ആഷസ് പരമ്പരയിലെ ബോക്‌സിംഗ് ഡേ ടെസ്റ്റിൽ മെൽബണിൽ വിക്കറ്റ് പെയ്ത്ത്. ആദ്യ ദിനം 20 വിക്കറ്റുകൾ വീണ മത്സരത്തിൽ ഒന്നാം ഇന്നിംഗ്‌സിൽ ഓസ്‌ട്രേലിയ 152 റൺസിന് ഓൾ ഔട്ടായപ്പോൾ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് 110 റൺസിൽ അവസാനിച്ചു.
ആദ്യ ദിവസം തന്നെ രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ഓസീസ് ഒരോവർ ബാറ്റ് ചെയ്തു. ആദ്യ ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിംഗ്‌സിൽ വിക്കറ്റ് നഷ്ടമില്ലാതെ നാലു റൺസെന്ന നിലയിലാണ് ഓസ്‌ട്രേലിയ. നാലു റൺസുമായി നൈറ്റ് വാച്ച്മാൻ സ്‌കോട് ബോളണ്ടും റണ്ണൊന്നുമെടുക്കാതെ ട്രാവിസ് ഹെഡും ക്രീസിൽ. ആദ്യ ഇന്നിംഗ്‌സിൽ 42 റൺസിന്റെ നിർണായക ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയ ഓസീസിനിപ്പോൾ 10 വിക്കറ്റ് കൈയിലിരിക്കെ 46 റൺസിന്റെ ആകെ ലീഡുണ്ട്.
ക്രിസ്മസിന് പിറ്റേന്ന് നടക്കുന്ന ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഓപ്പണർമാർ 27 റൺടിച്ച് ഭേദപ്പെട്ട തുടക്കമിട്ടെങ്കിലും പിന്നീട് ഓസീസ് തകർന്നടിഞ്ഞു. 12 റൺസെടുത്ത ട്രാവിസ് ഹെഡ് ആദ്യം മടങ്ങിയപ്പോൾ 10 റൺസെടുത്ത ജേക്ക് വെതറാൾഡ് പിന്നാലെ കൂടാരം കയറി. മാർനസ് ലാബുഷെയ്‌നിനും(6), നായകൻ സ്റ്റീവ് സ്മിത്തിനും(9) ക്രീസിൽ അധികം ആയുസുണ്ടായില്ല. ഇരുവരെയും ജോഷ് ടങാണ് മടക്കിയത്.
പൊരുതി നോക്കിയ ഉസ്മാൻ ഖവാജയും(29) അലക്‌സ് ക്യാരിയും(20) കൂട്ടത്തകർച്ചയിലും പിടിച്ചു നിൽക്കാൻ നോക്കിയെങ്കിലും അധികം നീണ്ടില്ല. 91-6ലേക്ക് വീണ ഓസീസിനെ കാമറൂൺ ഗ്രീനും മൈക്കൽ നേസറും(35) ചേർന്ന് 143ൽ എത്തിച്ചെങ്കിലും ഇരുവരും മടങ്ങിയതോടെ ഓസീസ് 152 റൺസിന് പുറത്തായി. ഇംഗ്ലണ്ടിനായി ജോഷ് ടങ് അഞ്ച് വിക്കറ്റെടുത്തപ്പോൾ ഗുസ് അറ്റ്കിൻസൺ രണ്ട് വിക്കറ്റെടുത്തു.
ഓസീസിനെ കുറഞ്ഞ സ്‌കോറിലൊതുക്കിയതിന്റെ ആവേശത്തിൽ ക്രീസിലിറങ്ങി ഇംഗ്ലണ്ടിനും തുടക്കത്തിലെ അടി തെറ്റി. ഓപ്പണർ സാക് ക്രോളി(5) മൂന്നാം ഓവറിൽ സ്റ്റാർക്കിന് മുന്നിൽ വീണപ്പോൾ ജേക്കബ് ബേഥലിനെ(1) മൈക്കൽ നേസർ മടക്കി. ബെൻ ഡക്കറ്റിനെ(2) സ്റ്റാർക്ക് തന്റെ അടുത്ത ഓവറിൽ വീഴ്ത്തിയപ്പോൾ 15 പന്ത് നേരിട്ടെങ്കിലും അക്കൗണ്ട് തുറക്കാനാവാതെ(0) ജോ റൂട്ടും വീണു, ഹാരി ബ്രൂക്ക്(34 പന്തിൽ 41) തകർത്തടിച്ചെങ്കിലും ബെൻ സ്റ്റോക്‌സ്(16), ഗുസ് അറ്റ്കിൻസൺ(28) എന്നിവർ മാത്രമാണ് പിന്നീട് ഇംഗ്ലണ്ട് നിരയിൽ രണ്ടക്കം കടന്നത്.
83-8ലേക്കും 91-9ലേക്കും കൂപ്പുകുത്തിയ ഇംഗ്ലണ്ടിനെ അറ്റ്കിൻസണിന്റെ ചെറുത്തുനിൽപ്പാണ് 100 കടത്തിയത്. 42 റൺസിന്റെ നിർണായക ഒന്നാം ഇന്നിംഗ്‌സ് ലീഡ് സ്വന്തമാക്കിയ ഓസീസിനായി മൈക്കൽ നേസർ നാലും സ്‌കോട് ബോളണ്ട് മൂന്നും മിച്ചൽ സ്റ്റാർക്ക് രണ്ടും വിക്കറ്റെടത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
