തന്റെ മുൻഭാര്യ ആർതിക്കും അവരുടെ മാതാവും സിനിമാ നിർമാതാവുമായ സുജാത വിജയകുമാറിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് തമിഴ് നടൻ രവി മോഹൻ കഴിഞ്ഞ ദിവസങ്ങളിൽ ഉന്നയിച്ചത്. വർഷങ്ങളോളം നീണ്ടു നിന്ന ശാരീരിക, മാനസിക, വൈകാരിക, സാമ്പത്തിക പീഡനങ്ങളെ അതിജീവിച്ച ആളാണ് താനെന്നും ആ വർഷങ്ങളിൽ സ്വന്തം മാതാപിതാക്കളെ കാണാൻ കഴിയാതെ ഒറ്റപ്പെട്ടിരുന്നുവെന്നും ആണ് പ്രധാനമായും നടൻ പറഞ്ഞത്.
അതേസമയം തന്റെ കുടുംബം തകർത്തത് ആർതിയുടെ മാതാവായിരുന്നുവെന്നും രവി മോഹൻ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴിതാ സുജാത വിജയകുമാർ സോഷ്യൽ മീഡിയയിലൂടെ നടന്റെ ആരോപണങ്ങളിൽ വ്യക്തത വരുത്തിയിരിക്കുകയാണ്. സുജാത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ചർച്ചയാവുന്നത്.
പോസ്റ്റിന്റെ പൂർണ രൂപം
കഴിഞ്ഞ 25 വർഷമായി ഇവിടെയുളള നിർമാതാവാണ് ഞാൻ. ഇത്രയും കാലത്തിനുളളിൽ എന്റെ സിനിമകൾ റിലീസ് ചെയ്യുമ്പോഴല്ലാതെ മാദ്ധ്യമങ്ങളുമായി സംസാരിക്കേണ്ടി വന്നിട്ടില്ല. ഇപ്പോൾ എനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പരസ്യമായി മറുപടി പറയാൻ നിർബന്ധിതയായിരിക്കുകയാണ്. കുടുംബം തകർത്തു, സ്വത്തും പണവും തട്ടിയെടുത്തു, ദ്രോഹിച്ചു എന്നൊക്കെയാണ് എനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ. നിശബ്ദയായിരിക്കാനാണ് ഇത്രയും കാലം തീരുമാനിച്ചത്.
എന്നാലിപ്പോൾ ആ മൗനം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണ്. ഞങ്ങളുടെ കുടുംബത്തിന്റെ സമാധാനം പോലും കണക്കിലെടുക്കാതെയാണ് ഇപ്പോൾ സംസാരിക്കുന്നത്. ഞാൻ നിർമിച്ച ആദ്യ ചിത്രം വിജയമായിരുന്നു. ശേഷം ഞാൻ ടിവി പ്രൊഡക്ഷനുമായി മുന്നോട്ട് പോകുകയായിരുന്നു. രവി മോഹനാണ് വീണ്ടും സിനിമ നിർമിക്കാൻ പറഞ്ഞത്. രണ്ടാമത്തെ ചിത്രം പരാജയപ്പെട്ടെങ്കിലും വീണ്ടും സിനിമ നിർമിക്കാൻ രവി മോഹൻ ആവശ്യപ്പെട്ടു.
രവി മോഹനെ നായകനാക്കി നിർമിച്ച ചിത്രങ്ങൾക്കുമായി നൂറ് കോടിയോളം രൂപയാണ് ഫിനാൻസര്‍മാരില്‍ നിന്ന് ഞാന്‍ വാങ്ങിയത്. ഇതിന്റെ 25 ശതമാനം വേതനമായി അയാൾക്കാണ് നൽകിയത്. ഇതിന്റെ എല്ലാ രേഖകളും തെളിവുകളും എന്റെ കൈവശമുണ്ട്. സാമ്പത്തിക ഇടപാടുകള്‍ക്കായി തന്റെ പേര് ഉപയോഗിച്ചുവെന്നാണ് ഇപ്പോള്‍ രവി മോഹൻ ആരോപിക്കുന്നത്. ഒരിക്കലും അദ്ദേഹത്തിന്റെ പേര് ദുരുപയോഗം ചെയ്തിട്ടില്ല. ഞാൻ അവരുടെ കുടുംബം തകർത്തിട്ടില്ല.
എന്റെ മരുമകനായിരുന്ന രവി മോഹനെ അവനെ അപകടത്തിൽപ്പെടുത്താൻ എങ്ങനെ കഴിയും? അവനെ സംരക്ഷിക്കാനായി എത്രയോ രേഖകളില്‍ ഞാന്‍ ഒപ്പുവച്ചു. ചിലപ്പോള്‍ ഫിനാന്‍സര്‍മാര്‍ തരുന്ന വെള്ളക്കടലാസിലും ഒപ്പുവച്ചു, അനന്തരഫലം എന്താണെന്ന് പോലും ആലോചിക്കാതെ. അവന്റെ പേരിന് ഒന്നും സംഭവിക്കാതിരിക്കാനാണ് ഞാനിതെല്ലാം ചെയ്തത്.ഒരു വര്‍ഷത്തോളം രവി മോഹനുമായി സംസാരിക്കാൻ ഞാന്‍ ശ്രമിച്ചു. സിനിമാനിർമാതാവ് എന്ന നിലയിലല്ല, മറിച്ച് ഒരമ്മയായി, അമ്മായിയമ്മയായി. കുടുംബത്തിൽ സമാധാനം കൊണ്ടുവരാനായിരുന്നു രവി മോഹനുമായി സംസാരിക്കാൻ ശ്രമിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്