ദില്ലി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എൻഡിഎയിലേക്ക് മടങ്ങാനുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ്. ബിഹാറിൽ ഇന്ന് ബിജെപി സംസ്ഥാന നിർവാഹക സമിതി യോഗം ചേരും.
പാറ്റ്നയിൽ നടക്കുന്ന യോഗത്തിൽ സഖ്യ വിപുലീകരണ സമിതിയംഗം വിനോദ് താവ്ഡെയും പങ്കെടുക്കും. അതിനിടെ, ബിഹാറിലെ സാഹചര്യം അമിത് ഷാ വിലയിരുത്തി. ഇതിനിടെ നിതീഷ് കുമാർ ഞായറാഴ്ച നിയമസഭ കക്ഷി യോഗം വിളിച്ചത് അഭ്യൂഹങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്.
അതേസമയം തന്നെ നിതീഷ് കുമാര്‍ എന്‍.ഡി.എയില്‍ തിരിച്ചെത്തുന്നതോടെ ബിഹാറില്‍ വരാനിരിക്കുന്ന സഖ്യസര്‍ക്കാരില്‍ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടായേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
മഹാസഖ്യംവിട്ട് എന്‍.ഡി.എക്കൊപ്പം ചേരുന്ന നിതീഷ് കുമാര്‍ ഞായറാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അത് ശരിവെക്കുന്നതാണ് സംസ്ഥാനത്ത് നിലവില്‍ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങള്‍.
വർഷങ്ങളോളം എൻ ഡി എ മുന്നണിയുടെ ഭാഗമായിരുന്ന ജെ ഡി യു, 2014 ൽ നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനാർഥിയായെത്തിയതോടെയാണ് മുന്നണി വിട്ടത്. പിന്നീട് നിതീഷ് കോൺഗ്രസിനും ആർ ജെ ഡിക്കുമൊപ്പം മഹാസഖ്യമുണ്ടാക്കി നിയമസഭ തെരഞ്ഞെടുപ്പിൽ സർക്കാരുണ്ടാക്കി മുഖ്യമന്ത്രിയായി.
പിന്നീട് ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മഹസഖ്യം വിട്ട് എൻ ഡി എയുടെ ഭാഗമായി. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ബി ജെ പിക്കൊപ്പം മത്സരിച്ച് വീണ്ടും മുഖ്യമന്ത്രിയായെങ്കിലും പിന്നീട് തെറ്റിപ്പിരിഞ്ഞ് മഹാസഖ്യത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രി സ്ഥാനത്ത് തുടർന്നു.
ശേഷം ബി ജെ പിയെ നേരിടാൻ പ്രതിപക്ഷ ഐക്യമായ 'ഇന്ത്യ' മുന്നണി രൂപീകരിക്കാൻ വലിയ പങ്ക് വഹിച്ചിരുന്നു. 'ഇന്ത്യ' മുന്നണിയിലെ തർക്കങ്ങൾ തുടരുന്നതിനിടെയാണ് നിതീഷ് വീണ്ടും എൻ ഡി എ പാളയത്തിലേക്ക് മടങ്ങുമെന്ന അഭ്യൂഹം ശക്തമായിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്