ഹൈദരാബാദ്: കൊച്ചിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി തെന്നിന്ത്യന്‍ നടി സാമന്ത. മരണപ്പെട്ട കുട്ടിയുടെ മാതാവിന്റെ വാക്കുകള്‍ കൂടി പങ്കുവച്ചുകൊണ്ടാണ് സാമന്ത പ്രതികരണവുമായി രംഗത്തെത്തിയത്. റാഗിങ് മൂലമാണ് പതിനഞ്ചുകാരനായ മിഹിര്‍ അഹമ്മദ് എന്ന വിദ്യാര്‍ത്ഥി മരിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാമന്ത ഇന്‍സ്റ്റഗ്രാമില്‍ തന്റെ അഭിപ്രായം അറിയിച്ചത്.
വാര്‍ത്തകേട്ട് താന്‍ ആകെ തകര്‍ന്നുവെന്നും ബുള്ളിയിങ് ഒരു ഗുരുതരമായ കുറ്റമായി കണക്കാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താരം കുറിച്ചു. '#JusticeForMihir' എന്നെഴുതിയ വിദ്യാര്‍ത്ഥിയുടെ അമ്മ എഴുതിയ കുറിപ്പും സാമന്ത പോസ്റ്റ് ചെയ്തിരുന്നു. 'ഈ വാര്‍ത്ത എന്നെ ആകെ തകര്‍ത്തു! ഇത് 2025 ആണ്. എന്നിട്ടും, വെറുപ്പും വിഷവും നിറഞ്ഞ കുറച്ചു പേര്‍ ചേര്‍ന്ന് ഒരാളെ നാശത്തിലേക്ക് തള്ളിവിട്ടതിനാല്‍ നമുക്ക് മറ്റൊരു ശോഭനമായ യുവജീവിതം കൂടി നഷ്ടപ്പെട്ടു.' എന്നായിരുന്നു സാമന്ത കുറിച്ചത്.
'മാനസികവും വൈകാരികവും ചിലപ്പോള്‍ ശാരീരികവുമായ ആക്രമണമാണ് ഇത്. പ്രത്യക്ഷത്തില്‍ നമുക്ക് കര്‍ശനമായ റാഗിങ് വിരുദ്ധ നിയമങ്ങളുണ്ട്, എന്നിട്ടും നമ്മുടെ വിദ്യാര്‍ത്ഥികള്‍ നിശബ്ദരായി. സംസാരിക്കാന്‍ ഭയപ്പെടുന്നു, അനന്തരഫലങ്ങളെ ഭയപ്പെടുന്നു, ആരും കേള്‍ക്കില്ലെന്ന് ഭയപ്പെടുന്നു. എവിടെയാണ് നമ്മള്‍ പരാജയപ്പെടുന്നത്. ഈ വാര്‍ത്തയെ വെറും അനുശോചനം കൊണ്ട് നേരിടാനാകില്ലെന്നും അതില്‍ നടപടി ആവശ്യപ്പെടുന്നു. അധികാരികള്‍ ഇതിന്റെ എല്ലാവശവും പരിശോധിക്കുമെന്ന് ഞാന്‍ കരുതുന്നു. ഈ സംവിധാനങ്ങള്‍ സത്യം നിശബ്ദമാക്കില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. മിഹിറിന് നീതി ലഭിക്കണം. അവന്റെ മാതാപിതാക്കള്‍ അത് അര്‍ഹിക്കുന്നു. കര്‍ശനമായ നടപടി ഉടന്‍ സ്വീകരിക്കണം'- നടി വ്യക്തമാക്കി.
'നമുക്ക് നമ്മുടെ കുട്ടികളെ സഹാനുഭൂതിയും ദയയും പഠിപ്പിക്കാം, ഭയവും വിധേയത്വവും വേണ്ട. മിഹിറിന്റെ മരണം ഒരു ഉണര്‍വ് വരുത്തണം. അവനുവേണ്ടിയുള്ള നീതി അര്‍ത്ഥമാക്കുന്നത് മറ്റൊരു വിദ്യാര്‍ത്ഥിക്കും ഇതേ വേദന സഹിക്കേണ്ടിവരില്ലെന്ന് ഉറപ്പാക്കുക എന്നതാണ്. അത്രമാത്രം നമ്മള്‍ അവനോട് കടപ്പെട്ടിരിക്കുന്നു' സാമന്ത കൂട്ടിച്ചേര്‍ത്തു.
നേരത്തെ നടി അനുമോള്‍ ഉള്‍പ്പെടെയുള്ള താരങ്ങളും സമാനമായ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. പൃഥ്വിരാജും വിഷയത്തില്‍ പ്രതികരിച്ച് രംഗത്ത് വന്നു. കുട്ടികളെ ആദ്യം പഠിപ്പിക്കേണത് സഹാനുഭൂതി ആണെന്നും നടന്‍ കുറിച്ചിരുന്നു. വീടുകളിലും സ്‌കൂളുകളിലും സഹാനുഭൂതിയാണ് കുട്ടികളെ ആദ്യം പഠിപ്പിക്കേണ്ടത് എന്നായിരുന്നു പൃഥ്വിരാജിന്റെ കുറിപ്പ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്