ന്യൂഡെല്‍ഹി: പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രസിഡന്റ് ദ്രൗപതി മുര്‍മു നടത്തിയ പ്രസംഗത്തോടുള്ള കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പ്രതികരണം വിവാദമായി. 'അവസാനമായപ്പോഴേക്കും രാഷ്ട്രപതി വല്ലാതെ തളര്‍ന്നിരുന്നു... അവര്‍ക്ക് സംസാരിക്കാന്‍ പ്രയാസമാണ്, പാവം,' എന്നായിരുന്നു സോണിയ ഗാന്ധിയുടെ പ്രതികരണം. രാഷ്ട്രപതിയെ അപമാനിച്ചതിന് സോണിയാ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
'മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ ശ്രീമതി സോണിയാ ഗാന്ധി രാഷ്ട്രപതിയെ പരാമര്‍ശിക്കാന്‍ 'പാവം' എന്ന പ്രയോഗം ഉപയോഗിക്കുന്നത് അഗാധമായ അനാദരവും പരമോന്നത ഭരണഘടനാ പദവിയുടെ അന്തസ്സിനോടുള്ള പ്രതിപക്ഷത്തിന്റെ തുടര്‍ച്ചയായ അവഗണനയെ അടിവരയിടുന്നതുമാണ്. നിര്‍ഭാഗ്യവശാല്‍, ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല,' കേന്ദ്രമന്ത്രിയും ബിജെപി അധ്യക്ഷനുമായ ജെപി നദ്ദ എക്സില്‍ പറഞ്ഞു.
സര്‍ക്കാരിന്റെ നേട്ടങ്ങള്‍ രാഷ്ട്രപതി ഉയര്‍ത്തിക്കാട്ടുമ്പോള്‍, പ്രതിപക്ഷം ജന്‍മിത്ത ചിന്താഗതിയാലാണ് നയിക്കപ്പെടുന്നതെന്നും നദ്ദ ആരോപിച്ചു. പിന്നാക്ക വിഭാഗങ്ങളുടെയും സ്ത്രീകളുടെയും ശാക്തീകരണത്തെ പരിഹസിക്കുകയാണ് കോണ്‍ഗ്രസെന്നും നദ്ദ കുറ്റപ്പെടുത്തി.
''സോണിയ ഗാന്ധിയുടെയും മറ്റ് പ്രതിപക്ഷ നേതാക്കളുടെയും പരാമര്‍ശങ്ങളെ ഞാന്‍ അപലപിക്കുന്നു. ഗോത്രവര്‍ഗക്കാരിയായ ഞങ്ങളുടെ രാഷ്ട്രപതി ദുര്‍ബലയല്ല... ദ്രൗപതി മുര്‍മു രാജ്യത്തിനും സമൂഹത്തിനും വേണ്ടി ഒരുപാട് പ്രവര്‍ത്തിച്ചിട്ടുണ്ട്,' നദ്ദ പറഞ്ഞു.
രാഷ്ട്രപതിയെ 'പാവം' എന്ന് വിശേഷിപ്പിച്ച സോണിയാ ഗാന്ധി ഉന്നതപദവിയെ തരംതാഴ്ത്തുകയും തന്റെ ഫ്യൂഡല്‍ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുകയും ചെയ്യുകയാണെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ എക്സില്‍ പോസ്റ്റ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്