ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണം സമൂഹത്തെ ഭിന്നിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് നടത്തിയതെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഈ നീചമായ പ്രവൃത്തിക്കെതിരെ പോരാടാനും ഭീകരതയെ പരാജയപ്പെടുത്താനും രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ശ്രീനഗറിലെ ഇന്ത്യന്‍ ആര്‍മിയുടെ ആശുപത്രിയില്‍ പരിക്കേറ്റ വിനോദസഞ്ചാരികളെ സന്ദര്‍ശിച്ച രാഹുല്‍, പൗരന്മാരോട് ഐക്യത്തോടെയിരിക്കാനും അഭ്യര്‍ത്ഥിച്ചു.
'ഇതൊരു ഭയാനകമായ ദുരന്തമാണ്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാനും സഹായിക്കാനുമാണ് ഞാന്‍ ഇവിടെ വന്നത്. ജമ്മു കശ്മീരിലെ മുഴുവന്‍ ജനങ്ങളും ഈ ഭയാനകമായ പ്രവൃത്തിയെ അപലപിക്കുകയും ഇപ്പോള്‍ രാജ്യത്തെ പൂര്‍ണ്ണമായി പിന്തുണയ്ക്കുകയും ചെയ്യുന്നു,' രാഹുല്‍ ഗാന്ധി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഭീകരാക്രമണത്തെത്തുടര്‍ന്ന് രാജ്യത്തുടനീളം കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഭീഷണിയും പീഡനവും ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നതില്‍ രാഹുല്‍ ഗാന്ധി ആശങ്ക പ്രകടിപ്പിച്ചു.
'കശ്മീരില്‍ നിന്നും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുമുള്ള എന്റെ സഹോദരീസഹോദരന്മാരെ ചിലര്‍ ആക്രമിക്കുന്നത് കാണുന്നത് സങ്കടകരമാണ്. ഈ നീചമായ നടപടിക്കെതിരെ പോരാടാനും ഭീകരതയെ എന്നെന്നേക്കുമായി പരാജയപ്പെടുത്താനും ഐക്യത്തോടെയും ഒരുമിച്ച് നില്‍ക്കേണ്ടത് അത്യാവശ്യമാണ്,' അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായും ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുമായും രാഹുല്‍ ശ്രീനഗറില്‍ കൂടിക്കാഴ്ച നടത്തി. 'എന്താണ് സംഭവിച്ചതെന്ന് അവര്‍ എന്നെ അറിയിച്ചു, ഞാനും ഞങ്ങളുടെ പാര്‍ട്ടിയും അവരെ പൂര്‍ണ്ണമായി പിന്തുണയ്ക്കുമെന്ന് ഞാന്‍ ഇരുവര്‍ക്കും ഉറപ്പ് നല്‍കി,' രാഹുല്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്