തൃശൂര്‍: മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ ഓമന പുത്രി പത്മജ വേണുഗോപാലിനെ പാര്‍ട്ടിയില്‍ കൊണ്ടുവരുന്നത് വഴി തൃശൂരില്‍ സുരേഷ് ഗോപിയുടെ ജയസാധ്യത വര്‍ധിപ്പിക്കാമെന്ന ബി.ജെ.പി മോഹത്തിന് ഓര്‍ക്കാപ്പുറത്തേറ്റ കനത്ത പ്രഹരമാണ് കോണ്‍ഗ്രസിന്റെ പുതിയ നീക്കം. പാര്‍ട്ടിയിലെ ജനകീയ നേതാക്കളില്‍ മുന്‍നിരയിലുള്ള കെ. മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുക വഴി കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതും പല കാര്യങ്ങളാണ്.
ആ സീറ്റ് നിലനിര്‍ത്തുക മാത്രമല്ല ബി.ജെ.പി മോഹങ്ങളെ തല്ലിക്കെടുത്തുന്ന വടകര-നേമം സ്‌റ്റൈല്‍ മാസ് എന്‍ട്രി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് സംസ്ഥാനമാകെ ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി നേതൃത്വം. കാരണം ഇന്ന് ഏത് മണ്ഡലത്തിലും വിജയ പ്രതീക്ഷയോടെ മത്സരിപ്പിക്കാവുന്ന നേതാക്കള്‍ കേരള രാഷ്ട്രീയത്തില്‍ തീര്‍ത്തും വിരളമാണ്. അവിടെയാണ് മുരളിയുടെ പ്രസക്തി.
കോഴിക്കോട് നിന്ന് മൂന്ന് തവണ ലോക്‌സഭയിലേക്ക് ജയിച്ച അദ്ദേഹം രണ്ടു പ്രാവശ്യവും നിയമസഭയിലെത്തിയത് തിരുവനന്തപുരം വട്ടിയൂര്‍കാവില്‍ നിന്നാണ്. ഇടക്ക് തൃശൂര്‍ ലോക്സഭ മണ്ഡലത്തിലും കൊടുവള്ളി, വടക്കാഞ്ചേരി നിയമസഭാ മണ്ഡലങ്ങളിലും തോല്‍വി അറിഞ്ഞിരുന്നു. 2009 ല്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഒരു മുന്നണിയുടെയും ഭാഗമല്ലാതെ എന്‍.സി.പി ടിക്കറ്റില്‍ ഇറങ്ങിയ മുരളിക്ക് ലഭിച്ച ലക്ഷം വോട്ടിന്റെ സിംഹഭാഗവും അദ്ദേഹത്തിനുള്ള വ്യക്തിപരമായ പിന്തുണ തന്നെ ആയിരുന്നു.
ഗ്രൂപ്പ് പോര് കൊടുമ്പിരികൊണ്ട കാലത്തും ഡി.ഐ.സി, എന്‍.സി.പി പാര്‍ട്ടികളില്‍ ആയിരുന്നപ്പോഴും പരാജയം രുചിച്ച മുരളി തിരിച്ചെത്തിയതോടെ കോണ്‍ഗ്രസുകാര്‍ അല്ലാത്തവര്‍ക്കും പ്രിയങ്കരനാവുന്നതാണ് കേരള രാഷ്ട്രീയം കണ്ടത്. 2011 ലും 16 ലും ബി.ജെ.പി ഭീഷണി കൂടി മറികടന്നാണ് അദ്ദേഹം വട്ടിയൂര്‍ക്കാവില്‍ നിന്ന് നിയമസഭയില്‍ എത്തിയത്. മുരളി മാറിയതില്‍ പിന്നെ വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് ജയിച്ചിട്ടില്ലെന്നത് മറ്റൊരു ചരിത്രം.
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലം. വടകര സീറ്റ് കീറാമുട്ടിയായി തുടരവെയാണ് മുരളി തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് വണ്ടി കയറുന്നത്. രാഹുല്‍ ഗാന്ധി തരംഗവും ആഞ്ഞടിച്ച തിരഞ്ഞെടുപ്പില്‍ വടകരയിലെ ഭൂരിപക്ഷം ലക്ഷം കടന്നു.
2021 ല്‍ നേമത്തേക്ക് ബി.ജെ.പിയുടെ സിറ്റിങ് സീറ്റില്‍ ജയം ഉറപ്പിച്ചു കുമ്മനം രാജശേഖരന്‍ ഇറങ്ങുന്നു. സി.പി.എം വി. ശിവന്‍കുട്ടിയെ ഇറക്കി. 2016 ല്‍ യു.ഡി.എഫ് വോട്ടിലുണ്ടായ വന്‍ ചോര്‍ച്ചയും ഒ. രാജഗോപാലിന്റെ ജയത്തിന് കാരണമായിരുന്നു. മുരളിയുടെ വരവില്‍ യു.ഡി.എഫ് വോട്ടുകള്‍ പെട്ടിയില്‍ തിരിച്ചെത്തി. ശിവന്‍കുട്ടി വീണ്ടും നിയമസഭയിലുമെത്തി.
ഈ അടുത്തകാലത്താണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇംപാക്ട് പ്ലെയര്‍ നിയമം വന്നത്. പ്ലേയിങ് ഇലവനിലെ കളിക്കാരനെ മാറ്റി സാഹചര്യം ആവശ്യപ്പെടുന്ന ബൗളറെയോ ബാറ്ററെയോ ഇറക്കാം. ലക്ഷ്യം വിജയമാണല്ലോ? കേരള രാഷ്ട്രീയത്തിലെ ഇംപാക്ട് പ്ലെയര്‍ ആണ് ഇപ്പോള്‍ കെ. മുരളീധരന്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്