ന്യൂഡൽഹി: തന്റെ പേരും ചിത്രവും അനുമതിയില്ലാതെ വാണിജ്യആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് തെലുങ്ക് താരം നാഗ ചൈതന്യ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. അനുമതിയില്ലാത്ത മെർച്ചൻഡൈസ് ലിസ്റ്റിംഗുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമിച്ച വ്യാജ ഉള്ളടക്കങ്ങൾ, അശ്ലീലമായ സെർച്ച് ടേമുകൾ എന്നിവയ്‌ക്കെതിരെയാണ് നടൻ ഹർജി നൽകിയത്.
കേസ് പരിഗണിച്ച ജസ്റ്റിസ് ജ്യോതി സിംഗ്, ഹർജിയിൽ എതിർകക്ഷികൾക്ക് സമൻസ് അയക്കാൻ ഉത്തരവിടുകയും നടന്റെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.
മുൻഭാര്യ സാമന്ത റൂത്ത് പ്രഭുവിനെ നാഗചൈതന്യ ചതിച്ചുവെന്നും അവരുടെ കരിയർ നശിപ്പിച്ചു എന്നും വരുത്തിതീർക്കുന്ന തരത്തിലുള്ള ഓൺലൈൻ ഉള്ളടക്കങ്ങളെ നടന്റെ അഭിഭാഷകൻ വൈഭവ് ഗഗ്ഗർ കോടതിയിൽ പ്രത്യേകം ചൂണ്ടിക്കാട്ടി. ഇത്തരം ഉള്ളടക്കങ്ങൾ കേവലം വിമർശനങ്ങളല്ലെന്നും മറിച്ച് വ്യക്തിഹത്യ ലക്ഷ്യമിട്ടുള്ള അനാവശ്യമായ ട്രോളിംഗാണെന്നും അഭിഭാഷകൻ വാദിച്ചു.
പല വെബ്‌സൈറ്റുകളും ഡിജിറ്റൽ ട്രാഫിക് വർദ്ധിപ്പിക്കാനായി ചൈതന്യയുടെ പേരിനൊപ്പം മോശമായ സെർച്ച് ടേമുകൾ ഉപയോഗിക്കുന്നതായും കോടതിയെ അറിയിച്ചു. ഡീപ്പ് ഫേക്ക് സാങ്കേതികവിദ്യ, വോയ്‌സ് ക്ലോണിംഗ് എന്നിവ ഉപയോഗിച്ച് വ്യാജമായ ദൃശ്യശ്രവ്യ ഉള്ളടക്കങ്ങൾ നിർമിച്ച് പ്രചരിപ്പിക്കുന്നത് നടന്റെ അന്തസ്സിനും സ്വകാര്യതയ്ക്കും വലിയ ദോഷം വരുത്തുന്നുവെന്ന് ഹർജിയിൽ പറയുന്നു. യൂട്യൂബിലെ അപകീർത്തികരമായ വീഡിയോകളും ഇതിന്റെ ഭാഗമായി കോടതിയിൽ ഹാജരാക്കി.
പൊതുപ്രവർത്തനത്തിലും കലാരംഗത്തുമുള്ളവർ വിമർശനങ്ങൾക്ക് വിധേയരാകാമെങ്കിലും അതിന് കൃത്യമായ അതിർവരമ്പുകളുണ്ടെന്ന് ജസ്റ്റിസ് ജ്യോതി സിംഗ് നിരീക്ഷിച്ചു. പൊതുജീവിതത്തിലുള്ളവർ മറ്റുള്ളവരേക്കാൾ കൂടുതൽ വ്യക്തിഹത്യയ്ക്ക് ഇരയാകാൻ സാധ്യതയുള്ളവരാണെങ്കിലും അത് അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. പരാതിയിൽ സൂചിപ്പിച്ചിരിക്കുന്ന ചില ലിങ്കുകൾ അതിർവരമ്പുകൾ ലംഘിക്കുന്നവയാണെന്ന് നിരീക്ഷിച്ച കോടതി കേസ് കൂടുതൽ വാദത്തിനായി സെപ്റ്റംബർ 30-ലേക്ക് മാറ്റി. നേരത്തെ നാഗ ചൈതന്യയുടെ പിതാവും നടനുമായ നാഗാർജുന അക്കിനേനിയും സമാനമായ രീതിയിൽ വ്യക്തിത്വ അവകാശ സംരക്ഷണത്തിനായി ഡൽഹി ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
