ഡെറാഡൂണിലെ തണുപ്പിൽ കേരളത്തിന്റെ മെഡൽ വേട്ടയ്ക്ക് വേഗം കുറഞ്ഞ ദിനമായിരുന്നു തിങ്കളാഴ്ച. അത്‌ലറ്റിക്‌സിലെ ട്രിപ്പിൾ ജമ്പിൽ നിന്ന് ഷീന നേടിയ വെള്ളിയും സാന്ദ്ര ബാബുവിന്റെ വെങ്കലവും കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു ഇന്നലെ. നെറ്റ്ബാൾ ഫാസ്റ്റ് ഫൈവിൽ സെമിയിലെത്തി വെങ്കലമുറപ്പിച്ചതാണ് ഇന്നലത്തെ മറ്റൊരു സന്തോഷ വാർത്ത. ഇന്നലത്തെ കുറവ് ഇന്ന് ജിംനാസ്റ്റിക്‌സിലൂടെ തീർക്കാമെന്ന പ്രതീക്ഷയിലാണ് കേരളം.
ഷീനയ്ക്ക് വെള്ളി
സ്വർണം പ്രതീക്ഷിച്ചിറങ്ങിയ വനിതകളുടെ ട്രിപ്പിൾ ജമ്പിൽ നിലവിലെ ചാമ്പ്യനായിരുന്ന എൻ.വി. ഷീനയ്ക്ക് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കഴിഞ്ഞ ദിവസം ലോംഗ് ജമ്പിൽ വെള്ളി നേടിയിരുന്ന സാന്ദ്ര ബാബു വെങ്കലവും നേടി. 13.37 മീറ്റർ ചാടിയ പഞ്ചാബിന്റെ നിഹാരിക വസിഷ്ഠിനാണ് സ്വർണം. ഷീന 13.19 മീറ്ററും സാന്ദ്ര 13.12 മീറ്ററുമാണ് ചാടിയത്.
ആദ്യ ശ്രമത്തിൽ തന്നെ 13.06 മീറ്റർ ചാടി നിഹാരിക കരുത്തറിയിച്ചിരുന്നു. ഷീനയുടെ ആദ്യ ശ്രമം 13.03 മീറ്ററായിരുന്നു. തന്റെ നാലാം ശ്രമത്തിൽ നിഹാരിക സ്വർണദൂരം കണ്ടെത്തിയപ്പോൾ അവസാന ശ്രമത്തിലാണ് ഷീനയ്ക്ക് 13.19 മീറ്ററിലെത്താനായത്. ആദ്യ ശ്രമത്തിൽ 12.84 മീറ്ററിലൊതുങ്ങിയ സാന്ദ്ര തുടർന്നുള്ള രണ്ട് ശ്രമങ്ങളും ഫൗളാക്കി. നാലാം ശ്രമത്തിലാണ് വെങ്കലദൂരം കണ്ടെത്തിയത്. കേരളത്തിന്റെ ഗായത്രി ശിവകുമാറും ഈയിനത്തിൽ മത്സരിക്കാൻ യോഗ്യത നേടിയിരുന്നെങ്കിലും ചാടാനിറങ്ങിയില്ല.
റിലേ പോയ കേരളം
ഒരു കാലത്ത് കുത്തകയായിരുന്ന റിലേയിൽ കേരളത്തിന് ഇന്നലെ റിലേ തെറ്റി. പുരുഷ 4 x 400 മീറ്റർ റിലേയിൽ കേരളം ആറാം സ്ഥാനത്തും വനിതകളിൽ നാലാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. പുരുഷ റിലേയിൽ തമിഴ്‌നാടും വനിതാ റിലേയിൽ പഞ്ചാബും ഒന്നാമതെത്തി. വനിതകളിൽ കർണാടകയും ഹരിയാനയും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. തമിഴ്‌നാടിനെ ബാറ്റൺ കൈമാറ്റത്തിലെ പിഴവിന്റെ പേരിൽ അയോഗ്യരാക്കിയതിനാലാണ് കേരളം നാലാം സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടത്.
അനശ്വര, രേഷ്മ, നിവേദ്യ, അഭിരാമി എന്നിവരാണ് വനിതാ റിലേയിൽ കേരള ടീമിലുണ്ടായിരുന്നത്. പുരുഷ റിലേയിൽ ആദിൽ റിജോയ്, മുഹമ്മദ് ബാസിൽ, അർജുൻ പ്രദീപ് എന്നിവരാണ് കേരളത്തിനായി ട്രാക്കിലിറങ്ങിയത്.
ബിജോയ്, റിജോയ്, പ്രസില്ല ഫൈനലിൽ
പുരുഷ വിഭാഗം 800 മീറ്റർ ഹീറ്റ്‌സിൽ നിന്ന് കേരളത്തിന്റെ ബിജോയ്, റിജോയ് എന്നിവർ ഫൈനലിലേക്ക് യോഗ്യത നേടി. സർവീസസിന്റെ മലയാളി താരം മുഹമ്മദ് അഫ്‌സലും ഫൈനലിലെത്തിയിട്ടുണ്ട്. വനിതാ വിഭാഗം 800 മീറ്ററിൽ പ്രസില്ല ഡാനിയേലും ഫൈനലിലെത്തി. ഇന്നാണ് ഫൈനൽ.
പോൾവാട്ടിൽ ദേശീയ റെക്കോർഡ്
ഇന്നലെ നടന്ന പുരുഷ വിഭാഗം പോൾവാട്ടിൽ ദേശീയ റെക്കോർഡും ഗെയിംസ് റെക്കോർഡും തിരുത്തിയെഴുതി മദ്ധ്യപ്രദേശിന്റെ ദേവ്കുമാർ മീണയുടെ കുതിച്ചുചാട്ടം. 5.32 മീറ്റർ ക്‌ളിയർ ചെയ്ത മീണ തമിഴ്‌നാട്ടുകാരൻ ശിവയുടെ പേരിലുണ്ടായിരുന്ന 5.31 മീറ്ററിന്റെ ദേശീയ റെക്കോർഡാണ് ഇന്നലെ തകർത്തെറിഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്