ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ സ്റ്റണ്ട്മാൻ മരിച്ച സംഭവത്തിൽ കേസ്. സ്റ്റണ്ട് കോർഡിനേറ്ററായ കാഞ്ചീപുരം പൂങ്കണ്ടം സ്വദേശി മോഹൻരാജ് (52) ആണ് മരിച്ചത്. പാ രഞ്ജിത്ത് -ആര്യ ചിത്രം വേട്ടുവയിലെ കാർ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഇന്നലെ പുറത്തുവന്നിരുന്നു. അതിവേഗത്തിലെത്തിയ എസ്യു.വി റാമ്പിലൂടെ ഓടിച്ചുകയറ്റി പറപ്പിക്കുന്ന രംഗമാണ് ചിത്രീകരിച്ചിരുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട വാഹനം വായുവിൽ ഒരുതവണ മലക്കം മറിഞ്ഞ് ഇടിച്ചുകുത്തി വീഴുകയായിരുന്നു.
തുടർന്ന് ക്രൂ അംഗങ്ങൾ ഓടിയെത്തി രാജുവിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാവിലെ പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം കുടുംബത്തിന് കൈമാറി. നിരവധി സിനിമകളിൽ സ്റ്റണ്ട്മാനായി രാജു പ്രവർത്തിച്ചിട്ടുണ്ട്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് 4 പേർക്കെതിരെ കേസെടുത്തു. സംവിധായകൻ പാ രഞ്ജിത്തടക്കം സ്റ്റണ്ട് കൊറിയോഗ്രഫർ വിനോദ്, നിർമ്മാതാക്കളായ നീലം പ്രൊഡക്ഷൻസിന്റെ ചുമതലയുള്ള രാജ്കമൽ, പ്രഭാകരൻ എന്നിവർക്കെതിരെയാണ് കേസ്. മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. അതേസമയം വിഷയത്തിൽ പാ രഞ്ജിത്തും ആര്യയും ഇതുവരെ പ്രതികരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്