ഇത്തവണത്തെ കാന്‍ ചലച്ചിത്രമേളയില്‍ സഭ്യമല്ലാത്ത വസ്ത്രങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സെലിബ്രിറ്റികളുടെ വസ്ത്രധാരണത്തിന് നിയന്ത്രണങ്ങളേര്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതുപ്രകാരം നഗ്‌നതാപ്രദര്‍ശനത്തിനും വലിപ്പമേറിയ വസ്ത്രങ്ങള്‍ക്കും റെഡ് കാര്‍പ്പറ്റില്‍ വിലക്കുണ്ടായിരുന്നു.
2022 ല്‍ നടന്ന മാറുമറയ്ക്കാതെയുള്ള പ്രതിഷേധം, ഗ്രാമി പുരസ്‌കാര ദാന ചടങ്ങിലെ സുതാര്യമായ വസ്ത്രധാരണം എന്നീ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു തീരുമാനമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ മേള തുടങ്ങി ആദ്യ ദിവസം തന്നെ ഈ ഡ്രസ് കോഡ് ലംഘിച്ചിരിക്കുകയാണ് പല സെലിബ്രിറ്റികളും. ഫാഷനെ നിയന്ത്രിക്കുക എന്നതല്ല ലക്ഷ്യമെന്ന് ഡ്രസ് കോഡ് പ്രഖ്യാപിക്കവെ സംഘടകര്‍ വിശദീകരിച്ചിരുന്നു. റെഡ് കാര്‍പ്പറ്റ് പരിപാടികളില്‍ പൂര്‍ണ്ണമായ നഗ്‌നതാ പ്രദര്‍ശനമടക്കം ഒഴിവാക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഇത്തരം വസ്ത്രങ്ങള്‍ ധരിച്ചെത്തുന്നവര്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നും സംഘാടകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി ജര്‍മന്‍-അമേരിക്കന്‍ മോഡലും ടെലിവിഷന്‍ താരവുമായ ഹെയ്ദി ക്ലം ആണ് ഡ്രസ് കോഡ് ലംഘിച്ചവരില്‍ പ്രധാനി. കഴിഞ്ഞ വര്‍ഷം കാനിലെ റെഡ് കാര്‍പ്പറ്റില്‍ ചുവന്ന ഓഫ്-ഷോള്‍ഡര്‍ ഗൗണാണ് ഹെയ്ദി ധരിച്ചത്. ഡ്രസ് കോഡ് ബാധകമായ 78-ാമത് കാനില്‍ പിങ്കും വെള്ളയും കലര്‍ന്ന ഓഫ് ഷോള്‍ഡര്‍ ഗൗണാണ് ഹെയ്ദി ധരിച്ചത്. വലിപ്പമേറിയ ഈ വമ്പന്‍ ഗൗണിന്റെ ഭാഗങ്ങള്‍ 'തീവണ്ടി' പോലെ താരത്തിന് പിന്നിലുണ്ടായിരുന്നു. ഡ്രസ് കോഡ് പ്രകാരം കാനില്‍ നിരോധനമുള്ള വസ്ത്രമാണിത്.
അമേരിക്കന്‍ മോഡലായ ബെല്ല ഹദിദാണ് മറ്റൊരാള്‍. കറുത്ത നിറത്തിലുള്ള ആകര്‍ഷകമായ സ്ലിറ്റ് ഗൗണ്‍ ധരിച്ചാണ് ബെല്ല റെഡ് കാര്‍പ്പറ്റിലെത്തിയത്. വാന്‍ ക്വിയാന്‍ഹുയി എന്ന ചൈനീസ് നടിയും കാനിലെ ഡ്രസ് കോഡ് ലംഘിച്ചു. പഞ്ഞിക്കെട്ടുപോലുള്ള മേഘങ്ങളെ അനുസ്മരിപ്പിക്കുന്ന വെള്ള ഗൗണാണ് വാന്‍ ധരിച്ചിരുന്നത്. വലിയ കോട്ടണ്‍ ഗോളങ്ങള്‍ തുന്നിച്ചേര്‍ത്ത ഭീമന്‍ വസ്ത്രം പ്രത്യക്ഷത്തില്‍ തന്നെ ഡ്രസ് കോഡിന്റെ ലംഘനമായിരുന്നു.
മുമ്പ് റഷ്യയുടെ ചാരവനിതയും ഇപ്പോള്‍ പ്രഭാഷകയും നടിയുമായ ആലിയ റോസയും ഡ്രസ് കോഡിന് വിരുദ്ധമായി വലിയ വസ്ത്രം ധരിച്ചാണ് റെഡ് കാര്‍പ്പറ്റിലെത്തിയത്. അതേസമയം അമേരിക്കന്‍ നടി ഹല്ലെ ബെറി ഡ്രസ് കോഡ് നിലവില്‍ വന്നതിനെ തുടര്‍ന്ന് നേരത്തേ തീരുമാനിച്ച വസ്ത്രം മാറ്റി പകരം ഡ്രസ് കോഡിന് അനുസൃതമായ വസ്ത്രം ധരിച്ചാണ് കാനിലെത്തിയത്.
പരിഷ്‌കരിച്ച ചാര്‍ട്ടര്‍ പ്രകാരം ഫെസ്റ്റിവല്‍ വേദിയിലൂടെയുള്ള സഞ്ചാരം തടസപ്പെടുത്തുന്നതോ ഇരിപ്പിടങ്ങളുടെ ക്രമീകരണത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതോ ആയ തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ക്ക് പ്രവേശനം നിഷേധിക്കാന്‍ ഫെസ്റ്റിവലിന് അധികാരമുണ്ടാകും.
കാനിലെ റെഡ് കാര്‍പ്പറ്റ് വസ്ത്രധാരണ നിയന്ത്രണങ്ങള്‍ വളരെക്കാലമായി വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. രാത്രികാല പ്രദര്‍ശനങ്ങള്‍ക്ക് എത്തുന്നവരുടെ വസ്ത്രധാരണത്തിന് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കാന്‍ അതിന്റെ പാരമ്പര്യമായ ഔന്നത്യവും പ്രൗഢിയും നിലനിര്‍ത്താന്‍ പ്രതിജ്ഞാബദ്ധമാണെങ്കിലും, ഫാഷന്‍ സ്വാതന്ത്ര്യത്തെ മര്യോദയോടെയും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത തരത്തിലും നിയന്ത്രിക്കേണ്ടിവരുമെന്നാണ് സംഘാടകര്‍ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്