തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവും രാഹുലിന്റ അടുത്ത സുഹൃത്തുമായ ഫെന്നി നൈനാനെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിട്ടുള്ളത് ഗൗരവമേറിയ ആരോപണങ്ങൾ എന്ന് റിപ്പോർട്ട്.
ഫെന്നി അശ്ലീലവും അപമാനകരവുമായ പരാമർശങ്ങൾ നടത്തിയതായി ആണ് എഫ്‌ഐആറിൽ പറയുന്നത്. പരാതിക്കാരിയുടെ സ്ത്രീത്വത്തെ അവഹേളിക്കുന്ന രീതിയിലുള്ള ഉള്ളടക്കങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതെന്നും രേഖയിൽ ചൂണ്ടിക്കാട്ടുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫെന്നിക്കെതിരെ ഈ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. പരാതിക്കാരിയുടെ തിരിച്ചറിയൽ വിവരങ്ങൾ പുറത്ത് വിട്ടതടക്കമുള്ള കുറ്റങ്ങളും ഫെന്നിക്കെതിരെ ചുമത്തിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പുകളും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേസ് തിരുവനന്തപുരം സൈബർ പൊലീസിൽ നിന്ന് പത്തനംതിട്ട സൈബർ പൊലീസിന് കൈമാറിയതായി അധികൃതർ വ്യക്തമാക്കി.
രാഹുലിനെതിരെ പരാതി നൽകിയ അതിജീവിതയെ സൈബർ ഇടങ്ങളിൽ ലക്ഷ്യമിട്ട് അധിക്ഷേപിച്ചുവെന്ന പരാതിയിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. പരാതിക്കാരിയെ അപകീർത്തിപ്പെടുത്താനുള്ള ഉദ്ദേശത്തോടെ സ്വകാര്യ ചാറ്റുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ പൊതുജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ചുവെന്നതാണ് കേസ്. പ്രത്യേക അന്വേഷണ സംഘത്തിന്റെ പരാതിയെ തുടർന്നാണ് സൈബർ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
രാഹുലിനെതിരായ മൂന്നാമത്തെ ബലാത്സംഗ കേസിലെ അതിജീവിതയുമായി നടത്തിയ വാട്സാപ്പ് സംഭാഷണത്തിന്റെ സ്ക്രീൻഷോട്ടുകളാണ് ഫെന്നി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. മുൻപും രാഹുലിനെ പിന്തുണച്ച് ഫെന്നി പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ഇത്തരം ഉള്ളടക്കങ്ങൾ പങ്കുവെച്ചതെന്ന് പൊലീസ് സംശയിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
