കൊച്ചി: ഒരു കാലത്ത് മലയാള സിനിമാ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയ ഫോർ ദി പീപ്പിൾ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നു. വർഷങ്ങൾക്കിപ്പുറം ചിത്രത്തിന്റെ റീ-റിലീസ് പ്രഖ്യാപനവുമായി സംവിധായകൻ ജയരാജ് രംഗത്തെത്തി.
സിനിമയുടെ തിരിച്ചുവരവ് സംബന്ധിച്ച വിവരം പങ്കുവെച്ച ജയരാജ്, “കേരളക്കരയെ മുഴുവൻ നൃത്തം ചെയ്യിച്ച സിനിമയായിരുന്നു അത്. ഇന്നും ആളുകൾ വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ചിത്രം. അതുകൊണ്ടാണ് ഞങ്ങൾ വീണ്ടും ആ സിനിമയുമായി എത്തുന്നത്. അടുത്ത മാസങ്ങളിൽ തന്നെ റിലീസ് ചെയ്യാനാണ് പദ്ധതി,” എന്ന് വ്യക്തമാക്കി.
അരുൺ, ഭരത്, അർജുൻ, നരെയ്ൻ, ഗോപിക എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം യുവതലമുറയ്ക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ജയരാജിന്റെ കഥയ്ക്ക് ഇക്ബാൽ കുറ്റിപ്പുറം ആയിരുന്നു തിരക്കഥ ഒരുക്കിയത്.
ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നായിരുന്നു ജാസി ഗിഫ്റ്റ് ഒരുക്കിയ ഗാനങ്ങൾ. ‘ലജ്ജാവതി’ ഉൾപ്പെടെയുള്ള ഗാനങ്ങൾ ഇന്നും മലയാളികളുടെ പ്ലേലിസ്റ്റുകളിൽ ഇടംപിടിക്കുന്ന ട്രെൻഡ്സെറ്റർ ഹിറ്റുകളായാണ് വിലയിരുത്തപ്പെടുന്നത്.
ഏകദേശം 40 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ചിത്രം തിയേറ്ററുകളിൽ നിന്ന് മൂന്ന് കോടിയോളം രൂപ സ്വന്തമാക്കി വൻ വിജയമായി മാറിയിരുന്നു. സിനിമയുടെ ജനപ്രീതിയെ തുടർന്ന് പിന്നീട് രണ്ട് ഭാഗങ്ങളും പുറത്തിറങ്ങിയിരുന്നു.
അടുത്തിടെ മലയാള സിനിമയിൽ റീ-റിലീസ് ചിത്രങ്ങൾ മികച്ച പ്രതികരണം നേടുന്ന സാഹചര്യത്തിൽ ‘ഫോർ ദി പീപ്പിൾ’ക്കും അതേ സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. നിലവിൽ അല്ലു അർജുന്റെ ഹാപ്പിയുടെ റീ-റിലീസിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
4K അൾട്രാ ഇംപാക്റ്റ് സാങ്കേതിക മികവോടെയാണ് ‘ഫോർ ദി പീപ്പിൾ’ വീണ്ടും തിയേറ്ററുകളിലെത്തുന്നത്. സിനിമയുടെ പ്രഖ്യാപനം പുറത്തുവന്നതോടെ പഴയ ഹിറ്റുകൾ വീണ്ടും ബിഗ് സ്ക്രീനിൽ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
