ന രണ്ടാം റൗണ്ട് മത്സരത്തിലെ സമനിലയോടെ ടൂർണമെന്റിന്റെ നോക്കൗട്ട് ഘട്ടത്തിലേക്കുള്ള സാധ്യതകൾ യു.എ.ഇ സജീവമാക്കി.
റൊമാനിയൻ പരിശീലകൻ ഒലാരിയു കോസ്മിന്റെ തന്ത്രങ്ങൾ മൈതാനത്ത് പൂർണ്ണമായി നടപ്പാക്കിയ യു.എ.ഇക്ക് പക്ഷേ, വിജയിക്കാനോ മൂന്ന് പോയിന്റുകൾ നേടാനോ സാധിച്ചില്ല. നിരവധി അവസരങ്ങൾ കളിക്കാർ പാഴാക്കിയത് കോസ്മിന് നിരാശ നൽകി. തന്ത്രപരമായി മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ തിരിച്ചടിയായി.
ആദ്യ പകുതിയിൽ ഇരു ടീമുകളും പ്രതിരോധത്തിൽ ശ്രദ്ധയൂന്നിയപ്പോൾ കളിയുടെ താളം മധ്യനിരയിൽ ഒതുങ്ങി. 32 -ാം മിനിറ്റിൽ ബ്രൂണോ ഒലിവേര ഈജിപ്ഷ്യൻ ഗോൾകീപ്പർ മുഹമ്മദ് ബസ്സാമിനെ പരീക്ഷിച്ചെങ്കിലും, ബസ്സാം മികച്ച സേവിലൂടെ ഫറവോന്മാരെ രക്ഷിച്ചു. രണ്ടാം പകുതിയിൽ കോസ്മിന്റെ തന്ത്രം ഫലം കണ്ടു. ഈജിപ്ഷ്യൻ പ്രതിരോധത്തിലെ വിടവുകൾ മുതലെടുക്കാൻ യു.എ.ഇക്ക് കഴിഞ്ഞു. മത്സരത്തിലെ യു.എ.ഇയുടെ ഗോൾ പിറന്നത് 60 -ാം മിനിറ്റിലാണ്.
നിക്കോളാസ് ജിമെനെസ് ഈജിപ്ഷ്യൻ പ്രതിരോധത്തെ കീറിമുറിച്ച് ഒരു തളികയിലെന്ന പോലെ പന്ത് കൈയോ ലൂക്കാസിന് കൈമാറി. ലൂക്കാസ് പിഴവുകളില്ലാതെ പന്ത് വലയിലെത്തിച്ച് യു.എ.ഇക്ക് ലീഡ് സമ്മാനിച്ചു. എന്നാൽ, അവസാന അഞ്ച് മിനിറ്റ് ബാക്കിനിൽക്കെ, ഈജിപ്ത് സമനില കണ്ടെത്തി. പകരക്കാരനായി ഇറങ്ങിയ കരീം അൽഇറാഖിയുടെ ക്രോസിൽ, മർവാൻ ഹംദിയുടെ കൃത്യമായ ഹെഡ്ഡർ യു.എ.ഇയുടെ പ്രതിരോധം ഭേദിച്ച് ഗോൾവല കുലുക്കി.
നോക്കൗട്ട് സാധ്യത നിലനിർത്താൻ, ചൊവ്വാഴ്ച നടക്കുന്ന അടുത്ത റൗണ്ടിൽ യു.എ.ഇക്ക് കുവൈത്തിനെതിരെ വിജയം അനിവാര്യമാണ്. ഒപ്പം, ഇന്ന് കുവൈത്തിനെ 3-1ന് പരാജയപ്പെടുത്തി യോഗ്യത ഉറപ്പിച്ച ജോർദാനെതിരെ ഈജിപ്ത് തോൽക്കുകയോ സമനില വഴങ്ങുകയോ ചെയ്യണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
