കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പിൽ 3 സീറ്റ് ആവശ്യപ്പെടാൻ കേരള കോൺഗ്രസ് (ജേക്കബ്).
1996ലും 2001ലും നാലു സീറ്റുകളിൽ മത്സരിച്ചിരുന്ന ജേക്കബ് വിഭാഗം പിന്നീട് രണ്ട് സീറ്റിലേക്കൊതുങ്ങി. 2011ൽ പിറവത്തിനു പുറമെ, വിജയസാധ്യതയില്ലാത്ത പാലക്കാട്ടെ തരൂർ മണ്ഡലമാണ് ലഭിച്ചത്. 2016ൽ തരൂർ സീറ്റ് കോൺഗ്രസ് ഏറ്റെടുത്തതോടെ ജേക്കബ് വിഭാഗത്തിന്റെ സീറ്റെണ്ണം ഒന്നായി ചുരുങ്ങി. ഇത്തവണയെങ്കിലും പാർട്ടിക്ക് അർഹമായ പ്രാതിനിധ്യം വേണമെന്നാണ് അനൂപ് ജേക്കബിന്റെ ആവശ്യം.
സിറ്റിങ് സീറ്റായ പിറവത്തിനു പുറമെ കോതമംഗലവും കുട്ടനാടും ആകും ജേക്കബ് വിഭാഗം ആവശ്യപ്പെടുക. ഈ രണ്ട് സീറ്റുകളും ആവശ്യപ്പെട്ടുള്ള കത്ത് 2024 മാർച്ചിൽ പാർട്ടി ലീഡർ അനൂപ് ജേക്കബ് എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്ക് കൈമാറിയിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പി.ജെ. ജോസഫിന്റെ കേരള കോൺഗ്രസാണ് കോതമംഗലത്തും കുട്ടനാട്ടിലും മത്സരിച്ചത്. മറ്റൊരു ഘടകകക്ഷിയുടെ കയ്യിലുള്ള സീറ്റുകളായതിനാൽ ദീപാദാസ് മുൻഷി ഇക്കാര്യത്തിൽ അനൂപിനോട് മറുപടി പറഞ്ഞിരുന്നില്ല.
പാർട്ടി മത്സരിച്ചിരുന്ന മൂവാറ്റുപുഴയും അങ്കമാലിയും നിലവിൽ കോൺഗ്രസിന്റെ സിറ്റിങ് സീറ്റുകളാണ്. സിറ്റിങ് സീറ്റുകൾ കോൺഗ്രസിനോട് ചോദിക്കേണ്ട എന്നാണ് പാർട്ടി നിലപാട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
