പാല്‍ഘര്‍: മഹാരാഷ്ട്രയില്‍ മറാത്തി ഭാഷയുടെ പേരില്‍ വീണ്ടും ഇതര സംസ്ഥാനക്കാര്‍ക്കെതിരെ അക്രമം. പാല്‍ഘര്‍ ജില്ലയിലാണ് ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി), രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന (എംഎന്‍എസ്) പ്രവര്‍ത്തകര്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവറെ ആക്രമിച്ചത്.
ഓട്ടോ റിക്ഷാ ഡ്രൈവര്‍ മറാത്തി ഭാഷയെയും മഹാരാഷ്ട്രയെയും അപമാനിച്ചെന്നും അതിനുള്ള ശിക്ഷയാണ് നല്‍കിയതെന്നും ഉദ്ധവ് ശിവസേന, എംഎന്‍എസ് പ്രവര്‍ത്തകര്‍ പറഞ്ഞു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം ഓട്ടോ ഡ്രൈവറെ മര്‍ദ്ദിക്കുന്നതും മാപ്പ് പറയിക്കുന്നതും പിന്നീട് വൈറലായ വീഡിയോ ദൃശ്യങ്ങളില്‍ കാണാം. പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും കേസെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഉത്തര്‍പ്രദേശില്‍ നിന്നു തന്നെയുള്ള കുടിയേറ്റക്കാരനായ ഭാവേഷ് പഡോലിയ എന്ന വ്യക്തിയും ഓട്ടോറിക്ഷാ ഡ്രൈവറും തമ്മില്‍ വിരാര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വാക്കുതര്‍ക്കമുണ്ടായിരുന്നു. മറാത്തിയില്‍ സംസാരിക്കാത്തത് എന്തുകൊണ്ടെന്ന് പഡോലിയ ചോദിച്ചപ്പോള്‍ റിക്ഷാ ഡ്രൈവര്‍ 'ഞാന്‍ ഹിന്ദി സംസാരിക്കും' എന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നത് ഒരു വീഡിയോയില്‍ കാണാം. ഇതിന് പിന്നാലെയാണ് ഓട്ടോറിക്ഷാ ഡ്രൈവര്‍ ആക്രമിക്കപ്പെട്ടത്.
'മറാത്തി ഭാഷയെയോ, മഹാരാഷ്ട്രയെയോ, മറാത്തി ജനതയെയോ അപമാനിക്കാന്‍ ആരെങ്കിലും ധൈര്യപ്പെട്ടാല്‍, അവര്‍ക്ക് യഥാര്‍ത്ഥ ശിവസേന ശൈലിയില്‍ മറുപടി ലഭിക്കും. ഞങ്ങള്‍ നിശബ്ദരായി ഇരിക്കില്ല,' ശിവസേന (യുബിടി) വിരാര്‍ നഗര മേധാവി ഉദയ് ജാദവ് പറഞ്ഞു. ജൂലൈ 1 ന്, താനെയിലെ എംഎന്‍എസ് പ്രവര്‍ത്തകര്‍ മറാത്തിയില്‍ സംസാരിക്കാന്‍ വിസമ്മതിച്ചതിന് ഇതര സംസ്ഥാനക്കാരനായ ഒരു സ്ട്രീറ്റ് ഫുഡ് വില്‍പ്പനക്കാരനെ തല്ലിച്ചതച്ചിരുന്നു. സംഭവത്തില്‍ ഏഴ് പാര്‍ട്ടി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്