സൗദി പ്രോ ലീഗ് കിരീടം സ്വന്തമാക്കാനുള്ള സുവർണ്ണാവസരം അവസാന നിമിഷം കൈവിട്ട് അൽ നസർ. അൽ അവ്വൽ പാർക്കിൽ നടന്ന ആവേശകരമായ റിയാദ് ഡെർബിയിൽ ചിരവൈരികളായ അൽഹിലാൽ അൽ നസറിനെ 1-1 സമനിലയിൽ തളച്ചു.
മൽസരത്തിന്റെ നിശ്ചിത സമയം വരെ മുന്നിട്ടുനിന്ന ശേഷമാണ് ഇഞ്ചുറി ടൈമിൽ വഴങ്ങിയ അപ്രതീക്ഷിത സെൽഫ് ഗോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസറിന് ജയം നഷ്ടമായത്.
ലീഗിൽ രണ്ട് മൽസരങ്ങൾ മാത്രം ബാക്കിനിൽക്കെ ഈ സമനിലയോടെ കിരീടപ്പോരാട്ടം കൂടുതൽ ആവേശകരമായ ഘട്ടത്തിലേക്ക് നീങ്ങി. മൽസരത്തിൽ വിജയിച്ചിരുന്നെങ്കിൽ രണ്ടാം സ്ഥാനത്തുള്ള അൽഹിലാലിനേക്കാൾ 8 പോയിന്റിന്റെ അപ്രാപ്യമായ ലീഡ് നേടി അൽനസറിന് ചാംപ്യന്മാരാകാമായിരുന്നു.
മൽസരത്തിന്റെ രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈമിന്റെ എട്ടാം മിനിറ്റിലാണ് (90+8') നാടകീയമായ ആ ഗോൾ പിറന്നത്. അൽഹിലാൽ താരത്തിന്റെ ഒരു ലോങ് ത്രോ അൽ നസർ ബോക്‌സിലേക്ക് വീണു. പന്ത് കൈപ്പിടിയിലൊതുക്കാൻ മുന്നോട്ട് ആഞ്ഞു ചാടിയ അൽ നസർ ഗോൾകീപ്പർ ബെന്റോ സ്വന്തം സഹതാരം ഇനിഗോ മാർട്ടിനസുമായി കൂട്ടിയിടിച്ചു. ഇതോടെ ബെന്റോയുടെ കൈകളിൽ നിന്നും തെന്നിമാറിയ പന്ത് ബോക്‌സിലേക്ക് ഉരുണ്ടു കയറുകയായിരുന്നു. അൽ ഹിലാൽ ആരാധകരെ ആവേശത്തിലാഴ്ത്തിയ ഈ സെൽഫ് ഗോൾ അൽ നസർ ക്യാംപിൽ കടുത്ത നിരാശ പടർത്തി.
മൽസരത്തിന്റെ തുടക്കത്തിൽ സന്ദർശകരായ അൽ ഹിലാൽ ആണ് സമ്മർദ്ദം ചെലുത്തിയത്. നാലാം മിനിറ്റിൽ കരിം ബെൻസെമയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും അൽ നസർ കീപ്പർ ബെന്റോ രക്ഷകനായി. 19-ാം മിനിറ്റിൽ ബെൻസെമ വലകുലുക്കിയെങ്കിലും അസിസ്റ്റ് ചെയ്ത മിലിങ്കോവിച്ച്സാവിച്ച് ഓഫ്‌സൈഡ് ആണെന്ന് കണ്ടെത്തിയതോടെ റഫറി ഗോൾ നിഷേധിച്ചു.
തുടർന്ന് കളം നിറഞ്ഞുകളിച്ച നസർ 37-ാം മിനിറ്റിൽ മത്സരത്തിൽ മുന്നിലെത്തി. മാഴ്‌സെലോ ബ്രോസോവിച്ചിന്റെ കോർണർ കിക്ക് അൽ ഹിലാൽ ബോക്‌സിൽ ആശയക്കുഴപ്പമുണ്ടാക്കി. പന്ത് കൃത്യമായി കണക്ട് ചെയ്ത അൽ നസർ ഡിഫെൻഡർ മുഹമ്മദ് സിമാകാൻ മനോഹരമായ വോളിയിലൂടെ പന്ത് വലയിലെത്തിച്ചു (1-0).
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ലീഡ് ഉയർത്താൻ അൽ നസറിന് മികച്ച അവസരം ലഭിച്ചിരുന്നു. മുന്നേറ്റ താരം കിംഗ്സ്ലി കോമാൻ ഗോൾകീപ്പർ യാസിൻ ബൗനുവിനെ മാത്രം മുന്നിൽ നിർത്തി തൊടുത്ത ഷോട്ട് പോസ്റ്റിലിടിച്ചു മടങ്ങി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും മികച്ചൊരു അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. മത്സരം അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ റൊണാൾഡോയെ പരിശീലകൻ സബ്സ്റ്റിറ്റിയൂട്ട് ചെയ്തു.
ഈ സമനിലയോടെ ഈ സീസണിൽ സൗദി പ്രോ ലീഗിൽ തോൽവിയറിയാത്ത കുതിപ്പ് തുടരാൻ അൽഹിലാലിനായി. നിലവിൽ അൽ നസർ തന്നെയാണ് പോയിന്റ് പട്ടികയിൽ മുന്നിലെങ്കിലും അൽ ഹിലാലിന് കിരീടം നിലനിർത്താനുള്ള സാധ്യതകൾ സജീവമാണ്. ശനിയാഴ്ച 'നിയോം' ക്ലബിനെതിരെ നടക്കുന്ന മത്സരം അൽ ഹിലാലിന് നിർണ്ണായകമാണ്. ഈ മത്സരത്തിൽ വിജയിച്ചാൽ അവസാന റൗണ്ട് മത്സരങ്ങളിലെ ഫലത്തെ ആശ്രയിച്ച് അൽഹിലാലിന് കിരീടം നേടാൻ സാധിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
